എമാന്‍ യുഎഇയിലേക്ക്; പോകരുതെന്ന് ഡോക്ടര്‍

By Web Desk  |  First Published Apr 30, 2017, 6:13 AM IST

ശരീരഭാരം കുറയ്‌ക്കുന്നതിനുള്ള ചികില്‍സയ്‌ക്കായി ഇന്ത്യയിലെത്തിയ ഈജ്‌പിഷ്യന്‍ സ്വദേശിനിയും ലോകത്തെ ഏറ്റവും ഭാരമുണ്ടായിരുന്ന സ്ത്രീയുമായിരുന്ന എമാന്‍ അഹ്മദ് ഇന്ത്യ വിടുന്നു. കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സയ്‌ക്കായി യുഎഇയിലെ ആശുപത്രിയിലേക്കാണ് എമാനെ കൊണ്ടുപോകുന്നത്. മുംബൈയിലെ സെയ്ഫീ ആശുപത്രിയില്‍ ചികില്‍സയിലാണ് എമാന്‍. എന്നാല്‍ ഇന്ത്യയില്‍ ശരിയായ ചികില്‍സ ലഭിച്ചില്ലെന്ന ആരോപണവുമായി എമാന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എമാനെ ചികില്‍സിക്കാന്‍ അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രി അധികൃതര്‍ രംഗത്തുവരികയും ചെയ്തു. ഇതിന്റെ ഭാഗമായി എമാനെ കഴിഞ്ഞദിവസം ബുര്‍ജീല്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ സന്ദര്‍ശിച്ചിരുന്നു. അതിനിടെ എമാന്‍ ഇപ്പോള്‍ ആശുപത്രി വിടുന്നത് അപകടകരമായിരിക്കുമെന്ന മുന്നറിയിപ്പുമായി ചികില്‍സയ്‌ക്ക് നേതൃത്വം നല്‍കുന്ന ഡോ. മുഫാസല്‍ ലക്‌ടാവാല രംഗത്തെത്തി. എമാന് ഏറ്റവും മികച്ച ചികില്‍സയാണ് നല്‍കിയതെന്ന് ഡോക്‌ടര്‍ പറയുന്നു. കാര്‍ഗോ ഫ്ലൈറ്റില്‍ കിടത്തിയാണ് ഫെബ്രുവരിയില്‍ എമാനെ മുംബൈയിലേക്ക് കൊണ്ടുവന്നത്. അന്ന് 500 കിലോയോളം ഭാരം എമാന് ഉണ്ടായിരുന്നു. ഇപ്പോള്‍ അത് 176.6 കിലോയായി കുറഞ്ഞു. കിടത്തിക്കൊണ്ടുവന്നയാളെ കസേരയില്‍ ഇരിക്കാവുന്ന സ്ഥിതിയിലേക്ക് എത്തിച്ചു. എമാനെ നടത്തിക്കാമെന്ന് ഇവിടെനിന്ന് ആരും ഉറപ്പ് നല്‍കിയിട്ടില്ല. അക്കാര്യം പറഞ്ഞാണ് ചികില്‍സ പോരായ്‌മ ആരോപിക്കുന്നത്. എന്നാല്‍ ഒന്നിലേറെ തവണ സ്‌ട്രോക്ക് വന്നിട്ടുള്ള എമാനെ നടത്തിക്കുക എന്നത് എളുപ്പമല്ലെന്നും ഡോക്‌ടര്‍ പറയുന്നു.

click me!