വേദനയുണ്ടാകാറുള്ളവരാണെങ്കില്‍ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തേ കരുതണം. കഴിവതും അകത്തേക്കുള്ള മരുന്നുകള്‍ കുറയ്ക്കുന്നതാണ് നല്ലത്. കഴിയുന്നില്ലെങ്കില്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട്, അവിടെ നിന്നുള്ള നിര്‍ദേശപ്രകാരമുള്ള വേദനസംഹാരികള്‍ കയ്യില്‍ കരുതാം
ചിലര്‍ക്ക് ആര്‍ത്തവകാലമെന്നാല്‍ വേദനയുടെയും അസ്വസ്ഥതകളുടെയും കാലം കൂടിയാണ്. എന്തെല്ലാം തരം ചികിത്സകളാണ് ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ തേടേണ്ടതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കലാണ് ഇത്തരക്കാരുടെ പ്രധാന പരിപാടി. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ വൈദ്യസഹായം ലഭ്യമായിക്കോളണമെന്നില്ല. പക്ഷേ സ്വയം ചില മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ ഒരു പരിധി വരെയെങ്കിലും ഈ പ്രശ്‌നങ്ങളെ മറികടക്കാനാകും. ഇവയാണ് നമുക്ക് സ്വയമെടുക്കാവുന്ന ചില മുന്‍കരുതലുകള്‍...
ഒന്ന്...
undefined
ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്ക് പുറമെ മാനസികമായ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവര്‍ ഏറെയാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇവിടെ പ്രധാന വില്ലനാകുന്നത്. അതിനാല്‍ തന്നെ മാനസികമായി ആര്‍ത്തവത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കലാണ് ആദ്യം ചെയ്യേണ്ടത്. തീയ്യതി ആകാറാവുമ്പോള്‍ തന്നെ അസ്വസ്ഥതയാകാതെ കഴിയുന്നതും സന്തോഷം ലഭിക്കുന്ന കാര്യങ്ങളില്‍ മുഴുകി ആര്‍ത്തവത്തെ 'പ്രശ്‌നവത്കരി'ക്കാതെ വരവേല്‍ക്കാം.
രണ്ട്...
ശരീരത്തിന് അല്‍പം ആയാസം പകരുന്ന വ്യായാമങ്ങളോ ജോലികളോ ചെയ്യാം. ഇത് വയറ്റിനകത്തുണ്ടാകുന്ന അമിതമായ ഗ്യാസിനെ ചെറുക്കും. ആര്‍ത്തവത്തോടടുക്കുന്ന ദിവസങ്ങളില്‍ വൈകുന്നേരം അല്‍പം നടക്കുകയോ നീന്തുകയോ ആവാം. രക്തം എളുപ്പത്തില്‍ പുറന്തള്ളാനും ഇത് സഹായിക്കും.
മൂന്ന്...
വേദനയുണ്ടാകാറുള്ളവരാണെങ്കില്‍ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തേ കരുതണം. കഴിവതും അകത്തേക്കുള്ള മരുന്നുകള്‍ കുറയ്ക്കുന്നതാണ് നല്ലത്. കഴിയുന്നില്ലെങ്കില്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട്, അവിടെ നിന്നുള്ള നിര്‍ദേശപ്രകാരമുള്ള വേദനസംഹാരികള്‍ കയ്യില്‍ കരുതാം. ഹോട്ട് വാട്ടര്‍ ബാഗ് ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ വേദനസംഹാരികളായ ലേപനങ്ങളും വാങ്ങി സൂക്ഷിക്കാം.
നാല്...
ഭക്ഷണവും ആര്‍ത്തവകാലത്ത് നല്ലരീതിയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരം ക്ഷീണിക്കാനും തളര്‍ച്ച തോന്നാനും സാധ്യതയുള്ള സമയമാണിത്. ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് സ്വയം ഉറപ്പിക്കുക. കഴിയുന്നതും പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഈന്തപ്പഴം, നട്‌സ് പോലുള്ള പോഷകസമൃദ്ധമായ 'സ്‌നാക്‌സ്' കഴിക്കുക. അമിതമായി ഗ്യാസുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ പരമാവധി ഒഴിവാക്കുക.
അഞ്ച്...
വസ്ത്രധാരണത്തിലും ആര്‍ത്തവകാലത്ത് അല്‍പം ശ്രദ്ധയാകാം. രണ്ട് രീതിയിലാണ് ഇത് ബാധിക്കുക. ഒന്ന് ശാരീരികമായും രണ്ട് മാനസികമായും. അതായത്, വേദനയുണ്ടായിരിക്കെ അരയും കാലുകളും മുറുക്കിവയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാതിരിക്കുക. ഇത് ശരീരത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയോ ഉള്ളൂ. രണ്ടാമതായി, നേരത്തേ സൂചിപ്പിച്ചത് പോലെ മാനസികമായ പ്രശ്‌നമാണ്. വസ്ത്രത്തില്‍ രക്തക്കറയാകുമോ എന്ന ഭയം സ്ഥിരമായി ഉണ്ടാകുന്നവരുണ്ട്. അത് ഒരു പരിധി വരെ ഭയം മാത്രമാണ്. എങ്കിലും ഈ മോശം അവസ്ഥയെ ഒഴിവാക്കാന്‍ കടും നിറങ്ങളിലുള്ള ഏറ്റവും 'കംഫര്‍ട്ടബിള്‍' ആകുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം. ആത്മവിശ്വാസത്തോടെ ആര്‍ത്തവത്തെ സ്വീകരിക്കാന്‍ ഈ മുന്നൊരുക്കങ്ങളെല്ലാം സഹായകമാകട്ടെ.