സ്ത്രീകള്‍ അറിയാന്‍; നിങ്ങളുടെ ശരീരപ്രകൃതം ആയുസ്സിനെ സ്വാധീനിക്കുന്നത് എങ്ങനെ?

By Web Team  |  First Published Jan 22, 2019, 9:53 PM IST

ഉയരവും വണ്ണവുമെല്ലാം കാഴ്ചയിലുണ്ടാക്കുന്ന വ്യത്യാസങ്ങളല്ലാതെ, അതിനെല്ലാം മറ്റ് പ്രാധാന്യങ്ങളുണ്ടോ? ഉണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'എപ്പിഡെമിയോളജി ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത്' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്
 


ശരീരത്തിന്റെ പ്രത്യേകതകള്‍ നമ്മളെ എത്തരത്തിലെല്ലാം ബാധിക്കുമെന്ന കാര്യം ഇതുവരെ നമ്മള്‍ ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല, അല്ലേ? അല്ലെങ്കിലും ഉയരവും വണ്ണവുമെല്ലാം കാഴ്ചയിലുണ്ടാക്കുന്ന വ്യത്യാസങ്ങളല്ലാതെ, അതിനെല്ലാം മറ്റ് പ്രാധാന്യങ്ങളുണ്ടോ?

ഉണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'എപ്പിഡെമിയോളജി ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത്' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. മുമ്പ് നെതര്‍ലന്‍ഡ്‌സില്‍ നടന്ന വിപുലമായ ഒരു പഠനത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഈ പുതിയ കണ്ടെത്തല്‍.

Latest Videos

undefined

ശരീരത്തിന്റെ ഉയരവും വണ്ണവുമെല്ലാം മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യത്തെ സ്വാധീനിക്കുന്നുണ്ടത്രേ. ഇക്കാര്യത്തില്‍ സ്ത്രീകളെയാണ് ഈ ഘടകങ്ങള്‍ ഏറെ ബാധിക്കുകയെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. അതായത് നിങ്ങളുടെ ഉയരം, വണ്ണം, നിങ്ങള്‍ ഒരു ദിവസത്തില്‍ ശരീരത്തിന് വേണ്ടി ചെലവഴിക്കുന്ന സമയം (കായികമായ പ്രവൃത്തികള്‍) ഇതിനെയെല്ലാം അടിസ്ഥാനപ്പെടുത്തിയായിരിക്കും നിങ്ങളുടെ ആയുസ് എന്ന്. 

ദിവസത്തില്‍ 60 മിനുറ്റ് എങ്കിലും ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവിടുന്ന സ്ത്രീകള്‍ക്ക് സാധാരണഗതിയില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്നും പഠനം കണ്ടെത്തി. 

അഞ്ച് അടി, 9 ഇഞ്ചിലധികം ഉയരം വരുന്ന സത്രീകള്‍ക്ക് അഞ്ച് അടി, 3 ഇഞ്ചില്‍ കുറവ് ഉയരമുള്ള സ്ത്രീകളെക്കാള്‍ ആയുസ് കൂടുമത്രേ. അതുപോലെ തന്നെ ദിവസത്തില്‍ 30 മുതല്‍ 60 മിനുറ്റ് വരെ കായികമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് അതല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് 21 ശതമാനം കൂടുതല്‍ ആയുസ് കാണുമെന്നും പഠനം അവകാശപ്പെടുന്നു. ഈ ഗണത്തില്‍ പെടുന്ന സ്ത്രീകളായിരിക്കും മിക്കവാറും 90 വയസ്സ് വരെ ജീവിക്കുകയെന്നും ഇവര്‍ പറയുന്നു. 

അതേസമയം പുരുഷന്മാരുടെ കാര്യത്തില്‍ ഇത്തരം നിരീക്ഷണങ്ങളൊന്നും പഠനം നടത്തിയിട്ടില്ല. കഴിഞ്ഞ ഏതാനും ദശകങ്ങളായി മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചിട്ടുണ്ടെന്നും എന്നാല്‍ ചില വികസിത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതശൈലീരോഗങ്ങള്‍ മൂലം ആളുകളുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുവരികയാണെന്നും പഠനം വിലയിരുത്തി. 

click me!