"എന്റെ പരിമിതികള്‍ക്കിടയില്‍നിന്നുകൊണ്ട് ചെയ്യാന്‍ ശ്രമിച്ച ചെറിയ കാര്യങ്ങള്‍ക്ക് ലഭിച്ച ഈ വലിയ അംഗീകാരത്തിന് നന്ദി. ഞാന്‍ ചെയ്യുന്നതൊന്നും എനിക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളല്ല. രാവിലെ എഴുന്നേല്‍ക്കുന്നതുമുതല്‍ രാത്രിയില്‍ ഉറങ്ങുന്നതുവരെ എന്റെ കാര്യങ്ങള്‍ ചെയ്തുതരാന്‍ ഒരുപാട് ആളുകളുണ്ട്. ആ കിട്ടുന്ന സഹായങ്ങള്‍ എനിക്കുള്ള ഔദാര്യമല്ല, അവകാശമാണെന്ന് പഠിപ്പിച്ച ഒരാളുണ്ട്. അതുപോലെ സ്വന്തം കുടുംബത്തിലെ ഒരംഗമെന്ന നിലയില്‍ എനിക്ക് വേണ്ടി ചെയ്യുന്നത് കടമയാണെന്ന് കരുതുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്കെല്ലാമാണ് ഈ അവാര്‍ഡ് പോകുന്നത്. എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. പക്ഷേ കൂടെ ആളുകളുണ്ടെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് സ്വന്തം ജീവിതംകൊണ്ട് പഠിച്ചു. എന്തിനാണ് ഇങ്ങനെ ജീവിച്ചിരിക്കുന്നതെന്ന് ചോദിച്ചാല്‍, ഒരു അപകടത്തില്‍പ്പെട്ട് കൈകാലുകള്‍ നഷ്ടമായി അച്ഛനും അമ്മയ്ക്കും ബാധ്യതയായി, അവരുടെ കാലശേഷം എന്ത് ചെയ്യുമെന്ന് ആധി പിടിക്കുകയും, എന്നാല്‍ അതിനെയെല്ലാം മറികടന്ന് ഇപ്പോള്‍ സ്വന്തമായി വരുമാനമുണ്ടാക്കി അച്ഛനെയും അമ്മയെയും നോക്കാനും സഹോദരനെ പഠിപ്പിക്കാനുമാകുന്നുണ്ടെന്ന് ഒരു ചെറുപ്പക്കാരന്‍ വന്നു പറയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷമുണ്ടല്ലോ, അങ്ങനെ ഒരുപാട് പേര്‍ വന്ന് പറയുന്നത് കേള്‍ക്കാന്‍ വേണ്ടി എത്രകാലം വേണമെങ്കിലും ഇങ്ങനെ ജീവിക്കാം. ഒരു സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകളെ നമ്മള്‍ എങ്ങനെ പരിഗണിക്കുന്നുവോ അതനുസരിച്ചായിരിക്കും ആ സമൂഹത്തിന്റെ സംസ്‌ക്കാരമെന്ന് വായിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തിന്റെ സംസ്‌ക്കാരം എങ്ങനെയാണെന്ന് ഈ അവസരത്തില്‍ നമുക്ക് ചിന്തിക്കാം, അല്ലെങ്കില്‍ ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വം എന്താണ്? അത് ഒരാളിന്റെയല്ല, ഒരു സമൂഹത്തിന്റേതാണ്. അത് എല്ലാ ദുര്‍ബലരെയും കൂടെക്കുട്ടി, കൈകൊടുത്ത് കൂടെ നടത്തിക്കേണ്ടതിന്റേതുമാണെന്ന് നമുക്ക് ഇവിടെവെച്ച് തീരുമാനിക്കാം. എങ്കില്‍ ഈ ലോകം ഒരുപാട് നന്നാകും, ഒരുപാട് വലുതാകും. നന്ദി..." നിറഞ്ഞ കൈയടികളോടെ സദസ്യര്‍ ഏറ്റെടുത്ത ഈ വാക്കുകള്‍ ആരുടേതാണെന്ന് അറിയാമോ? ഈ വര്‍ഷത്തെ യൂത്ത് ഐക്കണിനുള്ള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പുരസ്‌ക്കാരം നേടിയ ആഷ്‌ല റാണി എന്ന ചെറുപ്പകാരിയുടേതാണ്.
undefined
ആരാണ് ആഷ്‌ല റാണി? ഒരുപക്ഷേ അധികമാര്‍ക്കും അറിയില്ലായിരിക്കും. ജീവിതം പൊടുന്നനെ വീല്‍ചെയറിലേക്ക് എടുത്തുമാറ്റപ്പെട്ടിട്ടും ഒരിക്കലും തളരാത്ത ഇച്ഛാശക്തിയുമായി ചുറ്റുമുള്ള ദുര്‍ബലര്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു ചെറുപ്പക്കാരി. അതാണ് ആഷ്‌ല റാണി. പാലിയേറ്റീവ് കെയര്‍ രംഗത്തെ പ്രമുഖ സംഘടനയായ പാലിയം ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ. എം ആര്‍ രാജഗോപാലിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന ആഷ്‌ല റാണി, ജീവിതത്തില്‍ വീണുപോയ ഒരുപാട് പേര്‍ക്ക് താങ്ങായും തണലായും പ്രചോദനമായും നിലകൊള്ളുന്നു... 'പെണ്‍വീഥി' എന്ന പരമ്പരയുടെ ആദ്യ ഭാഗത്തില്‍ നമുക്ക് ആഷ്‌ല റാണിയുടെ അതിജീവിതത്തിന്റെ വഴികളിലൂടെ ഒന്നുപോയി നോക്കാം...
കണ്ണൂരിലെ ഇരിട്ടിയ്ക്കടുത്തുള്ള ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ആഷ്‌ല പഠിക്കാന്‍ മിടുക്കിയായിരുന്നു. സ്‌കൂള്‍-ഉന്നതവിദ്യാഭ്യാസങ്ങളിലൊക്കെ മികച്ച വിജയവുമായി ആഷ്‌ല റാണി ആഗ്രഹിച്ചതുപോലെ എംസിഎ ബിരുദം സ്വന്തമാക്കി. എംസിഎയ്ക്ക് ശേഷം അധികംവൈകാതെ ചെന്നൈയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറായി ജോലിയുംകിട്ടി. അങ്ങനെയിരിക്കെയാണ് ആഷ്‌ലയുടെ ജീവിതം പൊടുന്നനെ മാറിമറിയുന്നത്. 2010 ഓഗസ്റ്റ് ഒന്നിന് ചെന്നൈയിലേക്കുള്ള തീവണ്ടി യാത്രയ്ക്കിടെ പാലക്കാട് പട്ടാമ്പിയില്‍വച്ചുണ്ടായ അപകടമാണ് ആഷ്‌ലയുടെ ജീവിതം വീല്‍ച്ചെയറിലേക്ക് പറിച്ചുനട്ടത്. ഭക്ഷണം കഴിച്ചശേഷം കൈ കഴുകാനായി വന്നപ്പോള്‍ പുറത്തേക്ക് വീഴുകയായിരുന്നു. നാലുവര്‍ഷത്തോളം ഏറണാകുളത്തെ ഉള്‍പ്പടെ വിവിധ ആശുപത്രികളില്‍ വിദഗ്ദ്ധചികില്‍സയും ഫിസിയോതെറാപ്പിയുമായി കഴിഞ്ഞു. എന്നാല്‍ കൈകാലുകളും നട്ടെല്ലും തളര്‍ന്നുപോകുന്ന പാരാപ്ലിജിക് എന്ന അവസ്ഥയില്‍നിന്ന് കരകയറാന്‍ ആഷ്‌ലയ്ക്ക് സാധിച്ചില്ല.
ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയ നാളുകള്‍ ശരിക്കും മനസ് മടുപ്പിക്കുന്നതായിരുന്നുവെന്ന് ആഷ്‌ല പറയുന്നു. കിടക്കയില്‍ കഴിച്ചുകൂട്ടേണ്ടി വന്നത് ശരിക്കും വിഷമിപ്പിച്ചു. വീണുപോകാന്‍ കൂട്ടാക്കാതിരുന്ന അവള്‍ ഉറച്ച മനസാന്നിദ്ധ്യവുമായി മുന്നേറാന്‍ തീരുമാനിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടി ഏതെങ്കിലും തരത്തില്‍ ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യണം. ആ അന്വേഷണമാണ് തന്നെ പാലിയം ഇന്ത്യയില്‍ എത്തിച്ചതെന്നും ആഷ്‌ല പറഞ്ഞു. സ്വാന്തനപരിപാലനരംഗത്തെ പെരുമയുള്ള പാലിയം ഇന്ത്യയില്‍ ഒരു ഉപയോക്താവായി എത്തിയ ആഷ്‌ല വളരെ പെട്ടെന്ന് അവിടുത്തെ ഒരംഗമായി മാറി.
പാലിയം ഇന്ത്യയിലെ ആഷ്‌ലയുടെ ഒരു ദിവസം...
തിരുവനന്തപുരം നഗരത്തിനടുത്തുള്ള പെരുന്താന്നിയിലെ അരുമന ആശുപത്രിയിലാണ് പാലിയം ഇന്ത്യയുടെ പ്രവര്‍ത്തനം. അവിടെ ഒപിയും കിടത്തി ചികില്‍സയുമുണ്ട്. വീടുകളില്‍പ്പോയും പാലിയം ഇന്ത്യയിലെ പ്രവര്‍ത്തകര്‍ സ്വാന്തനപരിപാലനം നടത്തുന്നുണ്ട്. രാവിലെ ഒമ്പതരയോടെ ഓഫീസിലെത്തുന്ന ആഷ്‌ലയുടെ പ്രവര്‍ത്തനം ഡോ. എം ആര്‍ രാജഗോപാലിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ്. ഡോക്ടര്‍ക്ക് വരുന്ന ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുക, ഡോക്ടറുടെ പ്രോഗ്രാം ഷെഡ്യൂള്‍ തയ്യാറാക്കുക, ഡോക്ടറെ കാണാന്‍ വരുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുക, അങ്ങനെ തിരക്കുകളോടെയാണ് ആഷ്‌ലയുടെ ഒരു പ്രവൃത്തിദിനം ആരംഭിക്കുന്നത്. അതിനുശേഷം അവിടെ പ്രവര്‍ത്തിക്കുന്ന ഹാഫ് ഡേ ഹോം എന്ന പുനരധിവാസപ്രവര്‍ത്തനത്തിനൊപ്പം ചേരും. സ്വാന്തനപരിപാലനം ആവശ്യമുള്ള രോഗികള്‍ക്ക് ഫിസിയോതെറാപ്പി, കൌണ്‍സിലിങ് ഉള്‍പ്പടെയുള്ള സൌകര്യങ്ങള്‍ ഒരുക്കുന്ന വിഭാഗമാണ് ഹാഫ് ഡേ ഹോം. അവിടെയെത്തുന്നവര്‍ക്ക് സ്വന്തം ജീവിതകഥ പറഞ്ഞ് പ്രചോദനം നല്‍കുകയും, ജീവിതത്തിലെ മുന്നോട്ടുള്ള വഴിയിലെ ഇരുള്‍ മാറ്റിക്കൊടുക്കുകയും ചെയ്താണ് ആഷ്‌ല അവിടം വിടുന്നത്. ഇതുകൂടാതെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഉണര്‍വ്വ് എന്ന വിഭാഗത്തിലും ആഷ്‌ലയുടെ സാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്നു. വീണുപോയ അച്ഛനമ്മമാരുള്ള കുട്ടികളുടെ വിഷമങ്ങളും ആകുലതകളും മാറ്റിയെടുത്ത് ജീവിതത്തില്‍ ദിശാബോധമുള്ളവരാക്കി മാറ്റുന്ന വലിയ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ഇവിടെയും പുതുവഴി കാട്ടിക്കൊടുത്ത് കുട്ടികളുടെ പ്രിയപ്പെട്ട ചേച്ചിയായി ആഷ്‌ല നിറഞ്ഞുനില്‍ക്കുന്നു. പാലിയം ഇന്ത്യയിലെ തിരക്കേറിയ ഒരു ദിവസംകൊണ്ട് അവസാനിക്കുന്നതല്ല ആഷ്‌ലയുടെ ജീവിതം. രാത്രിയില്‍ പാര്‍ട്ട് ടൈമായി സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറായി ജോലി ചെയ്യുന്നുമുണ്ട്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറിയ എന്ന സ്ഥാപനത്തിനുവേണ്ടിയാണ് ആഷ്‌ല ജോലി ചെയ്യുന്നത്. തളരാത്ത മനസുമായി മുന്നേറുന്ന ആഷ്‌ലയ്ക്ക് കൂട്ടായി അമ്മയും പാലിയം ഇന്ത്യയിലെ പ്രിയപ്പെട്ടവരും ആഷ്‌ലയ്ക്ക് ഒപ്പം എപ്പോഴുമുണ്ട്.
അതിഥികളെ വിസ്മയിപ്പിച്ച് ആഷ്‌ല...
പാലിയം ഇന്ത്യയിലേക്ക് ദിവസവും നിരവധി അതിഥികള്‍ വരാറുണ്ട്. ഡോ. എം ആര്‍ രാജഗോപാലിനെ കാണാനും മറ്റുമായി വരുന്നവര്‍. ഡോക്ടറെ കാണുന്നതിന് സൌകര്യം ചോദിച്ച് വിളിക്കുമ്പോള്‍ ആഷ്‌ലയാണ് ഫോണെടുക്കുന്നത്. ഡോക്ടറുള്ള സമയവും വരേണ്ട വഴിയുമൊക്കെ പറഞ്ഞുകൊടുക്കുന്നതിനിടയില്‍ ആഷ്‌ലയുമായി അവര്‍ പരിചയത്തിലാകും. എന്നാല്‍ നേരില്‍വന്നു കാണുമ്പോള്‍, തങ്ങളോട് ഫോണില്‍ സംസാരിച്ച, വഴിപറഞ്ഞുതന്ന് എസ്എംഎസോ മെയിലോ അയച്ചത് ഈ പെണ്‍കുട്ടിയാണോയെന്ന് അത്ഭുതംകൂറി അവര്‍ നില്‍ക്കുന്നത് സ്ഥിരംകാഴ്ചയാണെന്ന് ആഷ്‌ല പറയുന്നു.
ഒരിക്കലും മറക്കാനാകാത്ത കാര്യങ്ങള്‍...
ജീവിതം മാറ്റിമറിച്ച ആ അപകടം ആഷ്‌ല ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതാണ്. എന്നാല്‍ പാലിയം ഇന്ത്യയില്‍ ഒരിക്കലും മറക്കാനാകാത്ത ഒരുപാട് ഓര്‍മ്മകളുണ്ട് ആഷ്‌ലയ്ക്ക്. പാലിയം ഇന്ത്യയില്‍ വന്ന നാള്‍, ഡോ. രാജഗോപാല്‍ പഠിപ്പിച്ച ഒരു ആപ്തവാക്യം, മറ്റുള്ളവരോട് ആഷ്‌ല പറയാറുണ്ട്. നമുക്ക് ലഭിക്കുന്നത് സഹായമായി ചിന്തിക്കരുത്, മറിച്ച് അത് നമ്മുടെ അവകാശമായി കരുതണം. ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ച വാക്കുകളാണിതെന്ന് ആഷ്‌ല പറയുന്നു. ജീവകാരുണ്യപ്രവര്‍ത്തനം ഏതൊരാളുടെയുംപോലെ തന്റെയും ഉത്തരവാദിത്വമാണ്. വലിയ കാര്യം ചെയ്യുന്നുവെന്ന തോന്നലൊന്നുമില്ല, ചെയ്യാന്‍ പറ്റുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുക. ജീവിതത്തില്‍ ലഭിച്ച വലിയൊരു ആശ്വാസമാണ് പാലിയം ഇന്ത്യയിലെ നാളുകള്‍. വലിയ വേദനകളുമായി ഇവിടെയെത്തുന്നവര്‍ക്ക് ആശ്വാസം പകരുമ്പോള്‍, അതിനേക്കാള്‍ വലിയൊരു സംതൃപ്തിയും വേറെയില്ല. തന്റെ വാക്കുകള്‍ പ്രചോദനമാക്കി, ജീവിതം തിരിച്ചുപിടിച്ചവര്‍ വീണ്ടും വന്നു കാണുമ്പോള്‍, അതിനേക്കാള്‍ വലുതായി എന്താണ് ജീവിതത്തില്‍ നേടാനുള്ളതെന്ന് തോന്നാറുണ്ട് ആഷ്‌ല റാണി പറയുന്നു.
യൂത്ത് ഐക്കണ്‍ പുരസ്‌ക്കാരത്തെക്കുറിച്ച്...
പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ പറഞ്ഞ വാക്കുകള്‍ തന്നെയാണ് പറയാനുള്ളതെന്ന് ആഷ്‌ല പറയുന്നു. എനിക്ക് മാത്രമായി ഒന്നും ചെയ്യാന്‍ സാധിക്കില്ല. കൂട്ടായ പ്രവര്‍ത്തനമാണ് മുന്നോട്ടുനയിക്കുന്നത്. മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ കൂടെയുള്ളവരുടെ സഹായം പ്രധാനമാണ്. എങ്കില്‍ മാത്രമെ നമ്മള്‍ ചെയ്യുന്നതിന് പൂര്‍ണത ലഭിക്കുകയുള്ളുവെന്നും ആഷ്‌ല റാണി പറയുന്നു.
ഇതൊക്കെയാണ് ആഷ്‌ലയുടെ കഥയും വിശേഷങ്ങളും. സ്വാന്തനപരിപാലന രംഗത്ത് നൂറുകണക്കിന് ദുര്‍ബലര്‍ക്ക് താങ്ങായി മാറിയ പാലിയം ഇന്ത്യയുടെ ഓരോ ചലനത്തിലും ആഷ്‌ലയുണ്ട്. പാലിയം ഇന്ത്യയുടെ നായകനായ ഡോ. എം ആര്‍ രാജഗോപാലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിയായി നില്‍ക്കുമ്പോള്‍ തന്നെ സ്വന്തം ജീവിതംകൊണ്ടുകൂടി വലിയൊരു പാഠമാകുകയാണ് ആഷ്‌ല. ഇഷ്ടമുള്ളത് ചെയ്യാനും നടക്കാനും ഓടാനുമൊക്കെ സാധിക്കുമായിരുന്ന 28 വര്‍ഷം താന്‍ ചെയ്തതിനേക്കാള്‍ എത്രയോ വലിയ കാര്യങ്ങളാണ് ഈ വില്‍ചെയറിലിരുന്ന് ചെയ്യുന്നതെന്ന ബോധ്യം ആഷ്‌ലയ്ക്ക് പകര്‍ന്നുനല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. തനിക്ക് ലഭിക്കേണ്ട സ്വാന്തനപരിപാലനം ആരുടെയും ഔദാര്യമല്ല, അവകാശമാണെന്ന ആഷ്‌ലയുടെ വാക്കുകള്‍ ചെന്നുകൊള്ളുന്നത് സമൂഹത്തിലേക്കാണ്. ദുര്‍ബല ജനവിഭാഗങ്ങളോടുള്ള ഒരു സമൂഹത്തിന്റെ പരിഗണന ഏത് തരത്തിലാണോ, അതനുസരിച്ചാണ് ആ സമൂഹത്തിന്റെ സംസ്‌ക്കാര ഔന്നത്യം വിലയിരുത്തപ്പെടുന്നത് എന്നത് ആഷ്‌ലയുടെ ജീവിതം മുന്‍നിര്‍ത്തി നാം ഓരോരുത്തരും തിരിച്ചറിയുക...
തയ്യാറാക്കിയത്- ജി ആര്‍ അനുരാജ്