സ്‌ത്രീകളില്‍ വന്ധ്യതയുണ്ടാക്കുന്ന പുതിയൊരു കാരണം കൂടി !

By Web Desk  |  First Published Apr 14, 2017, 8:41 AM IST

വന്ധ്യതാ നിരക്ക് ഏറി വരുന്നതായാണ് ലോകാരോഗ്യസംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. സ്‌ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യത കൂടിവരികയാണ്. വന്ധ്യതയ്‌ക്ക് സ്‌ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത കാരണങ്ങളാണ്. ഇപ്പോഴിതാ, സ്‌ത്രീകളിലെ വന്ധ്യതയ്‌ക്ക് പുതിയൊരു കാരണം കൂടി വെളിപ്പെട്ടിരിക്കുന്നു. കോസ്‌മെറ്റിക് ഉല്‍പന്നങ്ങളുടെ അമിത ഉപയോഗം വന്ധ്യതയ്‌ക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളായ ക്രീമുകള്‍, സോപ്പ്, ഷാംപൂ, ഐ ക്രീം, ലിപ്‌സ്റ്റിക്, ബോഡി ലോഷന്‍, ഡിയോഡറന്റ്, ഫേക്ക് ടാന്‍, നെയില്‍ പോളിഷ് എന്നിവയൊക്കെ വന്ധ്യതയ്‌ക്ക് കാരണമാകും. ഇവയില്‍ അടങ്ങിയിട്ടുള്ള രാസവസ്‌തുക്കളാണ് വന്ധ്യതയ്‌ക്ക് കാരണമാകുന്നത്. കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളിലെ രാസവസ്‌തുക്കള്‍ ശരീരത്തിലുണ്ടാക്കുന്ന പാര്‍ശ്വഫലവും ഹോര്‍മോണ്‍ വ്യതിയാനവുമാണ് വന്ധ്യതയിലേക്ക് നയിക്കുന്നത്. മുംബൈയിലെ ഇന്ദിരാ ഐവിഎഫ് സെന്ററിലെ മുതിര്‍ന്ന ഡോക്‌ടര്‍ സാഗരിക അഗര്‍വാളാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആന്റി ബാക്‌ടീരിയല്‍ സോപ്പില്‍ അടങ്ങിയിട്ടുള്ള ട്രികോളോസാന്‍ എന്ന ഘടകം ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകുമെന്ന് സാഗരിക അഗര്‍വാള്‍ പറയുന്നു. 2013ലെ അസോചാം റിപ്പോര്‍ട്ട് പ്രകാരം 16-21 വയസ് പ്രായമുള്ള 75 ശതമാനം ഇന്ത്യക്കാര്‍ കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ക്കായി പ്രതിമാസം 6000 രൂപ വരെ ചെലവാക്കുന്നുണ്ട്. ഇന്ത്യയില്‍ സ്‌ത്രീകളിലെ വന്ധ്യത കൂടാന്‍ ഇതൊരു കാരണമാണെന്നാണ് ഡോ. സാഗരിക അഗര്‍വാള്‍ പറയുന്നത്.

Latest Videos

കടപ്പാട്- ഇന്ത്യാടൈംസ്

click me!