സാരികള്‍ വാഷിംഗ് മെഷീനില്‍ അലക്കാമോ?

By Web Team  |  First Published Feb 1, 2019, 11:55 AM IST

വലിയ വില കൊടുത്തുവാങ്ങുന്ന സാരികള്‍ പലപ്പോഴും രണ്ട് അലക്ക് കഴിയുമ്പോള്‍ തന്നെ നിറം മങ്ങി, തുണി നേര്‍ത്ത് നശിച്ചുപോകുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇത് ഒരുപക്ഷേ വാഷിംഗ് മെഷീന്‍ ഉപയോഗത്തിന്റെ പ്രശ്‌നമായിരിക്കുമോ? അങ്ങനെയാണെങ്കില്‍ എന്തെല്ലാമാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്?


ഇപ്പോള്‍ മിക്കവാറും എല്ലാ വീടുകളിലും തുണിയലക്കുന്നത് വാഷിംഗ് മെഷീനുകള്‍ തന്നെയാണ്. കൈ കൊണ്ട് അലക്കുന്നതും, കല്ലിലടിച്ച് അലക്കുന്നതുമെല്ലാം വളരെ അപൂര്‍വ്വം. ഒരുവിധപ്പെട്ട എല്ലാ തരം വസ്ത്രങ്ങളും വാഷിംഗ് മെഷീന്‍ തന്നെ അലക്കും. എന്നാല്‍ സാരിയുടെ കാര്യത്തില്‍ ഇത് നല്ലതാണോ? 

വലിയ വില കൊടുത്തുവാങ്ങുന്ന സാരികള്‍ പലപ്പോഴും രണ്ട് അലക്ക് കഴിയുമ്പോള്‍ തന്നെ നിറം മങ്ങി, തുണി നേര്‍ത്ത് നശിച്ചുപോകുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇത് ഒരുപക്ഷേ വാഷിംഗ് മെഷീന്‍ ഉപയോഗത്തിന്റെ പ്രശ്‌നമായിരിക്കുമോ? അങ്ങനെയാണെങ്കില്‍ എന്തെല്ലാമാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്?

Latest Videos

undefined

വാഷിംഗ് മെഷീനില്‍ സാരി അലക്കുമ്പോള്‍...

സാരി വാഷിംഗ് മെഷീനില്‍ അലക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ അതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് സാരിയുടെ 'മെറ്റീരിയല്‍'. പട്ടുസാരിയാണെങ്കില്‍ ഒരിക്കലും വാഷിംഗ് മെഷീനിലിടരുത്. അതുപോലെ കൈ കൊണ്ടും അലക്കരുത്. അത് ഡ്രൈക്ലീനിംഗിന് നല്‍കുന്നതാണ് ഏറ്റവും നല്ലത്. 

കോട്ടണ്‍ സാരിയുടെ കാര്യത്തില്‍, വിലകൂടിയ മുന്തിയ കോട്ടണ്‍ ആണെങ്കില്‍ ഡ്രൈക്ലീനിംഗ് തന്നെയാണ് നല്ലത്. അതല്ലെങ്കില്‍ ഷാമ്പൂ വാഷ് ചെയ്‌തെടുക്കാം. ഷാമ്പൂ വാഷ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക, ജീന്‍സോ മറ്റ് വസ്ത്രങ്ങളോ അലക്കുന്നതുപോലെ പരുക്കന്‍ രീതിയില്‍ ഒരിക്കലും അലക്കരുത്. കൈ കൊണ്ട് ഉരച്ച് പതിയെ വേണം ഇത് നനയ്ക്കാന്‍. 

ഇനി സിന്തറ്റിക്കോ പോളിസ്റ്ററോ ഒക്കെയാണെങ്കില്‍ ഒന്നും നോക്കണ്ട. ധൈര്യമായി വാഷിംഗ് മെഷീനില്‍ ഇട്ടോളൂ. 

അതുപോലെ തന്നെ കരുതേണ്ട ഒന്നാണ് നിറവും. നിറം ഇളകുന്ന സാരിയാണെങ്കില്‍ അത് മെഷീനില്‍ അലക്കരുത്. തിരിച്ച് സാരിയിലേക്ക് നിറം പിടിക്കാന്‍ സാധ്യതയുള്ള മറ്റ് വസ്ത്രങ്ങള്‍ ഇതോടൊപ്പം അലക്കുന്നതും ഒഴിവാക്കുക.

ഏതുതരം സാരിയാണെങ്കിലും പരമാവധി 'ടെംപറേച്ചര്‍' 40 ഡിഗ്രി സെന്റിഗ്രേഡ് വരെ ആകുന്നതാണ് നല്ലത്. ഇതിന് മുകളില്‍ പോകുന്നത് സാരിക്ക് കേടുപാടുകളുണ്ടാകാന്‍ കാരണമായേക്കും. കോട്ടണ്‍ സാരികള്‍ക്ക് സാധാരണഗതിയില്‍ 15 മിനുറ്റ് പ്രോഗ്രാം സെറ്റ് ചെയ്താല്‍ മതിയാകും. അതല്ലാത്ത മെറ്റീരിയലുകളില്‍ ഉള്ളവയാണെങ്കില്‍ മറ്റ് വസ്ത്രങ്ങള്‍ അലക്കുന്നതുപോലെ തന്നെ അലക്കാം. 

അല്‍പം വില കൊടുത്തുവാങ്ങുന്ന സാരിയാണെങ്കില്‍ എപ്പോഴും അത് വാങ്ങിക്കുമ്പോള്‍ തന്നെ നനയ്ക്കുന്നതിന് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ വായിക്കുക. ഇത് അനുസരിച്ച് മാത്രം അലക്കുക. പലപ്പോഴും ഈ നിര്‍ദേശങ്ങള്‍ ആദ്യം തന്നെ കീറിക്കളയുന്നതാണ് പിന്നീട് ആശയക്കുഴപ്പമുണ്ടാക്കുന്നത്. 

click me!