തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന പെണ്‍ഭ്രൂണഹത്യയേയും ശൈശവ വിവാഹത്തെയും കുറിച്ചുള്ള മാധ്യമപ്രവര്‍ത്തക ഷാലെറ്റ് ജിമ്മിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിക്കേണ്ടിവരികയും പ്രസവിക്കേണ്ടി വരികയും ചെയ്യുന്ന പെണ്‍കുട്ടികളുടെ ഖേദകരമായ അവസ്ഥയാണ് ഗ്രാമത്തില്‍ കാണാന്‍ കഴിഞ്ഞതെന്ന് ഷാലെറ്റ് ജിമ്മി തന്‍റെ കുറിപ്പിൽ പറയുന്നു. ഒരു എന്‍ജിഒയൊടൊപ്പം നടത്തിയ യാത്രയിലാണ് ഷാലെറ്റ് അവിടെ നിലനില്‍ക്കുന്ന ദുരാചാരങ്ങളെ കുറിച്ച് നേരിട്ട് അറിഞ്ഞത്.
പോസ്റ്റിന്‍റെ പൂർണരൂപം....
undefined
സേലത്തെ കുപ്പന്നൂർ എന്ന ചെറിയൊരു ഗ്രാമം.
അവിടെ പെൺഭ്രൂണഹത്യ , ബാലവേല , ശൈശവ വിവാഹം, തൊട്ടുകൂടായ്മ എന്ന് വേണ്ട സകലമാന ദുരാചാരങ്ങളും ഇന്നും അതിൻറെ എല്ലാ ദൂഷ്യഫലങ്ങളോട് കൂടി നിലനിൽക്കുന്നു.
പുതിയതായി ചേർന്ന എൻജിഒ യിൽ അവരുടെ പ്രോജെക്ടസിനെ കുറിച്ചറിയുന്നതിനുള്ള സന്ദര്ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഞാനടങ്ങുന്ന ഒരു നാൽവർ സംഘം ആ ഗ്രാമത്തിൽ എത്തിയത്.
ഏകദേശം ഒരു അഞ്ചരയായി കാണും. ജോലിക്കു പോയവരൊക്കെ തിരികെ എത്തിത്തുടങ്ങിയിരുന്നു. പതുക്കെ ഞങ്ങൾ ഓരോരുത്തരെയുമായി പരിചയപ്പെടാൻ തുടങ്ങി.
കണിയമ്മാളുടെ കഥയിൽ നിന്ന് തന്നെ തുടങ്ങാം . അവൾക്കു വയസ്സ് 28. അതിനിടയിൽ പത്തു പ്രസവിച്ചു. സ്വമനസാലെ അല്ലെങ്കിലും, അതിൽ നാലെണ്ണം അലസിപ്പിച്ചു. പെൺകുഞ്ഞാകുമെന്നു ഒരു ജ്യോത്സ്യൻ ഗണിച്ചു പറഞ്ഞത്രെ.
ചോരയുടെ ഒരു കണിക പോലുമില്ലാത്തത്ര ശുഷ്കമായിരുന്നു അവളുടെ ദേഹം. ഒരിക്കൽ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങി കഴിച്ചു. എന്നിട്ടും, പിറ്റേദിവസം പ്രസവവേദനയോട് സമാനമായ വേദന കടിച്ചമർത്തി അവൾക്കു പാടത്തു പണിയെടുക്കാൻ പോകേണ്ടതായി വന്നു. ഇല്ലെങ്കിൽ അവളുടെ ആറു കുഞ്ഞുങ്ങൾ പട്ടിണിയിലാകും. ഭർത്താവിന് കിട്ടുന്ന കൂലി കൊണ്ട് മാത്രം ഒന്നുമാകുമായിരുന്നില്ല.
കുറച്ചു കഴിഞ്ഞപ്പോൾ കലശലായ മൂത്രശങ്ക. അവൾ എല്ലാവരുടെയും കൺവെട്ടത്തു നിന്ന് മാറി പാടത്തിൻറെ ഒരു കോണിൽ പോയി ഇരുന്നതും, അവളുടെ ഗർഭം അലസിപ്പോയതും ഒരുമിച്ചായിരുന്നു. അവൾക്കു ചിന്തിച്ചു നിൽക്കാൻ അധികം സമയമുണ്ടായിരുന്നില്ല.
തൻ്റെ ശരീരത്തിൽ നിന്ന് ഊർന്നിറങ്ങി പോയതിനെ അവൾ അവിടെ തന്നെ ഒരു കുഴിയിട്ടു മൂടി.
അവളെ പഴി ചാരാൻ വരട്ടെ.
ഒരു സമയത്തു, ആ ഗ്രാമത്തിൽ ഒരമ്മ പോലുമുണ്ടായിരുന്നില്ല ഈ കടുംകൈ ചെയ്യാത്തതായിട്ടു. ഏകദേശം 105 ലിംഗ നിർണ്ണയ കേന്ദ്രങ്ങൾ നിയമവിരുദ്ധമായി ആ ഗ്രാമത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഗണിച്ചു പറയുന്ന കുറെ ജോതിഷന്മാരും.
താൻ ചെയ്തത് ക്രൂരതയാണോ അല്ലയോ എന്നുള്ള ചിന്ത അവൾക്കുണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ ദിവസങ്ങളായി അവളുടെ വീട്ടിൽ അടുപ്പു പൂട്ടിയിട്ടില്ലെന്നു മാത്രം ഞങ്ങൾ അവിടെ ചെന്നപ്പോൾ മനസിലായി.
എന്നാൽ കുസുമത്തിനു താൻ ചെയ്തതിൻറെ വ്യാപ്തി മനസ്സിലായിരുന്നു. ചോദിച്ചപ്പോൾ ഉള്ളിൽ നിന്ന് വന്ന ഒരു നിലവിളി മാത്രമായിരുന്നു ഉത്തരം. ഇനി തൻ്റെ ഒരു കുഞ്ഞിനേയും ബലി കൊടുക്കില്ല എന്ന ദൃഢനിശ്ചയം ഉണ്ടായിരുന്നു പക്ഷെ ആ മുഖത്ത്. അവൾക്കു പ്രായം വെറും 20.
ഇതിനിടയിൽ മങ്കമ്മ ആരെന്നു പറഞ്ഞു കൊള്ളട്ടെ.
ജീവിതകാലം മുഴുവനും ആ ഗ്രാമത്തിലെ ഒരു ധനികന് വേണ്ടി, വെറും തുച്ഛ ശമ്പളത്തിന് കരാറുകാരനായി ജോലി ചെയ്തിരുന്ന ഒരു സാധു മനുഷ്യൻറെ മകൾ.
പതിനൊന്നു വയസ്സിൽ വധുവായ മങ്കമ്മ വൈകാതെ തന്നെ അമ്മയും ആയി. എന്നാൽ അവളും തൻ്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ അലസിപ്പിച്ചു കളഞ്ഞിട്ടുണ്ട്. എന്നാൽ അതിനുള്ള ഗുളിക വാങ്ങിക്കാനുള്ള നൂറു ഉറുപ്പിക തരപ്പെടാത്തതിനാൽ ഒരു വയറ്റാട്ടിയുടെ സഹായം തേടേണ്ടി വന്നു.
അതിനെക്കുറിച്ച് പറയാതിരിക്കുകയാവും ഭേദം.
ആർക്കാ പൂവ് ഉണ്ടാകുന്ന ചെടിയുടെ തണ്ടു വെട്ടി അതിൽ നിന്നിറ്റു വീഴുന്ന പാലോട് കൂടി സ്ത്രീയുടെ ഗുഹ്യ ഭാഗത്തിൽ കയറ്റിവയ്ക്കുന്നു. കുറച്ചു കഴിഞ്ഞോ, പിറ്റേ ദിവസമോ ആ തണ്ടോടു കൂടി ഭ്രൂണം പുറത്തു വരുന്നു. ഇത്തരത്തിലുള്ള ഗർഭമലസിപ്പിക്കൽ കാരണം സ്വന്തം ഗർഭപാത്രം വരെ നഷ്ടപ്പെട്ട ഒത്തിരി പേരുണ്ട്.
എന്നാൽ തനിക്കു വന്ന ഈ വിപത്തു ഒരു വിധിയാണെന്ന് കരുതി സമാധാനിക്കാൻ മങ്കമ്മ തയ്യാറായിരുന്നില്ല. അവൾ നഖശിഖാന്തം മേല്പറഞ്ഞ ദുരാചാരങ്ങൾക്കെതിരെ പൊരുതി. ആ പോരാട്ടം വര്ഷങ്ങള്ക്കു ശേഷം അവളെ ഒരു ചെറിയ എൻജിഒ രൂപീകരിക്കുന്നതിൽ കൊണ്ട് ചെന്നെത്തിച്ചു . അവരുടെ ശ്രമഫലമായി ഒരുപാട് സ്ത്രീകൾ തങ്ങളുടെ നിലനിൽപ്പിനു വേണ്ടി ഇന്ന് പൊരുതുകയാണ്.
മങ്കമ്മയാണ് ഞങ്ങൾക്ക് എല്ലാവരെയും പരിചയപ്പെടുത്തിതന്നിരുന്നത്.
ഒരുപാട് പേര് ആ സമയം ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ എപ്പോഴാണ് മീന എന്ന ഒരു ചെറിയ പെൺകുട്ടി എൻ്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങിയതെന്നെനിക്കറിയില്ല.
ഒരു പത്തു പതിനൊന്നു വയസ്സ് കാണും അവൾക്ക് . രണ്ടു വശത്തായി മുടി മെടഞ്ഞു ഒരു ചുവപ്പു റിബ്ബൺ കൊണ്ട് മടക്കി കെട്ടിയിട്ടുണ്ട്. ഒരു നിറം മങ്ങിയ ഷിമ്മിയാണ് വേഷം. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന മുഖമായിരുന്നു അവൾക്ക്. കൂടാതെ വിടർന്ന പുഞ്ചിരിയും.
അവൾ മുറുക്കി പിടിച്ചിരുന്ന എൻ്റെ കൈ വിയർത്തൊലിക്കുന്നുണ്ടായിരുന്നു . അത് കൊണ്ട്, ഞാൻ കൈ വിടുവിച്ചേക്കുമോ എന്ന് ഭയന്നിട്ടാകണം അവൾ ഇടയ്‌ക്കിടക്കെ അവളുടെ ഷിമ്മി കൊണ്ട് എൻ്റെ കയ്യിലെ വിയർപ്പു ഒപ്പി കൊണ്ടേ ഇരുന്നു.
വഴി നീളം അവൾ എന്നെ മാഡം എന്ന് മാത്രമാണ് വിളിച്ചോണ്ടിരുന്നത്.
ഞാൻ അത്രയ്ക്ക് പെട്ടെന്നൊന്നും അവളുടെ കൈ വിട്ടുകളയില്ല എന്ന് മനസിലായത് കൊണ്ടാവുമോ കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്നോട് പതിയെ ചോദിച്ചു
" നാൻ ഉങ്കളെ അക്കാന്നു കൂപ്പിടലാമ ,"
ഇത് കേട്ടതും ചെറുതായി എൻ്റെ കണ്ണിൽ നനവ് പടർന്നു.
"കൂപ്പിടലാമേ ," എന്ന് പറഞ്ഞതും അവളുടെ വിടർന്ന കണ്ണുകളിൽ പത്തരമാറ്റിന്റെ തിളക്കം.
ആ ഗ്രാമത്തിലെ മിക്കവാറും ആളുകൾ നിത്യവൃത്തിക്കായി തോട്ടിവേലയാണ് ചെയ്തിരുന്നത് . എന്നാൽ ചിലര് സാമ്പത്തികമായി ഉയർന്ന വിഭാഗക്കാരുടെ കരാര് ജോലിക്കാരായി ( Bonded Labourers ) ജീവിച്ചു മരിക്കുന്നു. വെറും മുന്നൂറു രൂപ മാസശമ്പളമാണ് അവർക്കു ഇപ്പോൾ കൊടുക്കുന്നത്.
അപ്പോഴാണ് മങ്കമ്മ ഞങ്ങളെ വെറും 32 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ പരിചയപ്പെടുത്തി തരുന്നത്. അവൾ ഒരു അമ്മുമ്മയാണ്. പതിനാലു വയസ്സ് പ്രായമുള്ള അവരുടെ മകൾ ഒരമ്മയും.
" എല്ലാ ശരിയാകുമോ," ആ 'അമ്മ ഒരു നിസ്സഹായതയോടു കൂടി എന്നോട് ചോദിച്ചു.മനസ്സിൽ നിന്ന് ഒരു നെടുവീർപ്പ് ഉയർന്നു വന്നെങ്കിലും ഞാൻ പ്രതികരിച്ചത്, " എല്ലാം ശരിയാകും" എന്നായിരുന്നു.
പല പത്രങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്നും മേല്പറഞ്ഞ സ്ഥിതിക്ക് മാറ്റമൊന്നുമില്ല.
തിരിച്ചു പോകാൻ നേരത്തു ഞാൻ മീനയുടെ കൈകൾ പതുക്കെ വിടുവിച്ചു. ആ കണ്ണിലെ തിളക്കം ഒന്ന് മങ്ങിയോ എന്ന് സംശയം . എങ്കിലും ആ വിടർന്ന പുഞ്ചിരി അങ്ങനെ തന്നെ ഉണ്ടായിരുന്നു.
ഭാവിയിൽ അവൾക്കു നേരിടേണ്ടി വരുന്ന ഒന്നിനെ കുറിച്ചും അന്ന് അവൾ ബോധവതിയായിരുന്നില്ല. ആ നിമിഷത്തിൽ ജീവിക്കുകയായിരുന്നു അവൾ.
നാളെ ഒരുപക്ഷെ അവളും ഒരു ബാലവധു ആകാം, ബാലവേല ചെയ്യേണ്ടി വന്നേക്കാം, ഇല്ലെങ്കിൽ ....ഇല്ല, ഇനി ഞാൻ കൂടുതലൊന്നും ആലോചിക്കുന്നില്ല. അങ്ങനെ ആവരുതേ എന്ന് ഉള്ളിൽ തട്ടി ആഗ്രഹിക്കുന്നു.
മീന ...നീയെന്നും എൻ്റെ പ്രാർത്ഥനകളിൽ ഉണ്ടായിരിക്കും
(പേരുകളെല്ലാം മാറ്റി ഉപയോഗിച്ചിരിക്കുന്നു.)
- ഷാലറ്റ് ജിമ്മി