ഇത്തരം കേസുകളിലെല്ലാം കുട്ടികള്‍ വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്. ശ്വാസകോശത്തിനാണ് പ്രധാനമായും ഇങ്ങനെയുള്ള അപകടങ്ങളില്‍ പ്രശ്‌നം സംഭവിക്കുന്നത്. അങ്ങനെ വരുമ്പോള്‍ അധികം വൈകാതെ തന്നെ മരണം സംഭവിക്കുകയാണ്
കുട്ടികളുടെ ആരോഗ്യവിഷയത്തില്‍ ( Children Health ) മാതാപിതാക്കളും വീട്ടിലെ മുതിര്‍ന്നവരും ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരാം. ഇതില്‍ ഓരോ പ്രായക്കാരുടെ വിഭാഗത്തിനും പ്രത്യേകം തന്നെ കരുതല്‍ ( Children Care ) വേണ്ടിവരാം. അഞ്ച് വയസ് വരെയുള്ള കുഞ്ഞുങ്ങളെ നോക്കുന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണല്ലോ അതിന് ശേഷമുള്ള പ്രായക്കാരെ നോക്കുന്നത്.
കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികളെയാകുമ്പോള്‍ അവര്‍ ഇടപെടുന്ന മേഖലകള്‍ക്ക് അനുസരിച്ച് വേണം അവരെ ശ്രദ്ധിക്കാന്‍. അത്തരത്തില്‍ കുട്ടികളെ ചൊല്ലി കരുതലെടുക്കേണ്ടത് പലവിധത്തിലുമാണ്.
undefined
ഈ അടുത്ത ദിവസങ്ങളിലായി ആവര്‍ത്തിച്ചുവരുന്ന സമാനതകളുള്ള പല സംഭവങ്ങളും കുട്ടികളെ മുതിര്‍ന്നവര്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നതാണ്. ഇന്നിതാ കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ച വാര്‍ത്തയാണ് വന്നിരിക്കുന്നത്. കളിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങിയത്.
മുക്കം മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയെന്ന് കണ്ട ഉടന്‍ തന്നെ കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരിങ്ങാലക്കുടയില്‍ സമാനമായ രീതിയില്‍ കളിക്കുന്നതിനിടെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. കളിക്കുന്നതിനിടെ അറിയാതെ പന്ത് വിഴുങ്ങിപ്പോവുകയായിരുന്നു കുഞ്ഞ്. പിന്നീട് കുഞ്ഞിന് എന്തോ അസ്വസ്ഥതയുണ്ടെന്ന് മനസിലാക്കിയ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.
അതുപോലെ തന്നെ ദിവസങ്ങള്‍ക്ക് മുമ്പാണ് മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി നാലുവയസുകാരി മരിച്ച വാര്‍ത്ത വന്നത്. കോഴിക്കോട് ഉള്ളിയേരിയാണ് ദാരുണമായ സംഭവം നടന്നത്.
ഈ സംഭവങ്ങളെല്ലാം ഒരു മാസത്തിനുള്ളിലാണ് നടന്നിരിക്കുന്നത്. ഇത്തരം കേസുകളിലെല്ലാം കുട്ടികള്‍ വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്. ശ്വാസകോശത്തിനാണ് പ്രധാനമായും ഇങ്ങനെയുള്ള അപകടങ്ങളില്‍ പ്രശ്‌നം സംഭവിക്കുന്നത്. അങ്ങനെ വരുമ്പോള്‍ അധികം വൈകാതെ തന്നെ മരണം സംഭവിക്കുകയാണ്.
ഒരുപാട് കാര്യങ്ങള്‍ ഇത്തരം സംഭവങ്ങളില്‍ നിന്ന് മനസിലാക്കാനുണ്ട്. പ്രധാനമായും കുട്ടികളെ സ്വതന്ത്രരായി കളിക്കാന്‍ വിട്ട ശേഷം അവരെ ശ്രദ്ധിക്കാതിരിക്കരുത്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, അതും സുരക്ഷിതമായവ മാത്രം അവര്‍ക്ക് നല്‍കുക. മറ്റ് സാധനങ്ങള്‍ കുട്ടികള്‍ കൈവശപ്പെടുത്തുമ്പോള്‍ തന്നെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ അത് പെട്ടിരിക്കണം.
കാരണം, ഇത്തരത്തിലുള്ള ഒട്ടുമിക്ക അപകടങ്ങളും അശ്രദ്ധ മൂലമാണ് സംഭവിക്കുന്നത്. കുട്ടികളുടെ കയ്യെത്തും വിധത്തില്‍ ചെറിയ സാധനങ്ങള്‍, അപകടകരമായ ഉപകരണങ്ങള്‍ ഒന്നും വയ്ക്കാതിരിക്കുക.
മുതിര്‍ന്ന കുട്ടികളാണെങ്കില്‍ കൂടിയും മാതാപിതാക്കളുടെ ശ്രദ്ധ ആവശ്യമാണ്. രണ്ടാഴ്ച മുമ്പ് എറണാകുളത്ത് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ കനാലില്‍ ഇറങ്ങിയ പത്തുവയസുകാരന്‍ മരിച്ച സംഭവം എടുക്കാം. അല്ലെങ്കില്‍ ഒരാഴ്ച മുമ്പ് മലപ്പുറത്ത് പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പുകമ്പനിയിലെ യന്ത്രത്തിനുള്ളില്‍ പെട്ട് പതിനെട്ടുകാരന്‍ മരിച്ച സംഭവം എടുക്കാം.
ഇവയെല്ലാം തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അശ്രദ്ധ മൂലമാണ് സംഭവിക്കുന്നത്. ഒന്നുകില്‍ കുട്ടികളുടെ തന്നെ അശ്രദ്ധ. അല്ലെങ്കില്‍ മാതാപിതാക്കളുടേത്. ഏതായാലും അത് ഒഴിവാക്കാവുന്നതാണെന്ന് പറയാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുമ്പോള്‍ തീര്‍ച്ചയായും അവ നല്‍കുന്ന സന്ദേശങ്ങള്‍ നാം സ്വീകരിക്കേണ്ടതുണ്ട്. കുട്ടികളുടെ കാര്യങ്ങളില്‍ എപ്പോഴും കരുതലെടുക്കാം. അവരെ ആരോഗ്യകരമായി സ്വാധീനിക്കുന്ന രീതിയില്‍ തന്നെ ഏതൊരു അപകടത്തെയും കുറിച്ച് അവര്‍ക്ക് സൂചന നല്‍കാം.