സിന്ധുവിന്റെ തീന്‍മേശ ശരിക്കുമൊരു ആര്‍ട്ട് ഗ്യാലറി തന്നെ

By ANJU M  |  First Published May 25, 2017, 8:57 AM IST

ഭക്ഷണം പാകം ചെയ്യുന്നത് ഒരു കലയാണ് എന്ന് പറയാറുണ്ട്. അത് മനോഹരമായി വിളമ്പുക കൂടി ചെയ്താലോ? അലങ്കാരങ്ങളോടെ വിളമ്പുന്നത് ഇന്നൊരു പുതുമയൊന്നുമല്ല. കഴിക്കാനുള്ള ഭക്ഷണം ഒരു ചിത്രം പോലെ മുമ്പില്‍ എത്തിയാലോ?

ഭക്ഷണം കഴിക്കാന്‍ മടിയുള്ള കൊച്ചുകുട്ടികളുടെ ശരീരത്തില്‍ ആവശ്യമായ പോഷകങ്ങള്‍ എത്തിക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗം വേറെയില്ല.
ഇത്തരത്തില്‍ തന്റെ കുഞ്ഞിനു വേണ്ടി ഭക്ഷണംകൊണ്ട് തീന്‍മേശ ഒരു ആര്‍ട്ട് ഗാലറി തന്നെ ആക്കിയ സിന്ധു രാജനെ പരിചയപ്പെടാം..

Latest Videos

undefined

ഭക്ഷണപ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മകളായ ഫുഡീസ് പാരഡൈസ്, ഫുഡ് ഓണ്‍ സ്‌ട്രീറ്റ് എന്നിവയിലെ മിന്നും താരമാണ് സിന്ധു. ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന സിന്ധു ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം വാഷിങ്ടണിലാണ് താമസം.

ഫുഡ് ആര്‍ട്ടിനോട് ഇഷ്ടം തോന്നിയത്..

കല്യാണത്തിന് മുന്‍പ് അടുക്കളയില്‍ കേറാത്ത പെണ്‍കുട്ടി. അമ്മയായപ്പോള്‍ മകള്‍ക്കുവേണ്ടി ഒരുപാട് മാറി. അവളെ കഴിപ്പിക്കാന്‍ വേണ്ടി ചെയ്തു തുടങ്ങിയതാണ്. അത് കൊണ്ട് ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണം അവളെ കഴിപ്പിക്കാന്‍ പറ്റുന്നുണ്ട്. മകള്‍ക്കും സന്തോഷം, അമ്മക്കും സന്തോഷം.

ചിത്രകാരിയാണോ?

കോളേജില്‍ പഠിക്കുമ്പോള്‍ റെക്കോഡ് ബുക്കില്‍ വരച്ചിട്ടുണ്ട്. അല്ലാതെ ചിത്രകലയുമായി വലിയ ബന്ധമില്ല. പക്ഷേ ഇപ്പോ ദോശയില്‍ വരക്കല്‍ ആണ് പ്രധാന ഹോബി.പിന്നെ ഡി.ഐ.വൈ ( ഡു ഇറ്റ് യുവര്‍സെല്‍ഫ്) ആര്‍ട്ടും ക്രാഫ്റ്റും ചെയ്യാറുണ്ട്.  മകള്‍ക്ക് അമ്പിളിയെ വലിയ ഇഷ്ടമാണ്. അവള്‍ടെ രണ്ടാം പിറന്നാളിന് ചന്ദ്രനെ പ്രമേയമാക്കി എന്തെങ്കിലും ചെയ്യാം എന്ന് കരുതി. കടകളില്‍ ചെന്നപ്പോഴാണ് അമ്പിളിയെ അത്ര എളുപ്പം കിട്ടില്ല എന്ന് മനസ്സിലായത്. പിന്നെ സ്വയം ഉണ്ടാക്കി. അതുപോലെ അവളുടെ മൂന്നാം പിറന്നാളിന് കല്ലുകള്‍ കൊണ്ട് വണ്ടിനെ ഉണ്ടാക്കി.

മകളെപ്പറ്റി..

മകള്‍ സമീരാ. ഇപ്പോള്‍ മൂന്നര വയസ്സായി. കുടുംബവും കൂട്ടുകാരും പിന്തുണക്കുന്നുണ്ട് എങ്കിലും സിന്ധുവിലെ കലാകാരിയെ പുറത്തെത്തിച്ചത് മകളാണ്. അവളുടെ ഭക്ഷണസമയങ്ങള്‍ എങ്ങനെ ആഹ്ലാദകരമാക്കാം എന്നതിനുള്ള ഉത്തരങ്ങളാണ് സിന്ധുവിന്റെ ഓരോ ഫുഡ് ആര്‍ട്ടും. അവളുടെ ഭക്ഷണപാത്രത്തെ ഒരു ക്യാന്‍വാസായി കണ്ട് അവളുടെ ഭാവനകള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊണ്ട് ജീവന്‍ നല്‍കുക, അതും പോഷകസമൃദ്ധമായിത്തന്നെ.

മകളുടെ ഭക്ഷണത്തില്‍ ഇലക്കറികള്‍ ധാരാളമായി ഉള്‍പ്പെടുത്താറുണ്ട്. പഴങ്ങള്‍ ജ്യൂസ് ആക്കാതെ ആകര്‍ഷകമായ രൂപങ്ങളാക്കി അവതരിപ്പിക്കും. കുഞ്ഞിനും അതിഷ്ടമാണ്.

പലപ്പോഴും കുക്കീകട്ടര്‍ ഉപയോഗിച്ച് ആല്‍ഫബെറ്റ്‌സ് മുറിച്ച് കൊടുത്ത് അമ്മയെ സഹായിക്കാറുമുണ്ട് സമീരാ.

ഭാര്യയുമാണ്..

ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് അദ്ദേഹത്തിന് വേണ്ടിയും ഭക്ഷണപാത്രം ക്യാന്‍വാസാക്കി മാറ്റാറുണ്ട് ഞാന്‍. എല്ലാ ഫാദേര്‍സ് ഡേയിലും എന്തെങ്കിലും ക്രാഫ്റ്റ് വര്‍ക്കുകളും സമ്മാനിക്കാറുണ്ട്. ഭര്‍ത്താവ് മഹേഷ് കുഞ്ഞപ്പന്‍, ഐ.ബി.എമ്മില്‍ ജോലി ചെയ്യുന്നു.

പാചകകലയിലെ അധ്യാപകര്‍..

തീര്‍ച്ചയായും ബാലപാഠങ്ങള്‍ അമ്മയില്‍ നിന്നുതന്നെ. അമ്മയുടെ പേര് പ്രസന്ന സോമരാജന്‍. അച്ഛന്‍ സോമരാജന്‍ എയര്‍ഫോഴ്‌സില്‍ ആയിരുന്നു. എയര്‍ഫോഴ്‌സ് കോര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന സമയത്ത് നോര്‍ത്തിന്ത്യന്‍ ആന്റിമാര്‍ അമ്മ പച്ചക്കറികള്‍ കൃത്യതയോടെ അരിയുന്നത് അത്ഭുതത്തോടെ കണ്ടുനില്‍ക്കാറുണ്ട് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പ്രത്യേകിച്ച് ചീരയും സാമ്പാര്‍ കഷണങ്ങളും ഒക്കെ അരിയുമ്പോള്‍. കൃത്യമായി അരിയാന്‍ ഉള്ള അമ്മയുടെ ആ കഴിവ് മകള്‍ക്കും കിട്ടിയിട്ടുണ്ടാകണം.

ഭര്‍ത്താവിന്റെ അച്ഛന്‍ പി.വി.കുഞ്ഞപ്പനും അമ്മ ലക്ഷ്മി കുഞ്ഞപ്പനും കൊച്ചിയില്‍ ആണ് താമസിക്കുന്നത്. അമ്മയുടെ പാചകവും എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് രുചികരമായ ഉച്ചയൂണും അത്താഴവും ഒക്കെ ഒരുക്കാന്‍ മിടുക്കിയാണ് അമ്മ. അതെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
 
പ്രചോദനമായി സൗഹൃദവും..

സഹോദരി പ്രജനി രാജനും സുഹൃത്ത് ഖുഷാലും എല്ലാം സിന്ധുവിന് പൂര്‍ണ്ണ പിന്തുണയേകുന്നു. കുടുംബവും കൂട്ടുകാരും നല്‍കുന്ന പ്രചോദനം ചെറുതല്ല. ഒന്നാം ക്ലാസുമുതല്‍ പത്താംക്ലാസ് വരെ കൂടെ പഠിച്ച നിത ബാലകുമാറും ഡയാന ജോര്‍ജ്ജും ഇപ്പോഴും സിന്ധുവിന്റെ അടുത്ത കൂട്ടുകാരാണ്. നിത ഇപ്പോള്‍ കൊച്ചിയിലും ഡയാന ഓസ്‌ട്രേലിയയിലും ആണ്. കാലത്തിന്റേയും ദൂരത്തിന്റേയും അകലമൊന്നും സൗഹൃദത്തെ ബാധിച്ചിട്ടേയില്ല. എപ്പോള്‍ വേണമെങ്കിലും പുതിയ ആശയങ്ങളും വിമര്‍ശനങ്ങളുമായി സിന്ധുവിന്റെ ഫുഡ് ആര്‍ട്ടിന് പിന്തുണയേകാന്‍ ഒരു ഫോണ്‍കോളിനപ്പുറത്ത് അവരുണ്ടാകും.

തയ്യാറാക്കിയത്- അഞ്ജു എം

click me!