കൊവിഡ് കാലത്ത് ആംബുലന്‍സ് ഡ്രൈവറായി നടന്‍; അനുമോദനങ്ങളുമായി സാധാരണക്കാര്‍

By Web Team  |  First Published Apr 30, 2021, 7:39 PM IST

പല താരങ്ങളും ആദ്യം സൂചിപ്പിച്ചത് പോലെ വ്യക്തിപരമായ ചുറ്റുപാടുകളിലേക്ക് ഒതുങ്ങുകയും ഔചിത്യമില്ലാതെ തങ്ങളുടെ ആഢംബരജീവിതത്തെ കുറിച്ച് പൊതുമധ്യത്തില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയുമെല്ലാം ചെയ്യുമ്പോള്‍ അര്‍ജുനെ പോലെ അപൂര്‍വ്വം ചില താരങ്ങള്‍ മാനവികതയുടെ അര്‍ത്ഥതലങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ്. നേരത്തേ ബോളിവുഡ് താരം നവാസുദ്ധീന്‍ സിദ്ധീഖി സെലിബ്രിറ്റികളോട് ഈ പ്രതിസന്ധികാലത്തെ മനസിലാക്കി പക്വതയോടെ പെരുമാറണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു


കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ വലിയ തോതില്‍ പിടിച്ചുലയ്ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം, മരണനിരക്ക് എന്നിവയെല്ലാം ആരോഗ്യമേഖലയെ കനത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിക്കുന്നത്. രാജ്യത്ത് പലയിടങ്ങളിലും ഓക്‌സിജന്‍ ലഭ്യമാകാതെ രോഗികള്‍ മരിച്ചുവീഴുന്ന കാഴ്ച പോലും നമുക്ക് മുന്നിലെത്തി.

ഇതിനിടെ അവധിക്കാല ചിത്രങ്ങളും ആഘോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന സിനിമാതാരങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മിക്ക താരങ്ങളും ഈ കൊവിഡ് പ്രതിസന്ധിഘട്ടത്തെ അവധിക്കാലമായാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിന്റെ വിശേഷങ്ങള്‍ മറ്റുള്ളവരുമായി പരസ്യമായി പങ്കുവയ്ക്കുന്നത് പക്വതയില്ലായ്മയാണ് എന്ന തരത്തിലാണ് വിമര്‍ശനങ്ങളുയരുന്നത്. സിനിമാമേഖലയില്‍ നിന്നുള്ളവര്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുകയുമുണ്ടായി. 

Latest Videos

undefined

ഇതിനിടെ വ്യത്യസ്തമായ രീതിയില്‍ ചര്‍ച്ചകളില്‍ ഇടം നേടുകയാണ് കന്നഡ സിനിമാതാരമായ അര്‍ജുന്‍ ഗൗഡ. കൊവിഡ് കാലത്ത് ആംബുലന്‍സ് ഡ്രൈവറായി സേവനമനുഷ്ടിക്കുകയാണ് അദ്ദേഹം. സ്വന്തം ഇഷ്ടപ്രകാരമാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ താന്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് നടന്‍ അറിയിക്കുന്നത്. തന്നാല്‍ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്ന് തോന്നി, ഇങ്ങനെയൊരു മാര്‍ഗം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു. 

നിലവില്‍ ബെംഗലൂരു കേന്ദ്രീകരിച്ചാണ് അര്‍ജുന്‍ പ്രവര്‍ത്തിക്കുന്നത്. ഏതാനും ദിവസങ്ങളായി നഗരത്തിന്റെ പലയിടങ്ങളിലും താരം ആംബുലന്‍സ് സര്‍വീസ് നടത്തി. ഇതിനിടെ തന്നെ അര ഡസനിലധികം പേര്‍ക്ക് സഹായമെത്തിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നാണ് താരം അറിയിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടാണ് അധികവും അര്‍ജുന്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 

'ഞാന്‍ എന്റെ സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ട്. ആവശ്യമായ പരിശീലനവും നേടിയിട്ടുണ്ട്. സഹായം വേണ്ടവര്‍ ആരാണോ, അവര്‍ എവിടഡെ നിന്ന് വരുന്നു ഏത് മതത്തില്‍ പെടുന്നു, ഏത് ജാതിയില്‍ പെടുന്നു എന്നൊന്നും ഞാന്‍ നോക്കുന്നില്ല. എന്നാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ ധാരാളം പേര്‍ അനുമോദനങ്ങളറിയിക്കുന്നുണ്ട്. ഒരുപാട് സന്തോഷമുണ്ട് അതില്‍. പക്ഷേ ഇതെന്റെ കടമയായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്...'- അര്‍ജുന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 

 

 

പല താരങ്ങളും ആദ്യം സൂചിപ്പിച്ചത് പോലെ വ്യക്തിപരമായ ചുറ്റുപാടുകളിലേക്ക് ഒതുങ്ങുകയും ഔചിത്യമില്ലാതെ തങ്ങളുടെ ആഢംബരജീവിതത്തെ കുറിച്ച് പൊതുമധ്യത്തില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയുമെല്ലാം ചെയ്യുമ്പോള്‍ അര്‍ജുനെ പോലെ അപൂര്‍വ്വം ചില താരങ്ങള്‍ മാനവികതയുടെ അര്‍ത്ഥതലങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ്. നേരത്തേ ബോളിവുഡ് താരം നവാസുദ്ധീന്‍ സിദ്ധീഖി സെലിബ്രിറ്റികളോട് ഈ പ്രതിസന്ധികാലത്തെ മനസിലാക്കി പക്വതയോടെ പെരുമാറണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. 

Also Read:-‘ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതാണ് 100 കോടി ചിത്രത്തേക്കാള്‍ സംതൃപ്തി നൽകുന്നത്'; സോനു സൂദ്...

പ്രിയങ്ക ചോപ്ര, തപ്‌സി പന്നു, എസ് എസ് രാജമൗലി തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ രാജ്യത്തിനാവശ്യമായ സഹായം തേടി ക്യാംപയിന്‍ നടത്തിയിരുന്നു. സോനു സൂദ്, ജോണ്‍ ഏബ്രഹാം തുടങ്ങിയ താരങ്ങളും അതിജീവനത്തിനുള്ള സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു. മലയാളസിനിമാമേഖലയിലാണെങ്കില്‍ താരങ്ങളടക്കം നിരവധി പേര്‍ കൊവിഡുമായി ബന്ധപ്പെട്ട് ഗൗരവമായ ബോധവത്കരണം സമൂഹമാധ്യമങ്ങളിലൂടെ നല്‍കാന്‍ ശ്രമിച്ചിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!