Dog Attack : 'പിറ്റ്ബുൾ' ആക്രമിച്ചു; പതിനൊന്നുകാരന്‍റെ മുഖത്ത് 200 സ്റ്റിച്ച്

By Web Team  |  First Published Sep 9, 2022, 11:01 AM IST

വളർത്താൻ ഏറ്റെടുത്ത ശേഷം ഉടമസ്ഥന്മാർ ഏറ്റവുമധികം ഉപേക്ഷിക്കുന്നൊരു ഇനം കൂടിയാണ് പിറ്റ്ബുൾ. വലിയ രീതിയിൽ അക്രമാസക്തരാകുന്നു എന്നത് തന്നെയാണ് ഇതിന് പിന്നിലെ കാരണം. ഇത്തരത്തിൽ അക്രമവാസനയുള്ള വളർത്തുനായ്ക്കളെ തെരുവിലേക്ക് ഇറക്കിവിടുന്നത് ശിക്ഷാർഹമായ കുറ്റമാണ്.


തെരുവുനായ്ക്കളുടെ വർധിച്ചുവരുന്ന ആക്രമണത്തെ കുറിച്ചാണ് എങ്ങും വാർത്തകൾ. ഇതിനിടെ വീട്ടിൽ വളർത്തുന്ന നായ്ക്കളിലും  അക്രമവാസന കൂടവരികയാണെന്ന തരത്തിലുള്ള ചർച്ചകളും ഉയരുന്നുണ്ട്. ഇത്തരത്തിൽ വീട്ടിൽ വളർത്തുന്ന നായ്ക്കളിൽ അക്രമവാസന കൂടുമ്പോൾ അവയെ തെരുവിലേക്ക് ഇറക്കിവിടുന്ന പ്രവണതയും കാണാറുണ്ട്. ഇതിനെതിരെയും വ്യാപകമായ വിമർശനങ്ങളാണുള്ളത്. 

ഈ ഘട്ടത്തിൽ ഏറെ ശ്രദ്ധേയമായൊരു വാർത്തയാണ് ദില്ലിയിൽ നിന്ന് റിപ്പോർട്ട് ചെയ്പ്പെട്ടിരിക്കുന്നത്. വളർത്തുനായ്ക്കളുടെ ഇനത്തിൽ പെട്ട 'പിറ്റ്ബുൾ' ആക്രമണത്തിൽ പതിനൊന്നുകാരന് സാരമായ പരിക്ക് എന്നതാണ് വാർത്ത. 

Latest Videos

undefined

'പിറ്റ്ബുൾ' ഇനത്തിൽ പെട്ട നായ്ക്കൾ നേരത്തെയും മനുഷ്യരെ ആക്രമിച്ചിട്ടുള്ള നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഉടമസ്ഥരെ പോലും കടിച്ചുകീറി കൊല്ലുന്ന ഇനം എന്ന് വേണമെങ്കിൽ ഇവയെ പറയാം. അത്രമാത്രം അക്രമകാരികളാണ് ഇവ. ഈ ഇനത്തിൽ പെട്ട നായ്ക്കളെല്ലാം ഇങ്ങനെയാണെന്നല്ല. മറിച്ച് അക്രമാസക്തരായാൽ മനുഷ്യന് ജീവൻ വരെ നഷ്ടപ്പെടാൻ തക്ക ശക്തിയുള്ള ഇനമാണെന്ന് ചുരുക്കം. 

ദില്ലിയിൽ സംഭവിച്ചതും മറിച്ചല്ല. എന്നാൽ പതിനൊന്നുകാരന്‍റെ ജീവൻ സുരക്ഷിതമായി തിരികെ കിട്ടിയെന്നത് ആശ്വാസം. ഗസിയാബാദിൽ ഒരു പാർക്കിൽ കളിക്കുകയായിരുന്നു ബാലൻ. ഇതിനിടെ പാർക്കിൽ ഉടമയ്ക്കൊപ്പമെത്തിയ പിറ്റ്ബുൾ ബാലന് നേരെ പാഞ്ഞെത്തുകയായിരുന്നു. പ്രതിരോധിക്കാൻ സാധിക്കാത്ത വിധം നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഉടസ്ഥൻ ഓടിയെത്തിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ജീവൻ തന്നെ നഷ്ടമായേനെ. 

മുഖത്താണ് കാര്യമായ പരുക്കേറ്റിട്ടുള്ളത്. 200 സ്റ്റിച്ചാണ് മുഖത്ത് മാത്രം ഇട്ടിട്ടുള്ളത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വലിയ പ്രതിഷേധം തന്നെയാണ് ഇതിനെതിരെ ഉയരുന്നത്. അക്രമത്തിന് ഇരയായ ബാലന്‍റെ ബന്ധുക്കളും നാട്ടുകാരും ഇത്തരത്തിൽ അക്രമാസക്തരായ വളർത്തുനായ്ക്കളെ വളർത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. 

പൊലീസ് അന്വേഷണത്തിൽ രജിസ്റ്റർ ചെയ്യാതെയും ലൈസൻസ് എടുക്കാതെയുമാണ് ഉടമസ്ഥൻ പിറ്റ്ബുളിനെ വളർത്തിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ ഇദ്ദേഹത്തിന് പിഴ ചുമത്തിയിട്ടുണ്ട്. 

രണ്ട് മാസങ്ങൾക്ക് മുമ്പ് യുപിയിലെ ലക്നൌവിൽ ഉടമസ്ഥന്‍റെ അമ്മയെ കടിച്ചുകീറി കൊന്ന പിറ്റ്ബുൾ വലിയ രീതിയിൽ വാർത്താശ്രദ്ധ നേടിയിരുന്നു. മകൻ വീട്ടിലില്ലാതിരുന്ന സമയത്ത് നായ അക്രമാസക്തനായി വൃദ്ധയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. വീട്ടിനകത്ത് വച്ചായിരുന്നു ആക്രമണം. വീട് അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ ശബ്ദം കേട്ട് എത്തിയ അയൽക്കാർക്കും അകത്ത് കടന്ന് ഇവരെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഒടുവിൽ മകൻ എത്തി വീടിന്‍റെ പൂട്ട് തുറന്ന് അകത്തെത്തിയപ്പോഴേക്ക് ഇവരുടെ മരണം സംഭവിച്ചിരുന്നു. 

വളർത്താൻ ഏറ്റെടുത്ത ശേഷം ഉടമസ്ഥന്മാർ ഏറ്റവുമധികം ഉപേക്ഷിക്കുന്നൊരു ഇനം കൂടിയാണ് പിറ്റ്ബുൾ. വലിയ രീതിയിൽ അക്രമാസക്തരാകുന്നു എന്നത് തന്നെയാണ് ഇതിന് പിന്നിലെ കാരണം. ഇത്തരത്തിൽ അക്രമവാസനയുള്ള വളർത്തുനായ്ക്കളെ തെരുവിലേക്ക് ഇറക്കിവിടുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത് ആരുടെയെങ്കിലും ജീവൻ അപഹരിച്ചാൽ അത് എന്നേക്കും തിരിച്ചെടുക്കാനാകാത്ത നഷ്ടവുമാണെന്ന് ഓർക്കുക. 

Also Read:- വീണ്ടും ലിഫ്റ്റിനകത്ത് വച്ച് വളര്‍ത്തുനായയുടെ ആക്രമണം; വീഡിയോ

tags
click me!