വ്യാഴാഴ്ച രാത്രിയാണ് അവശനിലയിലായിരുന്ന കാന്തപ്രസാദിനെ മകനും ഭാര്യയും ചേര്‍ന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വൈകാതെ തന്നെ ആത്മഹത്യാശ്രമമാണെന്ന് വ്യക്തമായി. എന്തുകൊണ്ടാണ് അദ്ദേഹം ഇതിന് തുനിഞ്ഞതെന്ന് അറിവില്ലെന്നാണ് ഭാര്യയും മകനും അറിയിക്കുന്നത്
കൊവിഡ് കാലം വഴിയോരക്കച്ചവടക്കാരെ വലിയ രീതിയിലാണ് ബാധിച്ചത്. ആഴ്ചകളോളവും മാസങ്ങളോളവും കച്ചവടമില്ലാതായതോടെ മറ്റ് പല ജോലികള്‍ക്കും പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് മിക്കവാറും പേരും. എന്നാല്‍ നിലവിലുള്ള ചെറുകിട കച്ചവടം വിട്ട് മറ്റൊന്നും ചെയ്യാനില്ലാതെയും പ്രായാധിക്യം മൂലം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടും അവഗണനയില്‍ തുടരുന്നവരും ഏറെയാണ്.
അത്തരമൊരു വ്യക്തിയായിരുന്നു ദില്ലിയില്‍ റോഡരികില്‍ 'ദാബ' നടത്തിയിരുന്ന എണ്‍പത്തിയൊന്നുകാരനായ കാന്ത പ്രസാദ്. 'ബാബാ കാ ദാബ' എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ ചെറിയ തട്ടുകട പ്രവര്‍ത്തിച്ചിരുന്നത്. ദുരിതങ്ങളില്‍ പങ്കാളിയായി ഭാര്യയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. പിന്നീട് ഒറ്റ രാത്രി കൊണ്ട് പ്രശസ്തരായ ഇവര്‍ ഇന്ന് വീണ്ടും വിവാദങ്ങളുടെയും സംശയങ്ങളുടെയും വലയ്ക്കുള്ളിലായിരിക്കുകയാണ്.
undefined
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി കാന്ത പ്രസാദ് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായതോടെയാണ് ഈ വിഷയം പിന്നെയും ചര്‍ച്ചയിലാകുന്നത്. എന്തുകൊണ്ടാണ് കാന്ത പ്രസാദ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് ഏവര്‍ക്കും അറിയേണ്ടത്.
2020, കൊവിഡ് കാലത്ത് തന്റെ തട്ടുകട എന്നെന്നേക്കുമായി പൂട്ടേണ്ട അവസ്ഥ വന്നതോടെ തകര്‍ന്നുപോയിരുന്നു കാന്ത പ്രസാദും ഭാര്യയും. ഇതിനിടെയാണ് അപ്രതീക്ഷിതമായി യൂട്യൂബറായ ഗൗരവ് വസന്‍ കാന്ത പ്രസാദിനെ സമീപിക്കുന്നത്. പിന്നീട് ഗൗരവിന്റെ ചാനലിലൂടെ കാന്ത പ്രസാദ് തന്റെ കച്ചവടത്തെ കുറിച്ചും താന്‍ നേരിടുന്ന ദുരിതങ്ങളെ കുറിച്ചുമെല്ലാം കരഞ്ഞുപറഞ്ഞു. ഇതോടെ വലിയ തോതിലുള്ള സഹായങ്ങള്‍ കാന്ത പ്രസാദിനെ തേടിയെത്തുകയായിരുന്നു. ധാരാളം പേര്‍ കാന്തപ്രസാദിന്റെ തട്ടുകടയെ കുറിച്ച് കേട്ടറിഞ്ഞ് അവിടെയും എത്തി.
തുടര്‍ന്ന് തനിക്ക് ലഭിച്ച സഹായങ്ങള്‍ ഉപയോഗപ്പെടുത്തി കാന്ത പ്രസാദ് പുതിയൊരു റെസ്‌റ്റോറന്റും തുറന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യത്തോടെ തന്നെ അത് പൂട്ടി. ഇതിന് ശേഷം വീണ്ടും കാന്ത പ്രസാദ് ഭാര്യയുമൊത്ത് തന്റെ ചെറിയ തട്ടുകടയിലേക്ക് തന്നെ മാറി.
പുതുതായി തുടങ്ങിയ റെസ്റ്റോറന്റ് നടത്തിക്കൊണ്ടുപോകാന്‍ മാസം ഒരു ലക്ഷത്തോളം രൂപയുടെ ചെലവുണ്ടെന്നും അതിന് തങ്ങളെക്കൊണ്ട് സാധിക്കാത്തതിനാലാണ് റെസ്റ്റോറന്റ് പൂട്ടിയതെന്നും അന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇതിനിടെ ഗൗരവ് കാന്തപ്രസാദിന് ലഭിച്ച സാമ്പത്തിക സഹായങ്ങള്‍ അപഹരിച്ചെടുത്തുവെന്ന തരത്തിലുള്ള വാര്‍ത്തകളും പരന്നു. ഇതോടെ സൗരവും വെട്ടിലായി. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാന്ത പ്രസാദും ഗൗരവും ഒരുമിച്ചുള്ള ചില ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഗൗരവുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയ കാന്ത പ്രസാദ് ഗൗരവിനോട് മാപ്പ് ചോദിക്കുന്നതായാണ് വീഡിയോയിലുണ്ടായിരുന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും ഇതെത്തുടർന്നുണ്ടായ ചർച്ചകൾക്കുമെല്ലാം വിരാമമായെന്നായിരുന്നു ഏവരും കരുതിയത്. എന്നാൽ വ്യാഴാഴ്ചയോടെ കാര്യങ്ങൾ പിന്നെയും മാറിമറിഞ്ഞു.
വ്യാഴാഴ്ച രാത്രി അവശനിലയിലായിരുന്ന കാന്തപ്രസാദിനെ മകനും ഭാര്യയും ചേര്‍ന്നാണ് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകാതെ തന്നെ ആത്മഹത്യാശ്രമമാണെന്ന് വ്യക്തമായി. മദ്യത്തോടൊപ്പം ഉറക്കഗുളികള്‍ കഴിച്ചുവെന്നാണ് ആശുപത്രി അധികൃതരും പൊലീസും അറിയിക്കുന്നത്.
എന്തുകൊണ്ടാണ് അദ്ദേഹം ഇതിന് തുനിഞ്ഞതെന്ന് അറിവില്ലെന്നാണ് ഭാര്യയും മകനും അറിയിക്കുന്നത്. ഗൗരവുമായുള്ള വിവാദങ്ങളാണോ ഈ തീരുമാനത്തിന് പിന്നിലെന്നും യഥാര്‍ത്ഥത്തില്‍ ഗൗരവ് വൃദ്ധനായ കാന്ത പ്രസാദിനെ വഞ്ചിച്ചത് തന്നെയാണോ എന്നുമാണ് മിക്കവര്‍ക്കും അറിയേണ്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും യൂട്യൂബിലുമെല്ലാം സംഭവം ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഏതായാലും ചികിത്സയിലുള്ള കാന്ത പ്രസാദിന് തന്നെ ഇക്കാര്യത്തില്‍ പിന്നീട് വ്യക്തത വരുത്താന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
Also Read:- വൈറലായ വീഡിയോയിലെ തൊണ്ണൂറുകാരനായ 'ചാട്ട് വാല' അന്തരിച്ചു