വിവാഹിതരായ പെണ്‍കുട്ടികള്‍, കോളേജിലെ മറ്റു വിദ്യാര്‍ത്ഥികളുടെ പഠനം വഴിതെറ്റിക്കുന്നുവെന്ന് ആക്ഷേപം. എവിടെനിന്നാണെന്നല്ലേ, നമ്മുടെ അടുത്തുള്ള തെലങ്കാന സംസ്ഥാനത്തുനിന്നാണ് വിവാദമായ ഉത്തരവ് വന്നിരിക്കുന്നത്. ഇതേകാരണം കൊണ്ട് ഹോസ്റ്റലില്‍നിന്ന് പഠിക്കുന്നതില്‍നിന്ന് വിവാഹിതരായ വിദ്യാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. തെലങ്കാന സര്‍ക്കാരിന്റെ അധീനതയിലുള്ള സോഷ്യല്‍ വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സൊസൈറ്റി വെബ്സൈറ്റിലൂടെയാണ് പുതിയ നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നത്. വിവാഹശേഷം ഹോസ്റ്റലിലേക്ക് വരുന്ന വിദ്യാര്‍ത്ഥിനികള്‍, ദാമ്പത്യബന്ധം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സംസാരിക്കുന്നതുകാരണം മറ്റു വിദ്യാര്‍ത്ഥിനികളുടെ പഠനം അവതാളത്തിലാകുന്നുവെന്നാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റെസിഡന്‍ഷ്യല്‍ എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സൊസൈറ്റി വക്താക്കളുടെ വിശദീകരണം.
അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള ബിരുദപ്രവേശനത്തിനുള്ള നോട്ടിഫിക്കേഷനില്‍ വിവാഹിതരല്ലാത്തവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ വിവാഹിതരായവര്‍ അടുത്ത അധ്യായനവര്‍ഷം കോളേജ് ഹോസ്റ്റലില്‍നിന്ന് പുറത്തുള്ള സ്വകാര്യ ഹോസ്റ്റലുകളിലേക്ക് താമസം മാറ്റണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരത്തില്‍ നാലായിരത്തോളം പേര്‍ ഹോസ്റ്റലുകളിലുണ്ടെന്നാണ് സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്ക്. തെലങ്കാനയില്‍ 23 വനിതാ റെസിഡന്‍ഷ്യല്‍ കോളേജുകളുണ്ട്. ഈ കോളേജുകളില്‍ ഓരോ വര്‍ഷവും 280 വിദ്യാര്‍ത്ഥിനികളാണ് പുതിയതായി പ്രവേശനം നേടുന്നത്. ഇതില്‍ പത്തുശതമാനത്തിലേറെ വിദ്യാര്‍ത്ഥിനികള്‍ വിവാഹിതരായിരുന്നുവെന്നാണ് കണക്ക്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവാഹം കഴിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും കൂടുതലാണ്.