Hair Care: തലമുടി അമിതമായി കൊഴിയുന്നുണ്ടോ? ചെയ്യേണ്ട ഒമ്പത് കാര്യങ്ങള്‍...

By Web Team  |  First Published Jan 28, 2022, 11:35 AM IST

തലമുടി കൊഴിച്ചിലും താരനും ആണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്.


തലമുടി കൊഴിച്ചിലും (hair fall) താരനും (dandruff) ആണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ...

Latest Videos

undefined

ഒന്ന്...

ഭക്ഷണത്തിന് തലമുടിയുടെ വളര്‍ച്ചയുമായി ഏറെ ബന്ധമുണ്ട്. വിറ്റാമിനുകളായ എ, ബി, സി, ഡി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും. അതിനാല്‍ ഇലക്കറികൾ, ബീൻസ്, മത്സ്യം, ചിക്കൻ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ തന്നെ, പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. 

രണ്ട്...

ശിരോചർമ്മം മസാജ് ചെയ്യുന്നതും തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.  വിരലഗ്രം വച്ചു ശിരോചർമ്മം നന്നായി മസാജ് ചെയ്യാം. ചൂടാക്കിയ എണ്ണയുപയോഗിച്ചു മസാജ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.  ഇതു രക്തചംക്രമണം വർധിപ്പിക്കുകയും മുടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യും.

മൂന്ന്...

കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടാന്‍ മറക്കരുത്. മൂന്ന് മാസം കൂടുമ്പോൾ മുടി വെട്ടുന്നത് ശീലമാക്കണം. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി മുടി വളരുകയും ചെയ്യും. 

നാല്...

കുളിച്ച് കഴിഞ്ഞയുടന്‍ നനഞ്ഞിരിക്കുന്ന തലമുടി ചീവുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് തലമുടിക്ക് അത്ര നല്ലതല്ല. അതിനാല്‍ നനഞ്ഞ തലമുടിയെ ഉണങ്ങാന്‍ അനുവദിക്കുക എന്ന ശീലം പിന്തുടരേണ്ടതാണ്.

അഞ്ച്...

മുടിയിഴകള്‍ എല്ലായ്പ്പോഴും ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്ന ശീലവും ഉപേക്ഷിക്കുക. ദിവസവും പത്ത് മിനിറ്റില്‍ കൂടുതൽ തലമുടി ചീവാതിരിക്കാനും ശ്രദ്ധിക്കണം.

ആറ്...

ദിവസവും ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിക്ക് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. അമിതമായി ഷാംപൂ ഉപയോഗിക്കുന്നതുമൂലം മുടി വളരാൻ സഹായിക്കുന്ന നാച്ചുറൽ ഓയില്‍ നഷ്ടമാവാം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

ഏഴ്...

തലമുടിയില്‍ പുതിയ ഉത്പന്നങ്ങൾ പരീക്ഷിക്കുന്നതിന് മുമ്പ് അലർജി ടെസ്റ്റ് പലരും നടത്താറില്ല. അലർജിയുണ്ടാക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് ചർമ്മത്തെയും  തലമുടിയെയും സംരക്ഷിക്കാന്‍ ചെയ്യേണ്ട പ്രധാന കാര്യം.

എട്ട്...

പ്രകൃതിദത്തമായ ഹെയര്‍ മാസ്കുകള്‍ തയാറാക്കുന്നതിനു മുമ്പും തലമുടിയുടെ സ്വഭാവത്തെക്കുറിച്ച് ഒരു ധാരണയുണ്ടാകണം. ചിലപ്പോൾ തിരഞ്ഞെടുക്കുന്ന വസ്തുക്കൾ നിങ്ങളുടെ മുടിയുടെ സ്വഭാവത്തിന് തീരെ യോജിക്കാത്തവയായിരിക്കും. അത്തരം പരീക്ഷണങ്ങൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. 

ഒമ്പത്...

മാനസിക സമ്മര്‍ദ്ദം മൂലവും തലമുടി കൊഴിയാം. അതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുന്നതും തലമുടിയുടെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. 

Also Read: കൈമുട്ടിലെ കറുപ്പ് നിറം മാറാന്‍ പരീക്ഷിക്കാം ഈ എട്ട് കാര്യങ്ങള്‍...

click me!