സ്വന്തം പ്രസവവേദന കടിച്ചമർത്തിക്കൊണ്ടാണ് ഡോ. അമാൻഡ ഹെസ്സ് മറ്റൊരു സ്ത്രീയുടെ പ്രസവമെടുത്തത്. അമേരിക്കയിലെ കെൻ്റ്കിയിലാണ് സംഭവം. പ്രസവസമയമടുത്തതിനാൽ സ്വന്തം മുറിയിൽ കഴിയുമ്പോഴാണ് ഒരു യുവതിയുടെ നിലവിളി ഡോക്ടർ കേൾക്കാൻ ഇടയായത്.
സ്വന്തം വേദനയും അസ്വസ്ഥതകളും മറന്ന് അവർ ആ സ്ത്രീയുടെ മുറിയിലെത്തി. പ്രസവവേദനകൊണ്ട് പുളയുകയായിരുന്നു ആ സ്ത്രീ. പ്രസവം ഉടൻ നടന്നില്ലെങ്കിൽ അവരുടെ കുഞ്ഞിൻ്റെ ജീവൻ അപകടത്തിലാകുമെന്ന് ഗർഭിണിയെ പരിശോധിച്ച ഡോക്ടർ അമാൻഡയ്ക്ക് മനസ്സിലായി. കാരണം പൊക്കിൾക്കൊടി കുഞ്ഞിന്റെ കഴുത്തിൽ ചുറ്റികിടക്കുകയായിരുന്നു.
സ്ത്രീയെ ചികിത്സിക്കുന്ന ഡോക്ടർ എത്താൻ വൈകും എന്ന സാഹചര്യത്തിലാണ് ഡോ. അമാൻഡ സ്വന്തം പ്രസവവേദന സാരമാക്കാതെ അവരുടെ പ്രസവമെടുത്തത്. അമ്മയുടെ കുഞ്ഞിൻ്റെയും ജീവൻ രക്ഷിച്ചതിന് ശേഷം കുറച്ച് നിമിഷങ്ങൾക്കുളളിൽ ഡോക്ടറും ഒരു കുഞ്ഞിൻ്റെ അമ്മയായി. ഡോ. അമാൻഡ ഹെസ്സയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. രണ്ട് അമ്മമാരും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.