ആര്‍ത്തവ വിരാമത്തോടടുത്ത സ്ത്രീകള്‍ക്ക് തങ്ങളിലെ ശാരീരികമായ മാറ്റങ്ങള്‍ സ്വയം വിലയിരുത്താവുന്നതേയുള്ളൂ. ഇക്കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണകളുണ്ടാക്കലാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. ആശങ്കകളെല്ലാം അകറ്റി സ്വയം തയ്യാറെടുക്കുന്നതോടൊപ്പം കൂടെ ജീവിക്കുന്നവര്‍ക്കും ചില സൂചനകള്‍ നല്‍കാം.
പ്രായപൂര്‍ത്തിയാകുന്നത് മുതല്‍ പല നിര്‍ണ്ണായകമായ മാറ്റങ്ങളിലൂടെയും ഒരു സ്ത്രീയുടെ ശരീരം കടന്നുപോകുന്നുണ്ട്. ആര്‍ത്തവം, ലൈംഗിക ജീവിതം, പ്രസവം തുടങ്ങി- ഓരോ ഘട്ടങ്ങളിലും സുപ്രധാനമായ മാറ്റങ്ങളാണ് സ്ത്രീ ശരീരത്തിനുണ്ടാകുന്നത്. ആ ഘട്ടങ്ങളിലെല്ലാം മാനസികമായ വ്യത്യാസങ്ങളും ഇവരില്‍ സംഭവിക്കുന്നു. എന്നാല്‍ താരതമ്യേന ഏറ്റവുമധികം മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നത് ആര്‍ത്തവ വിരാമത്തോടെയാണ് എന്നതാണ് സത്യം.
ആകെ ശരീരചക്രം അട്ടിമറിക്കപ്പെടുന്ന ഒരവസ്ഥയാണ് ആര്‍ത്തവ വിരാമത്തോടെയുണ്ടാകുന്നത്. ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതില്‍ എടുത്തുപറയേണ്ടത്. ഈസ്‌ട്രൊജെന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറഞ്ഞുവരുന്നതാണ് പല പ്രധാന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്. ഇതോടെ കൂടുതല്‍ ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങുന്നു. പഴയ ഊര്‍ജ്ജസ്വലതയില്ലെന്ന് പലപ്പോഴും സ്ത്രീകള്‍ വൈകിയാണ് മനസ്സിലാക്കുക. വീട്ടുജോലിയോ മറ്റ് ജോലികളോ എല്ലാം ശീലത്തിന്റെ ഭാഗമായി അപ്പോഴും തുടര്‍ന്നുകൊണ്ടുപോകും. ആര്‍ത്തവ വിരാമത്തെ പറ്റി വേണ്ടത്ര അവബോധമില്ലാത്തതാണ് പലപ്പോഴും വിനയാകുന്നത്. ഇത്തരം കാര്യങ്ങളെ പറ്റി നേരത്തെ ഒരു ധാരണയുണ്ടാക്കുന്നതിലൂടെ മാനസികവും ശാരീരികവുമായി ഇതിനെ നേരിടാനാകും.
undefined
അറിയാം ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍...
ആര്‍ത്തവ ചക്രത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ തന്നെയാണ് ആര്‍ത്തവ വിരാമത്തിന്റെ പ്രധാന ലക്ഷണം. പുറത്തുപോകുന്ന രക്തത്തിന്റെ അളവില്‍ ഗണ്യമായ മാറ്റം കണ്ടേക്കാം. ഒന്നുകില്‍ നല്ല തോതില്‍ കുറയാം. അല്ലെങ്കില്‍ കൂടാം. ചില മാസങ്ങളില്‍ ആര്‍ത്തവം വരാതെയുമിരിക്കാം. കൃത്യതയില്ലാതെ, തീയ്യതികള്‍ നിരന്തരം തെറ്റി ആര്‍ത്തവം വരുന്നതും ഇതിന്റെ സൂചനയാകാം.
ശരീരം പെട്ടെന്ന് ചൂടാകുന്നതാണ് മറ്റൊരു ലക്ഷണം. തണുപ്പ് കാലമാണെങ്കില്‍ പോലും ഈ അവസ്ഥയില്‍ ശരീരം പെട്ടെന്ന് ചൂടാകുകയും വിയര്‍ക്കുകയും ചെയ്യും. ഇത് ക്രമേണ മാനസികമായ പിരിമുറുക്കത്തിനും കാരണമാകും. ദേഷ്യം, അസ്വസ്ഥത, അകാരണമായ ദുഖം, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും ഈ ഘട്ടത്തില്‍ നേരിട്ടേക്കാം. ഒപ്പം നേരിയ തോതില്‍ ഓര്‍മ്മക്കുറവും ഉണ്ടായേക്കാം.
കരുതാം ചില തയ്യാറെടുപ്പുകള്‍...
ആര്‍ത്തവ വിരാമത്തോടടുത്ത സ്ത്രീകള്‍ക്ക് തങ്ങളിലെ ശാരീരികമായ മാറ്റങ്ങള്‍ സ്വയം വിലയിരുത്താവുന്നതേയുള്ളൂ. ഇക്കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണകളുണ്ടാക്കലാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. ആശങ്കകളെല്ലാം അകറ്റി സ്വയം തയ്യാറെടുക്കുന്നതോടൊപ്പം കൂടെ ജീവിക്കുന്നവര്‍ക്കും ചില സൂചനകള്‍ നല്‍കാം. ഭക്ഷണമുള്‍പ്പെടെയുള്ള ശീലങ്ങളില്‍ കരുതലെടുക്കാം.
ഭക്ഷണത്തിന്റെ കാര്യത്തില്‍, ഉപ്പ്- പഞ്ചസാര- കൊഴുപ്പ് എന്നവയുടെ അളവ് അല്‍പം കുറയ്ക്കാം. കാത്സ്യമടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ ഡയറ്റിലുള്‍പ്പെടുത്താം. ആയാസകരമായ ജോലികള്‍ ചെയ്യാന്‍ വിഷമത തോന്നുന്നുവെങ്കില്‍ ഇത്തരം ജോലികള്‍ ഒഴിവാക്കുക. വീട്ടിലെ മറ്റുള്ളവരോട് ഇതെപ്പറ്റി വിശദമായി തുറന്ന് സംസാരിക്കുക. അവര്‍ക്കും ഈ അവസ്ഥയെപ്പറ്റി ബോധ്യമുണ്ടാകുമ്പോള്‍ മാത്രമേ ജീവിതരീതികളില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയൂ.
ആര്‍ത്തവ വിരാമത്തോടെ ബി.പി, കൊളസ്‌ട്രോള്‍ തുടങ്ങിയ റെഗുലര്‍ മെഡിക്കല്‍ ചെക്ക് അപ്പുകളും കൂട്ടത്തില്‍ മാമ്മോഗ്രാം തുടങ്ങിയ പരിശോധനകളും നിര്‍ബന്ധമായി നടത്തേണ്ടതുണ്ട്. ഒപ്പം പരിമിതമായ തോതില്‍ ചില വ്യായാമ മുറകളും ശീലങ്ങളില്‍ ഉള്‍ക്കൊള്ളിക്കാം. നിയന്ത്രിക്കാനാകാത്ത ശാരീരിക- മാനസിക വിഷമതകള്‍ക്ക് ഒരു ഡോക്ടറെ സമീപിച്ച് പരിഹാരം തേടാവുന്നതാണ്. ആര്‍ത്തവ വിരാമമെന്നാല്‍ ജീവിതത്തിലെ ഒരു ഘട്ടം മാത്രമാണെന്ന് മനസ്സിലാക്കി, അത് ഭംഗിയായി അതിജീവിക്കാനാകുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലെത്തലാണ് ഏറ്റവും വലിയ തയ്യാറെടുപ്പെന്ന് ആരോഗ്യവിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.