സൗന്ദര്യവര്‍ധനയ്‌ക്കായി പലവിധ ചികില്‍സകള്‍ പ്രചാരത്തിലുണ്ട്. വിദേശത്ത് അത്യാധുനിക സൗന്ദര്യവര്‍ധക ചികില്‍സകള്‍ തേടിപോകുന്ന സിനിമാതാരങ്ങളും ഫാഷന്‍ മോഡലുകളും നമ്മുടെ നാട്ടില്‍പ്പോലും ഉണ്ട്. എന്നാല്‍ ഇത്തരം ചികില്‍സയുടെ ഭാഗമായി മുഖത്ത് ഇഞ്ചക്ഷന്‍ എടുത്ത, മുന്‍ സൗന്ദര്യറാണി ആശുപത്രിയില്‍ മരണപ്പെട്ടു. ബ്രസീലിലാണ് സംഭവം. ബ്രസീലിലെ അറിയപ്പെടുന്ന മോഡലും മുന്‍ സൗന്ദര്യറാണിയുമായ റാക്വില്‍ സാന്റോസാണ് മുഖത്ത് എടുത്ത കുത്തിവെയ്പ്പിനെ തുടര്‍ന്ന് മരിച്ചത്. ചിരിക്കുമ്പോള്‍ കവിളിലുണ്ടാകുന്ന നുണക്കുഴി മാറ്റുന്നതിനായി കോസ്‌മെറ്റിക് ശസ്‌ത്രക്രിയയ്‌ക്ക് റാക്വില്‍ സാന്റോസ് വിധേയയായിരുന്നു. ഇതിനുശേഷം മുഖത്ത് ഇഞ്ചക്ഷന്‍ എടുത്ത റാക്വില്‍ സാന്റോസിന് ഉടന്‍തന്നെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. റിയോ ഡി ജനീറോയ്‌ക്ക് സമീപം നൈറ്റെറോയ് എന്ന സ്ഥലത്തെ കോസ്‌മെറ്റിക് ക്ലിനിക്കില്‍വെച്ചാണ് റാക്വില്‍ മരിച്ചത്. മുസാ ഡോ ബ്രസീല്‍ എന്ന സൗന്ദര്യ മല്‍സരത്തില്‍ ഫൈനലിലെത്തിയതോടെയാണ് റാക്വില്‍ സാന്റോസ് ശ്രദ്ധേയമാകുന്നത്. പിന്നീട് ഫാഷന്‍ - മോഡലിംഗ് രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു അവര്‍.