അര്‍ബുദ രോഗികള്‍ക്കായി ഈ പെണ്‍കുട്ടികള്‍ സമ്മാനിച്ചത്...

By Web Desk  |  First Published May 27, 2017, 4:19 PM IST

ഇടതൂര്‍ന്ന മുടിയിഴകള്‍ പെണ്ണഴകിന് മകുടം ചാര്‍ത്തുന്ന അടയാളമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഈ അഴക് വേണ്ടെന്ന് വെയ്‌ക്കുന്നവരുണ്ടോ? ജീവകാരുണ്യത്തിനായി പെണ്‍കുട്ടികള്‍ മുടി മുറിച്ച് നല്‍കാന്‍ തയ്യാറാകുന്നത് ഇന്ന് അസാധാരണമായ കാര്യമല്ല. ഇവിടെയിതാ, അര്‍ബുദരോഗ ചികില്‍സയെ തുടര്‍ന്ന് മുടി കൊഴിയുന്ന രോഗികള്‍ക്കായി മുടി മുറിച്ചുനല്‍കിയിരിക്കുകയാണ് ഒരുകൂട്ടം യുവതികള്‍. വാകമരച്ചോട്ടില്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയിലെ കാസര്‍കോട്ടുനിന്നുള്ള അംഗങ്ങളാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കിയത്. 

മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി തനുഷ, കാസര്‍കോട് സര്‍ക്കാര്‍ കോളേജിലെ ഇംഗ്ലീഷ് അധ്യാപിക അമ്പിളി, കാഞ്ഞങ്ങാട് കോടതിയിലെ അഡ്വക്കേറ്റ് അനുപ്രിയ, ബിഎഡ് വിദ്യാര്‍ത്ഥിനി ആതിര, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ മഞ്ജുള എന്നിവരാണ് അര്‍ബുദ രോഗികള്‍ക്കായി സ്വന്തം മുടി മുറിച്ചു നല്‍കിയത്. കാസര്‍കോട് ഹോസ്ദുര്‍ഗ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍വെച്ച് നിരവധി വിദ്യാര്‍ത്ഥികളെ ഉള്‍പ്പടെ സാക്ഷിയാക്കിയാണ് ഇവര്‍ മുടി മുറിച്ച് നല്‍കിയത്. 
ര്‍ബുദ രോഗികള്‍ക്ക് കീമോ തെറാപ്പി ചികില്‍സ നല്‍കുമ്പോള്‍ സ്വാഭാവികമായും മുടി കൊഴിയാറുണ്ട്. ഇത് പല രോഗികളിലും ആത്മവിശ്വാസം നഷ്‌ടമാക്കാന്‍ ഇടയാക്കും. ഇതിന് പരിഹാരമായാണ് ഇവര്‍ക്ക് വിഗ് നല്‍കുകയാണ് പതിവ്. വിഗ് ഉണ്ടാക്കുന്നതിനായാണ് പെണ്‍കുട്ടികള്‍ മുടി മുറിച്ച് നല്‍കുന്നത്. മുറിച്ച മുടി, ഹെയര്‍ബാങ്ക് സംഘടനയ്‌ക്ക് അയച്ചുകൊടുത്തു. 

Latest Videos

മുടിമുറിച്ച് നല്‍കുന്നതിലൂടെ രോഗികള്‍ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് വാകമരച്ചോട്ടില്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയിലെ പെണ്‍കുട്ടികള്‍. 25000 രൂപ വരെയാണ് ഒരു വിഗ്ഗിന് വില വരിക. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് ഇത് വാങ്ങാന്‍ പ്രയാസമാണ്. ഇത്തരം സാഹചര്യത്തിലാണ് മുറിച്ചുനല്‍കുന്ന മുടി ഉപകാരപ്പെടുക. 

click me!