ശബരിമല തീത്ഥാടകർ ആധാര്‍ മറക്കരുതെന്ന് ദേവസ്വം ബോർഡ്; വെര്‍ച്വല്‍ ക്യൂവിന് പുറമേ 10000 പേർക്ക് പ്രവേശനം

By Web Team  |  First Published Nov 7, 2024, 12:47 PM IST

70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകൾ ഉണ്ടാകും.


പത്തനംതിട്ട: ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകൾ ഉണ്ടാകും. ഇത്തവണ സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു.

അതേസമയം, ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പാടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും.40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. സ്‌റ്റേഷനില്‍ നിന്നും 10 കിലോമീറ്ററിനകത്ത് നിന്നുള്ള ദൂരത്താണെങ്കില്‍ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റും. നിലയ്ക്കല്‍ ടോളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തും. ഓട്ടോമേറ്റഡ് വെഹിക്കിള്‍ കൗണ്ടിങ്ങ് സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിള്‍ നമ്പര്‍ പ്ലേറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം എന്നിവ സജ്ജമാക്കും. ശബരിമലയില്‍ എത്തുന്ന വാഹനങ്ങളുടെ കൃത്യമായ എണ്ണം ഇതോടെ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

Latest Videos

തീര്‍ത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തില്‍ 383 ബസും രണ്ടാം ഘട്ടത്തില്‍ 550 ബസുകളും ക്രമീകരിച്ചു. തിരക്ക് അനുസരിച്ച് ബസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. അര മിനിറ്റ് ഇടവിട്ട് 200 ബസുകള്‍ നിലക്കല്‍- പമ്പ സര്‍വീസ് നടത്തും.  ത്രിവേണി യു ടേണ്‍, നിലയ്ക്കല്‍ സ്റ്റേഷനുകളില്‍ ഭക്തജനങ്ങള്‍ക്ക് ബസില്‍ കയറാന്‍ പാര്‍ക്കിങ്ങ് സ്ഥലത്ത് തന്നെ ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേണ്‍ മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ വരെ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യവാഹനങ്ങളുടെ നിയമവിരുദ്ധ പാര്‍ക്കിങ്ങ് നിരോധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!