വീടണയും മുമ്പേ റോഡിൽ പൊലിഞ്ഞ മകളെ ഇതിലും നന്നായി എങ്ങനെ ആ മാതാപിതാക്കൾക്ക് യാത്രയാക്കാനാവും. മകൾ ഒരുപിടി ചിതാഭസ്മമോ മണ്ണിലോ ഒടുങ്ങിയാലും അവളുടെ കണ്ണുകൾ ലോകത്തിന്‍റെ വെളിച്ചമായി പ്രകാശിക്കും. ബസിടിച്ചു ദാരുണമായി മരിച്ച ഇൻഡോറിലെ ദില്ലി പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കൃതി അഗർവാളിന്‍റെ കണ്ണുകളും ചർമവുമാണ് രക്ഷിതാക്കൾ ദാനം ചെയ്യാൻ തീരുമാനിച്ചത്.
പതിമൂന്നുകാരിയായ കൃതി നീണ്ട അവധിക്ക് ശേഷം വീട്ടിലെത്താൻ ബസ് യാത്രക്കിടെയായിരുന്നു അപകടം തേടിയെത്തിയത്. ഇറങ്ങാനുള്ള സ്റ്റോപ്പും പ്രതീക്ഷിച്ച് ബസ്സിന്‍റെ മുൻവശത്തായിരുന്നു കൃതി ഇരുന്നിരുന്നത്.
undefined
ബൈപാസ്സ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട ബസ് ട്രക്കിൽ ഇടിക്കുകയായിരുന്നു. കൃതി ഉൾപ്പെടെ നാല് പേർ മരിച്ചു. വേർപാടിന്‍റെ വേദന അമർത്തിപിടിച്ചുകൊണ്ട് കൃതിയുടെ കണ്ണുകളും ചർമവും ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. മരിച്ച കുട്ടികളിൽ മുതിർന്നവൾ ആണ് കൃതി.
ഹർപ്രീത് കൗർ 8, ശ്രുതി ലുധിയാനി 6, സ്വസ്തിക് പാണ്ഡ്യാ 12, എന്നിവരാണ് മരിച്ച മറ്റു കുട്ടികൾ. നാല് കുട്ടികൾക്ക് പുറമെ ബസ് ഡ്രൈവറും അപകടത്തിൽ മരിച്ചു. അപകടത്തിൽ മധ്യപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ നിഷാന്ത് വാർവാടെ അറിയിച്ചു.