ജോലിക്കോ പഠനത്തിനോ വേണ്ടി നാടും വീടും വിട്ട് പരിചിതമല്ലാത്ത ഇടങ്ങളില്‍ വന്ന് താമസിക്കുന്നവര്‍ നേരിടുന്ന അവസ്ഥകളെന്താണ്? ഈ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള അന്വേഷണമാണ് സന്നദ്ധ സംഘടനയായ 'പ്ലാന്‍ ഇന്‍റര്‍നാഷണല്‍' നടത്തിയത്
സ്ത്രീസുരക്ഷയെയും സ്ത്രീ സ്വാതന്ത്ര്യത്തെയും കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടത്തുന്നവരാണ് നമ്മള്‍. 'മീ ടൂ' ക്യാംപയിന്‍ പോലും ഇത്രമാത്രം വാര്‍ത്താശ്രദ്ധ നേടുന്നതും അതിനാലാണ്. പുരുഷന്മാര്‍ക്കൊപ്പം തന്നെ സ്ത്രീകള്‍ക്കും പരിഗണന നല്‍കണമെന്നാണ് പുരോഗമന സമൂഹം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. എന്നാല്‍ ഇത്തരം ചര്‍ച്ചകളും ബഹളങ്ങളും സജീവമായി നടക്കുമ്പോഴും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണത്തില്‍ കുറവ് വരുന്നില്ല.
വീടുകളില്‍ പോലും സുരക്ഷിതരല്ലാത്ത സ്ത്രീകള്‍ വീട് വിട്ടുനില്‍ക്കുന്ന സാഹചര്യങ്ങളെ പറ്റി ഓര്‍ത്തുനോക്കൂ. ജോലിക്കോ പഠനത്തിനോ വേണ്ടി നാടും വീടും വിട്ട് പരിചിതമല്ലാത്ത ഇടങ്ങളില്‍ വന്ന് താമസിക്കുന്നവര്‍ നേരിടുന്ന അവസ്ഥകളെന്താണ്? ഈ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള അന്വേഷണമാണ് സന്നദ്ധ സംഘടനയായ 'പ്ലാന്‍ ഇന്‍റര്‍നാഷണല്‍' നടത്തിയത്.
undefined
ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള അഞ്ച് നഗരങ്ങളില്‍ നിന്നായി ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തി ഒരു സര്‍വേയാണ് ഓസ്ട്രേലിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'പ്ലാന്‍ ഇന്‍റര്‍നാഷണല്‍' നടത്തിയത്. മാഡ്രിഡ്, സിഡ്നി, കംപാല, ലിമ എന്നീ നഗരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ നഗരമായ ദില്ലിയില്‍ നിന്നും സര്‍വേ പ്രതികരണങ്ങള്‍ തേടി. ഞെട്ടിക്കുന്നതായിരുന്നു സര്‍വേ ഫലം. പങ്കെടുത്ത ഇരുപതിനായിരത്തില്‍ പരം സ്ത്രീകളില്‍ മഹാഭൂരിപക്ഷവും തങ്ങള്‍ സുരക്ഷിതരല്ലെന്ന് നിസ്സംശയം സാക്ഷ്യപ്പെടുത്തി.
എവിടെയാണെങ്കിലും പല രീതിയിലുള്ള ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ഇവര്‍ പറയുന്നത്. പൊതുസ്ഥലത്ത് വച്ച് കയറിപ്പിടിക്കുന്നതും, നടന്നുവരുമ്പോള്‍ പിന്തുടരുന്നതും, തുറിച്ചുനോക്കുന്നതും, വാക്കുകള്‍ കൊണ്ട് അപമാനിക്കുന്നതുമെല്ലാം എല്ലായിടങ്ങളിലെയും പതിവ് അനുഭവമാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങളെ സമൂഹം വളരെ ലാഘവത്തോടുകൂടിയാണ് കാണുന്നതെന്നും വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് സ്ത്രീയ്ക്ക് വേണ്ടി സമൂഹം ഇടപെടലുകള്‍ നടത്തുന്നതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു.
സര്‍വേ ഫലം നിരാശാജനകവും പേടിപ്പെടുത്തുന്നതുമാണെന്ന് 'പ്ലാന്‍ ഇന്‍റര്‍നാഷണല്‍' ഓസ്ട്രേലിയ സിഇഒ സൂസന്‍ ലെഗെന പറഞ്ഞു. സ്ത്രീകള്‍ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സത്യം നാമെല്ലാവരും മനസ്സിലാക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
'ഏറ്റവും വലിയ പ്രശ്നം, ഇത്തരം അതിക്രമങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സ്ത്രീകളെ സ്വയം ഒതുങ്ങാന്‍ പരിശീലിപ്പിക്കുന്നതാണ്. അവരുടെ ജീവിതം സമൂഹം ഒതുക്കുകയാണ്. ഒരു നഗരത്തില്‍ ജീവിക്കുന്ന സ്ത്രീക്ക് പോലും യാതൊരു സ്വാതന്ത്ര്യവുമില്ല. നഗരജീവിതത്തിന്‍റെ എല്ലാ സൗകര്യങ്ങളില്‍ നിന്നും സമൂഹം അവരെ വിലക്കുകയാണ്. എത്ര സ്ഥലങ്ങളിലാണ് ജീവിക്കാന്‍ കഴിയാത്തത് കൊണ്ടുമാത്രം അവര്‍ ജോലി രാജിവച്ചും പഠനമവസാനിപ്പിച്ചും പോകുന്നത്.'- സൂസന്‍ പറഞ്ഞു.
ചെറുപ്പക്കാരായ സ്ത്രീകള്‍ക്കോ പെണ്‍കുട്ടികള്‍ക്കോ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ഒരു നാടും വിജയിച്ചിട്ടില്ലെന്ന് തന്നെയാണ് സര്‍വേ വിലയിരുത്തുന്നത്. പാര്‍ക്കുകളോ ബസ് സ്റ്റോപ്പുകളോ ബീച്ചുകളോ തെരുവുകളോ പോലുള്ള പൊതുസ്ഥലങ്ങളില്‍ പോലും തങ്ങള്‍ സുരക്ഷിതരല്ലെന്നാണ് സ്ത്രീകള്‍ പറയുന്നത്. ഇത്രയും മോശമായ സാഹചര്യങ്ങളില്‍ തുടരാനാകാത്തത് കൊണ്ടുതന്നെ പലരും ജോലിയും ഉയര്‍ന്ന ശമ്പളവും പഠനവുമെല്ലാം ഉപേക്ഷിച്ച് പോകുന്നു.
ഓണ്‍ലൈന്‍ മാപ്പിംഗ് ടൂള്‍ ഉപയോഗിച്ചാണ് ലോകത്തിന്‍റെ വിവിധ കോണിലുള്ള നഗരങ്ങളില്‍ നിന്ന് സ്ത്രീകളുടെ അഭിപ്രായങ്ങള്‍ ഇവര്‍ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി അതിക്രമങ്ങള്‍ നേരിടുന്നുണ്ടെന്ന് മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനോ നിയമസഹായങ്ങള്‍ തേടാനോ ഉള്ള മാന്യമായ സാഹചര്യങ്ങള്‍ ലഭ്യമല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.