അവന് ഒരാളോട് പ്രണയം തോന്നി. അത് അവളോട് പറയണം. അതു പറയാനായി അവളെ കാണാന്‍ എത്തി. ഒരു റെസ്റ്റോറന്റില്‍വെച്ചാണ് കൂടിക്കാഴ്‌ച. ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തു അവര്‍ മുഖാമുഖം നോക്കിയിരുന്നു. എന്തു പറയണമെന്ന് ഇരുവര്‍ക്കും അറിയില്ല. ഇതിനിടയില്‍ ഭക്ഷണം എത്തി. എന്നാല്‍ അത് കഴിക്കാതെ ഇരുവരും പ്രണയം തുറന്നുപറയാനുള്ള ശ്രമത്തിലാണ്. ആര് ആദ്യം പറയുമെന്ന സന്ദേഹം ഇരുവരെയും അലട്ടി. ഇതിനിടയില്‍ അവന്‍ ഒന്നു ചുമച്ചു. പിന്നീട് തുടര്‍ച്ചയായി ചുമച്ചു. പെട്ടെന്ന് അവന്‍ ടേബിളിലേക്ക് മുഖമിടിച്ച് വീണു. ഭക്ഷണം അവിടവിടെയായി ചിന്നിച്ചിതറി. പെട്ടെന്ന് അവന്റെ വായില്‍നിന്ന് രക്തം വരാന്‍ തുടങ്ങി. അവിടെനിന്നവരെല്ലാം ആ ടേബിളിനരികിലേക്ക് ഓടിക്കൂടി. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. പെട്ടെന്ന് അവള്‍, അവന്റെ ഹൃദയസ്‌പന്ദനം പരിശോധിച്ചു. ഹൃദയമിടിക്കുന്നില്ല. എന്നാല്‍ ഒരുനിമിഷം പോലും പാഴാക്കാതെ, അവള്‍ അവന്റെ നെഞ്ചില്‍ അമര്‍ത്തിയിടിച്ചു. സിപിആര്‍(കാര്‍ഡിയോ പള്‍മനറി റീസസിറ്റേഷന്‍) നല്‍കാന്‍ തുടങ്ങി. പെട്ടെന്ന് അവന്റെ ഹൃദയം പഴയതുപോലെ മിടിക്കാന്‍ തുടങ്ങി. വൈകാതെ അവനെ ആശുപത്രിയിലെത്തിച്ചതും അവള്‍ തന്നെ. അങ്ങനെ അവന്റെ ജീവന്‍ രക്ഷിച്ചു. ശരിക്കും സിനിമയെ വെല്ലുന്ന ഈ കഥ നടന്നത് അമേരിക്കയിലെ മിസൗറിയിലാണ്. ഈ കഥയിലെ നായികയായ ജാനിന്‍ ഹാള്‍ ഒരു വെബ്സൈറ്റില്‍ എഴുതിയ അനുഭവകഥയാണിത്. റെസ്‌പിറേറ്ററി തെറാപ്പിസ്റ്റായി ജോലിചെയ്‌തുള്ള അനുഭവസമ്പത്താണ്, തന്നോട് പ്രണയം പറയാന്‍ വന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്ന് അവള്‍ പറയുന്നു. ഏതായാലും, ഇപ്പോള്‍ ഇരുവരും പ്രണയത്തിലാണ്. വൈകാതെ വിവാഹിതരാകാനും തീരുമാനിച്ചിട്ടുണ്ട്.