ഗര്‍ഭിണികള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട പ്രധാന പച്ചക്കറി...

By Web Team  |  First Published Oct 1, 2018, 10:42 AM IST

ഗര്‍ഭിണികളില്‍ സാധാരണഗതിയില്‍ കാണാന്‍ സാധ്യതയുള്ള ഒരു സ്ഥിരം ആരോഗ്യപ്രശ്‌നമാണ് ദഹനമില്ലായ്മ. ദഹിക്കാതെ കിടക്കുന്ന കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീനുകള്‍, കൊഴുപ്പ് ഇവയെല്ലാം ദഹിപ്പിച്ചുകളയാനും ഈ പച്ചക്കറി ഏറെ ഉപകരിക്കുന്നു


ഗര്‍ഭിണിയായ സ്ത്രീകള്‍ ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് സ്വന്തം ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ ചിലയിനം പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കുമെല്ലാം പ്രത്യേകം ഗുണങ്ങളുണ്ട്. അത്തരത്തിലൊരു പച്ചക്കറിയാണ് മുരിങ്ങയ്ക്കാ. ഗ്രാമങ്ങളിലാണെങ്കില്‍ വീട്ടുപറമ്പിലോ ചുറ്റുവട്ടത്തോ ഒക്കെ സുലഭമാണ് മുരിങ്ങയ്ക്കാ. നഗരങ്ങളിലാണെങ്കില്‍ ഇപ്പോള്‍ വിപണികളില്‍ സ്ഥിരം പച്ചക്കറിയാണ് മുരിങ്ങയ്ക്കാ. 

സാധാരണഗതിയില്‍ സാമ്പാറ്, അവിയല്‍ തുടങ്ങിയ കറികളിലാണ് മുരിങ്ങയ്ക്കാ ഉള്‍പ്പെടുത്താറ്. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് ഇത് മാത്രമിട്ടുള്ള കറിയോ, കുറുമയോ, സലാഡോ ഒക്കെ പരീക്ഷിക്കാവുന്നതാണ്. ഇനി എന്തുകൊണ്ടാണ് ഗര്‍ഭിണികളോട് മുരിങ്ങയ്ക്കാ കഴിക്കണമെന്ന് പറയുന്നതെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്...

വിറ്റാമിന്‍- സി കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങയ്ക്കാ. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാണ്. മറ്റ് അണുബാധകളില്‍ ശരീരത്തെ കാക്കുകയും ചെയ്യും. ഇതിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ജലദോഷം മുതലുള്ള സീസണല്‍ അണുബാധകളില്‍ നിന്നും ഗര്‍ഭിണികളെ രക്ഷപ്പെടുത്തും. 

രണ്ട്...

കാത്സ്യത്തിന്റെ കുറവ് മൂലമാണ് പലപ്പോഴും എല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത്. ഉയര്‍ന്നതോതില്‍ കാത്സ്യം, ഇരുമ്പ് തുടങ്ങി, മറ്റ് വിറ്റാമിനുകളെല്ലാം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇത് എല്ലിന്റെ ബലത്തിന് ഗ്യാരണ്ടി നല്‍കുന്ന ഒരു പച്ചക്കറിയാണെന്ന് ഉറപ്പിക്കാം. ഗര്‍ഭിണികള്‍ക്ക് മാത്രമല്ല കുട്ടികളുടെ എല്ലിന്റെ ബലത്തിനും മുരിങ്ങയ്ക്കാ ഉത്തമമാണ്. 

മൂന്ന്...

ഗര്‍ഭിണികളില്‍ സാധാരണഗതിയില്‍ കാണാന്‍ സാധ്യതയുള്ള ഒരു സ്ഥിരം ആരോഗ്യപ്രശ്‌നമാണ് ദഹനമില്ലായ്മ. മുരിങ്ങയ്ക്കായില്‍ അടങ്ങിയിരിക്കുന്ന നിയാസിന്‍, റൈബോഫ്‌ളേവിന്‍ തുടങ്ങി ഏതാനും ബി-കോംപ്ലക്‌സ് വിറ്റാമിനുകള്‍ ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നു. ദഹിക്കാതെ കിടക്കുന്ന കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീനുകള്‍, കൊഴുപ്പ് എന്നിവയെല്ലാം ദഹിപ്പിച്ചുകളയാനാണ് ഇവ സഹായകമാകുന്നത്. 

നാല്...

രക്തം ശുദ്ധീകരിക്കുന്ന കാര്യത്തിലും മുരിങ്ങയ്ക്കാ മുന്‍പന്തിയിലാണ്. രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നതിലൂടെ തൊലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പല ആരോഗ്യപ്രശ്‌നങ്ങളെയും ഇത് ചെറുക്കുന്നു. മുരിങ്ങയ്ക്കാ സൂപ്പാക്കിയോ ജ്യൂസാക്കിയോ കഴിക്കുന്നതാണ് ഇതിന് ഏറ്റവും നല്ലത്. 

അഞ്ച്...

ആദ്യം സൂചിപ്പിച്ചത് പോലെ, അണുബാധകളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിലൂടെ ഇത് ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെയും പ്രതിരോധിക്കുന്നു. ഉദാഹരണത്തിന് മൂക്കടപ്പ്, ചുമ, തൊണ്ടവേദന- അങ്ങനെ സാധാരണഗതിയില്‍ വന്നേക്കാവുന്ന അസുഖങ്ങളെ ഇത് മാറ്റിനിര്‍ത്തുന്നു. ആസ്ത്മ, ബ്രോങ്കൈറ്റിസ്, ടി.ബി- എന്നീ അസുഖങ്ങളുള്ളവര്‍ക്കും മുരിങ്ങയ്ക്കാ കഴിക്കുന്നത് ഗുണം ചെയ്യും.
 

click me!