സുഹൃത്തുക്കളെ ഫോണിൽ വിളിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതിരിക്കുകയും എന്നാൽ അധികം സൗഹൃദമില്ലാത്ത ആളുകളും അല്ലെങ്കിൽ പുതുതായി ഒരാളോട് ഫോണിൽ സംസാരിക്കേണ്ടതായി വരുമ്പോൾ ഒക്കെ വലിയ ടെൻഷൻ അനുഭവപ്പെടുന്നതായി ആളുകൾ പറയാറുണ്ട്.
ഇന്ന് നിരവധി ആളുകളിൽ ഫോൺ അഡിക്ഷൻ എന്ന പ്രശ്നം ഉള്ളതായി നമുക്ക് കാണാൻ കഴിയും. എന്നാൽ ഇതിൽ നിന്നും വളരെ വ്യത്യസ്തമായി ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ വല്ലാതെ ടെൻഷൻ അനുഭവപ്പെടുന്ന വ്യക്തികൾ ഉണ്ട്.
ഫോണിൽ സംസാരിക്കേണ്ടി വരുമ്പോൾ ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ടോ?
undefined
● ഫോൺകോൾ ശബ്ദം കേൾക്കുന്ന ഉടൻ തന്നെ നെഞ്ചിടിപ്പ് ഉയരുക
● വിറയൽ അനുഭവപ്പെടുക
● ശ്വാസ തടസ്സം പോലെ അനുഭവപ്പെടുകയും
● ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെ വരിക
● ആ കോൾ അറ്റൻഡ് ചെയ്യാതെ പരമാവധി ഒഴിഞ്ഞു മാറുക
● എന്തെങ്കിലും അബദ്ധം പറഞ്ഞു പോകുമോ എന്ന് അമിതമായി ചിന്തിച്ചു പോവുക
● പറഞ്ഞ കാര്യങ്ങൾ കേട്ട വ്യക്തിക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിക്കാണുമോ എന്ന് ഉൽക്കണ്ഠപ്പെടുക
● നിവർത്തിയില്ലാതെ കോൾ അറ്റൻഡ് ചെയ്യേണ്ടിവന്നു എങ്കിൽ സംസാരിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ച് ചിന്തിച്ച് ഏതെങ്കിലും ഭാഗങ്ങൾ തെറ്റിപ്പോയിട്ടുണ്ടായിരിക്കുമോ എന്ന ആധി തോന്നുക
ഫോണിൽ സംസാരിക്കാനുള്ള ഭയത്തിന് കാരണങ്ങൾ പലത്...
1. ടെൻഷൻ തോന്നിപ്പിക്കുന്ന എന്തെങ്കിലും വാർത്തകൾ ആയിരിക്കുമോ എന്ന പേടി
ചിലയാളുകളിൽ പ്രത്യേകിച്ച് ഇതുപോലെ കൊവിഡ് സാഹചര്യത്തിൽ ഫോൺ കോൾ ബന്ധുമിത്രാദികളുടെയോ സുഹൃത്തുക്കളുടെയോ രോഗവിവരമോ മരണവാർത്തയോ അറിയിച്ചുള്ളതായിരിക്കുമോ എന്ന വല്ലാത്ത ഭയമായിരിക്കും അപ്പോൾ തോന്നുക. അതിനാൽ തന്നെ കഴിവതും ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കാൻ അവർ ശ്രമിക്കും.
2. പറയുന്നത് അബദ്ധമാകുമോ എന്ന പേടി
സുഹൃത്തുക്കളെ ഫോണിൽ വിളിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതിരിക്കുകയും എന്നാൽ അധികം സൗഹൃദമില്ലാത്ത ആളുകളും അല്ലെങ്കിൽ പുതുതായി ഒരാളോട് ഫോണിൽ സംസാരിക്കേണ്ടതായി വരുമ്പോൾ ഒക്കെ വലിയ ടെൻഷൻ അനുഭവപ്പെടുന്നതായി ആളുകൾ പറയാറുണ്ട്. കേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി എടുക്കാൻ കഴിയുമോ, കൃത്യമായി ഉത്തരം നൽകാൻ കഴിയുമോ, പറയുന്നതിൽ തെറ്റുകൾ എന്തെങ്കിലും വന്നു പോയാൽ എന്തു ചെയ്യും എന്നെല്ലാമുള്ള അമിതമായ ഉത്കണ്ഠ ആ സമയം അനുഭവപ്പെടും.
3. കസ്റ്റമർ കോളുകൾ
ഇന്ന് എല്ലാ ജോലി മേഖലയിലും കസ്റ്റമർ കോളുകൾ അറ്റൻഡ് ചെയ്യേണ്ടതായുണ്ട് . എന്നാൽ സാമൂഹിക ഭയവും ഉത്കണ്ഠയുമുള്ള ഒരു വ്യക്തിക്ക് ഫോണിൽ സംസാരിക്കേണ്ടതായി വന്നാലോ? ഇങ്ങനെ ഫോണിൽ സംസാരിക്കണമെന്ന ഉത്തരവാദിത്വം ഓഫീസിൽ കിട്ടിയതുകൊണ്ട് മാത്രം ഓഫീസിലേക്ക് പോകാൻ ഭയക്കുകയും ജോലി ഉപേക്ഷിച്ചാലോ എന്നുവരെയും ചിന്തിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്. ധൈര്യമായി സംസാരിക്കാനും, ഫോണിൽ ദേഷ്യത്തോടെ സംസാരിക്കുന്ന ആളെ നേരിടാനും വല്ലാതെ ഭയം അനുഭവപ്പെടാറുണ്ട് എന്ന് മന:ശാത്ര വിദഗ്ധരുടെ സഹായം തേടുന്ന പല ആളുകളും പറയാറുണ്ട്. ഇവരെല്ലാം തന്നെ പൊതുവെ പലകാര്യങ്ങളിലും ഉൽക്കണ്ഠ ഉള്ള ആളുകളാണ് എന്നും കാണാൻ കഴിയും.
മന:ശാസ്ത്ര ചികിത്സ
ഉത്കണ്ഠ മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സിസ്റ്റമാറ്റിക് ഡീസെൻസിടൈസേഷൻ, എക്സ്പോഷർ തെറാപ്പി മുതലായ ചികിത്സകൾ ആണ് ആവശ്യം. ഇവയെല്ലാംതന്നെ മരുന്നുകളുടെ ഉപയോഗം ഇല്ലാതെ ചിന്തകളിൽ മാറ്റം വരുത്തുകയും ഉൽക്കണ്ഠ ഇല്ലാതാക്കുകയും ചെയ്യാൻ വ്യക്തിയെ പ്രാപ്തമാക്കുന്ന ചികിത്സാരീതികളാണ്. ഇത് പുതിയ പെരുമാറ്റവും ശീലവും ഒക്കെ വളർത്തിയെടുക്കുന്നത് പോലെ തന്നെ ഒരു പ്രക്രിയയാണ്. അതിനാൽ കുറഞ്ഞത് ഏഴ് ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും ചികിത്സ.
എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, തിരുവല്ല
call: 8281933323