കൊമ്പന് മയക്കുവെടി; മാനന്തവാടിയില്‍ ഭീതി പരത്തിയ ആനയെ മയക്കുവെടിവച്ചു, അനങ്ങാൻ കഴിയാതെ നിലയുറപ്പിച്ച് കാട്ടാന

By Web TeamFirst Published Feb 2, 2024, 5:51 PM IST
Highlights

ശ്രമം വിജയകരമായി എന്നും ആന മയങ്ങിതുടങ്ങിയെന്നും ദൗത്യസംഘം അറിയിച്ചു. അനങ്ങാന്‍ കഴിയാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന. 

വയനാട്: 12 മണിക്കൂറിലധികമായി വയനാട്ടിലെ മാനന്തവാടിയിലെ മുള്‍മുനയിൽ നിര്‍ത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യസംഘത്തിന് ആനയെ മയക്കുവെടി വയ്ക്കാനായത്. ശ്രമം വിജയകരമായിയെന്നും ആന മയങ്ങിതുടങ്ങിയെന്നും ദൗത്യസംഘം അറിയിച്ചു. അനങ്ങാന്‍ കഴിയാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന. കുങ്കിയാനകളെ ഉടന്‍ കാട്ടാനയ്ക്ക് സമീപമെത്തിക്കും. കാട്ടാന പൂര്‍ണമായി മയങ്ങി കഴിഞ്ഞാല്‍ മൂന്ന് കുങ്കിയാനകളും ചേര്‍ന്ന എലിഫന്‍റ് ആംബുലന്‍സിലേക്ക് കയറ്റും.

20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല. ആളുകളെ ഉപദ്രവിച്ചതായി വിവരമില്ലെങ്കിലും ഹാസന്‍ ഡിവിഷനിലെ ജനവാസ മേഖലയില്‍ പതിവായി എത്തി ഭീതിപരത്തിയിരുന്നു. മറ്റൊരു കൊമ്പന്‍ ആനയുടെയും മോഴയാനയുടെയും ഒപ്പമായിരുന്നു ഇപ്പോള്‍ വയനാട്ടിലെത്തിയ ഈ കൊമ്പന്‍ ഹാസനിലെ കാപ്പിത്തോട്ടത്തില്‍ വിഹരിച്ചിരുന്നത്.

Latest Videos

 

 

click me!