വേദനസംഹാരി ഗുളിക കൊണ്ടുവന്നത് പൊല്ലാപ്പായി; യുവതിക്ക് വധശിക്ഷ ലഭിച്ചേക്കും

By Web Desk  |  First Published Nov 6, 2017, 4:45 PM IST

വേദനസംഹാരി ഗുളിക കൈവശം വെച്ചാല്‍ വധശിക്ഷ ലഭിക്കുമോ? എങ്കില്‍ അത്തരം കടുത്ത ശിക്ഷാനിയമമുള്ള രാജ്യമുണ്ട്. ഈജിപ്‌റ്റിലാണ് സംഭവം. ഈജിപ്‌റ്റിലേക്ക് വന്ന ബ്രീട്ടീഷുകാരിയായ യുവതിയാണ് വേദനസംഹാരിയായ ട്രാമഡോള്‍ എന്ന ഗുളിക കൊണ്ടുവന്നതിന് പിടിയിലായത്. ഈ ഗുളിക ഹെറോയിന്‍ പോലെയുള്ള ലഹരിമരുന്ന് ഗണത്തില്‍പ്പെടുത്തിയതിനാല്‍ ഈജിപ്റ്റില്‍ നിരോധനം ഉള്ളതാണ്. ഈ ഗുളിക കൈവശം വെയ്‌ക്കുന്നത് ഈജിപ്റ്റില്‍ കടുത്ത ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്.  ഒക്‌ടോബര്‍ ഒമ്പതിനാണ് ലോറ പ്ലമ്മര്‍ എന്ന യുവതി ഈജിപ്റ്റി ഹംഘട വിമാനത്താവളത്തില്‍വെച്ച് അറസ്റ്റിലായത്. ഈജിപ്‌റ്റുകാരനായ ഭര്‍ത്താവിന്റെ നടുവേദനയ്‌ക്ക് പരിഹാരം കാണുന്നതിനാണ് ലോറ വേദനസംഹാരി ഗുളിക കൊണ്ടുവന്നത്. ഇപ്പോള്‍ വിചാരണത്തടവുകാരിയായ ലോറയ്‌ക്ക് വര്‍ഷങ്ങളോളം തടവുശിക്ഷയോ ചിലപ്പോള്‍ വധശിക്ഷയോ ലഭിച്ചേക്കാം. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ ലോറ, അവധിദിവസങ്ങളിലാണ് ഈജിപ്റ്റിലുള്ള ഭര്‍ത്താവിനെ കാണാനെത്തുന്നത്. അടുത്തിടെയായി കടുത്ത നടുവേദന അനുഭവപ്പെട്ട ലോറയുടെ ഭര്‍ത്താവിന് ഈജിപ്റ്റിലെ ചികില്‍സകളൊന്നും ഫലപ്രദമായിരുന്നില്ല. അങ്ങനെയാണ് ഇംഗ്ലണ്ടില്‍നിന്ന് വരുമ്പോള്‍, 290 ട്രാമഡോള്‍ ഗുളിക ലോറ കൊണ്ടുവന്നത്. ലഹരിമരുന്ന് കടത്ത് എന്ന കുറ്റമാണ് ലോറയുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. ഇതിനോടകം രണ്ടുതവണ കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. മൂന്നാമത്തെ വിചാരണ നവംബര്‍ ഒമ്പതുമുതലാണ് ആരംഭിക്കുന്നത്. ഈ ഗുളിക നിരോധിക്കപ്പെട്ടതാണെന്ന് അറിയാതെയാണ് കൈവശംവെച്ചതെന്ന് ലോറയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചത്. ഇപ്പോള്‍ കെയ്റോയിലെ വനിതാ ജയിലിലാണ് ലോറയെ താമസിപ്പിച്ചിരിക്കുന്നത്. ലോറയുടെ മോചനത്തിനായി അവരുടെ അച്ഛനും സഹോദരനും ഈജിപ്റ്റിലെത്തിയിട്ടുണ്ട്. ഈജിപ്റ്റിലെ പാര്‍ലമെന്റ് അംഗങ്ങളെകണ്ട് ലോറയുടെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് അവര്‍.

click me!