Viral Video| 'ഗമണ്ടന്‍' രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

By Web Team  |  First Published Nov 11, 2021, 6:42 PM IST

മറ്റ് പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാലയെ വ്യത്യസ്തമാക്കുന്നത് പ്രധാനമായും ഇതിന്റെ നീളവും ഘടനയും തന്നെയാണ്. കഴുത്തിന്റെ ഭാഗത്തെ വിരിവും തലയെടുപ്പുമെല്ലാം രാജവെമ്പാലയെ പാമ്പുകള്‍ക്കിടയിലെ പ്രധാനിയാക്കുന്നു. ഏതാണ്ട് 19 അടി വരെ രാജവെമ്പാലയുടെ നീളം കാണാമത്രേ


മൃഗങ്ങളുടെ വീഡിയോകള്‍ക്ക് ( Animal Video ) എല്ലായ്‌പോഴും സോഷ്യല്‍ മീഡിയയിലും ( Social Media) മറ്റും വലിയ 'ഡിമാന്‍ഡ്' ആണ്. നമ്മളില്‍ കൗതുകമുണര്‍ത്തുന്നതോ നമ്മെ അത്ഭുതപ്പെടുത്തുന്നതോ ആയ വീഡിയോകളായിരിക്കും ഇത്തരത്തില്‍ എളുപ്പത്തില്‍ ജനശ്രദ്ധ നേടുക. 

അത്തരത്തില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടൊരു വീഡിയോ ഉണ്ട്. ഒഡീഷയിലെ മയൂര്‍ബഞ്ചില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയ അസാധാരണ വലിപ്പമുള്ള രാജവെമ്പാലയാണ് വീഡിയോയുടെ ആകര്‍ഷണം. 

Latest Videos

undefined

ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പാണ് രാജവെമ്പാല. ഇതിന്റെ കടിയേറ്റാല്‍ പരമാവധി മുപ്പത് മിനുറ്റിനുള്ളില്‍ തന്നെ മരണം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ പൊതുവേ മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ കാണപ്പെടാത്ത ഇനമാണ് രാജവെമ്പാല. അതുകൊണ്ടുതന്നെ സാധാരണഗതിയില്‍ ഇവയെ കാണുകയെന്നത് സാധ്യമല്ല. മിക്കവാറും ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് ഇവ തമ്പടിക്കാറ്. പ്രത്യേകിച്ച് കാട് നികത്തിയ ഇടങ്ങളിലും മറ്റും. മനുഷ്യരെ ഇങ്ങോട്ട് കയറി ആക്രമിക്കാറില്ലെങ്കിലും പ്രകോപിതരായാല്‍ വന്‍ അപകടകാരികളുമാണ് ഇവയെന്നത് ശ്രദ്ധിക്കണം. 

മറ്റ് പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാലയെ വ്യത്യസ്തമാക്കുന്നത് പ്രധാനമായും ഇതിന്റെ നീളവും ഘടനയും തന്നെയാണ്. കഴുത്തിന്റെ ഭാഗത്തെ വിരിവും തലയെടുപ്പുമെല്ലാം രാജവെമ്പാലയെ പാമ്പുകള്‍ക്കിടയിലെ പ്രധാനിയാക്കുന്നു. ഏതാണ്ട് 19 അടി വരെ രാജവെമ്പാലയുടെ നീളം കാണാമത്രേ. 

മയൂര്‍ബഞ്ചില്‍ കണ്ടെടുത്ത രാജവെമ്പാലയ്ക്ക് 12 അടിയാണ് നീളമെന്ന് വനം വകുപ്പ് ജീവനക്കാര്‍ അറിയിക്കുന്നു. ഉപയോഗശൂന്യമായ കിണറ്റിനകത്ത് പാമ്പ് ഉള്ളതായി സമീപവാസിയാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. 

 

Odisha: Forest Department rescued a 12-feet king cobra from an abandoned well in Khunta area of Mayurbhanj district yesterday.

"The health of the king cobra was verified and then released into its natural habitat," a forest officer said. pic.twitter.com/zShQu31WnJ

— ANI (@ANI)

 

പാമ്പ് പിടുത്തക്കാരന്റെ സഹായത്തോടെയാണ് വനം വകുപ്പ് രാജവെമ്പാലയെ കിണറ്റിനകത്ത് നിന്ന് പുറത്തേക്കെടുത്തത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ഇത്രയും വലിപ്പമുള്ള രാജവെമ്പാലയെ കാണാന്‍ സാധിക്കുന്നത് തന്നെ അത്ഭുതമാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. 

പാമ്പിന്റെ ആരോഗ്യനില പരിശോധിച്ച ശേഷം അതിനെ അടുത്തുള്ള കാട്ടിലേക്ക് തുറന്നുവിട്ടതായും വനം വകുപ്പ് പിന്നീട് അറിയിച്ചു. വംശനാശഭീഷണി നേരിടുന്ന ഇനം കൂടിയാണ് രാജവെമ്പാലയുടേത്. അതിനാല്‍ തന്നെ ഇവയെ ജനവാസ മേഖലകളില്‍ കണ്ടാലും വനം വകുപ്പിനെ വിവരമറിയിക്കുകയാണ് ആദ്യം വേണ്ടത്. ഏതെങ്കിലും വിധത്തില്‍ ഇവയെ ആക്രമിക്കാനോ, മുറിവേല്‍പിക്കാനോ ശ്രമിക്കുന്നത് നിയമപരമായി കുറ്റകരവുമാണ്. 

 

 

Also Read:- പെരുമ്പാമ്പിനെ ഓമനിക്കുന്ന യുവതി; വൈറലായി വീഡിയോ

click me!