പരിശുദ്ധിയുടെയും പരിപാവനതയുടെയും പ്രതീകമാണ് സിന്ദൂരമെന്നാണ് സങ്കൽപ്പം. സിന്ദൂരക്കുറി വിവാഹിതരായ സ്ത്രീകളുടെ അടയാളമാണ്. വിവാഹം കഴിഞ്ഞ സ്ത്രീകൾ നെറ്റിയിൽ സിന്ദൂരം തൊടുന്നത് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. എന്നാല്‍ സിന്ദൂരക്കുറി അണിഞ്ഞുനടക്കുന്നവർ കരുതിയിരിക്കണമെന്നാണ് അമേരിക്കയിൽ നിന്നുള്ള പഠനം മുന്നറിയിപ്പ് നൽകുന്നത്. ഇന്ത്യയിലും അമേരിക്കയിലും വിൽക്കുന്ന സിന്ദൂരത്തിൽ അപകടകരമായ അളവിൽ ഇൗയത്തിൻ്റെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
മതപരമായ ആവശ്യങ്ങൾക്കായി സിന്ദൂരം ഉപയോഗിക്കുന്നവരാണ് കൂടുതലും. പുറമെ സൗന്ദര്യവർധക വസ്തുവായും ഇത് ഉപയോഗിച്ചുവരുന്നു. സിന്ദൂരത്തിന് കടും ചുവപ്പ് നിറം ലഭിക്കാൻ ചില ഉൽപ്പാദകർ ലെഡ് ടെട്രോക്സൈഡ് കലർത്തുന്നതായാണ് കണ്ടെത്തൽ. അമേരിക്കയിലെ ന്യൂജഴ്സിയിൽ 118 സിന്ദൂർ സാമ്പിളുകൾ പരിശോധിച്ചതിൽ 95 എണ്ണവും ദക്ഷിണേഷ്യയിൽ നിന്നുള്ളതായിരുന്നു. 23 എണ്ണം മുംബൈയിലെയും ഡൽഹിയിലെയും കടകളിൽ നിന്ന് ശേഖരിച്ചവയും. പരിശോധിച്ച 80 ശതമാനത്തിലും അപകടകരമായ അളവിൽ ഇൗയം അടങ്ങിയതായാണ് കണ്ടെത്തിയത്. അമേരിക്കൻ ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ് ട്രഷറർ അനുവദിച്ചതിൻ്റെ മൂന്നിരിട്ടിയോളം അധികമാണ് പലതിലും ഇൗയത്തിൻ്റെ സാന്നിധ്യം.
undefined
ഇൗയത്തിൻ്റെ അംശം അടങ്ങിയ വസ്തു വയറ്റിൽ എത്തുന്നതോ ശ്വസിക്കുന്നതോ അപടകരമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ന്യൂജെഴ്സിയിലെ റൂട്ജെഴ്സ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഡോ. ഡെറിക് ഷെൻഡൽ പറയുന്നു. ഗവേഷക സംഘം പരിശോധിച്ച അമേരിക്കയിലെ 83 ശതമാനം സാമ്പിളുകളിലും ഇന്ത്യയിൽ നിന്നുള്ള 78 ശതമാനത്തിലും ഒരു ഗ്രാമം സിന്ദൂരത്തിൽ ചുരുങ്ങിയത് ഒരു മൈക്രോഗ്രാം ഇൗയം അടങ്ങിയതായി കണ്ടെത്തി. മനുഷ്യരിൽ, പ്രത്യേകിച്ചും ആറ് വയസിന് താഴെയുള്ള കുട്ടികളിൽ ഇൗയത്തിൻ്റെ സാമിപ്യം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഷെൻഡൽ പറയുന്നു. രക്തത്തിൽ ഇൗയത്തിൻ്റെ നേരിയ അംശത്തിൻ്റെ സാന്നിധ്യമുണ്ടായാൽ ബുദ്ധി, ശ്രദ്ധിക്കാനുള്ള കഴിവ്, പഠന മികവ് തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്കയിലെ രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ഇൗയത്തിൻ്റെ സാന്നിധ്യം തടയുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധം എന്നും ഇവർ പറയുന്നു. സൗന്ദര്യവർധക വസ്തുക്കളിൽ ഒരുഗ്രാമിൽ 20 മൈക്രോഗ്രാമിൽ കവിഞ്ഞ് ഇൗയത്തിൻ്റെ സാന്നിധ്യം പാടില്ലെന്നാണ് അമേരിക്കൻ ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പരിധി നിശ്ചയിച്ചത്. എന്നാൽ അമേരിക്കയിൽ നിന്നുള്ള 19 ശതമാനത്തിലും ഇന്ത്യയിൽ നിന്നുള്ള 43 ശതമാനത്തിലും ഇൗ പരിധി കവിഞ്ഞിട്ടുണ്ട്. അഞ്ച് സാമ്പിളുകളിൽ പതിനായിരം മൈക്രോഗ്രാമിൽ അധികമാണ് ഇൗയത്തിൻ്റെ സാന്നിധ്യം. ഇതിൽ രണ്ടെണ്ണം ഇന്ത്യയിൽ നിന്നും മൂന്നെണ്ണം അമേരിക്കയിൽ നിന്നുമുള്ളതാണ്. 2007ന് ശേഷം ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഒരു കമ്പനിയുടെ ഉൽപ്പന്നത്തിൽ ഈയത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പൊതുമുന്നറിയിപ്പ് നൽകിയിരുന്നു. ഉൽപ്പന്നം കമ്പനി പിൻവലിക്കുകയും ചെയ്തിരുന്നു.
കണ്ണിന് ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുവായ കാജൽ ഉൾപ്പെടെയുള്ളവ ഈയത്തിൻ്റെ അംശം കണ്ടതിനെ തുടർന്ന് നിരോധിച്ചിരുന്നു. സിന്ദൂരത്തിലെ ഈയത്തിൻ്റെ സാന്നിധ്യം സംബന്ധിച്ച് തുടർനിരീക്ഷണം നടത്താനും ജനങ്ങളിൽ ബോധവത്കരണം നടത്താനുമാണ് പഠനം നടത്തിയവരുടെ തീരുമാനം. പഠനം അമേരിക്കൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.