തീവണ്ടി തട്ടി മരണംകാത്തുകിടക്കുമ്പോഴും സ്വന്തം കുഞ്ഞിന് മുലയൂട്ടിയ അമ്മ

By Web Desk  |  First Published May 25, 2017, 3:11 PM IST

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വിവരാണാതീതമാണ്. അമ്മയുടെ മുലപ്പാലിലൂടെയാണ് ആ ബന്ധം ദൃഢമാകുന്നത്. ഏതൊരു അമ്മയ്‌ക്കും തന്റെ കുഞ്ഞ് കഴിഞ്ഞേ മറ്റ് എന്തുമുള്ളു. തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ് മരണം കാത്തു കിടക്കുന്ന അമ്മ, സ്വന്തം കുഞ്ഞിന് പാലൂട്ടുന്ന ഹൃദയഭേദകമായ നിമിഷങ്ങളെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ. മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലില്‍ നിന്ന് 250 കിലോമീറ്റര്‍ ദൂരെയുള്ള ദാമോഹില്‍നിന്നാണ് ഹൃദയം തകര്‍ക്കുന്ന ഈ ദൃശ്യങ്ങളെത്തുന്നത്. തീവണ്ടി തട്ടി മരിച്ച അമ്മയുടെ ചൂടുമാറാത്ത ശരീരത്തില്‍നിന്ന് പാലുകുടിക്കുന്ന ഒരുവയസുള്ള കുഞ്ഞ്. കരഞ്ഞും കൈതട്ടി വിളിച്ചും ഇതിനിടെ അവന്‍ അമ്മയെ ഉണര്‍ത്താനും ശ്രമിക്കുന്നു. ആളുകളുടെ കണ്ണില്‍പ്പെടുമ്പോഴേക്കും തലക്ക് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചിരുന്നു. തീവണ്ടിയില്‍നിന്ന് വീണോ തീവണ്ടി തട്ടിയോ ആണ് അപകടം. മരണം കാത്തുകിടക്കുമ്പോഴും മകന് മുലപ്പാലുകൊടുക്കാന്‍ അമ്മ ശ്രമിച്ചിരുന്നു. അവസാനമായി അമ്മ നല്‍കിയ ഒരു ബിസ്‌കറ്റും കുഞ്ഞിന്റെ കയ്യിലുണ്ടായിരുന്നു.

ഇനി പറയുന്നതാണ് ഇപ്പോള്‍ കേട്ടതിലുമപ്പുറം ദാരുണം. അമ്മയുടെ മൃതശരീരവും വിശന്നുകരയുന്ന കുഞ്ഞിനേയും താമസിയാതെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അഡ്മിഷന്‍ ഫീസായ പത്തുരൂപ നല്‍കാന്‍ ആളില്ലാത്തതുകൊണ്ട് കുഞ്ഞിനെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു എന്നാണ് വാര്‍ത്ത. ആശുപത്രിയിലെ തന്നെ ഒരു ജീവനക്കാരനാണ് പിന്നീട് ഈ പണം നല്‍കിയത്.

Latest Videos

click me!