ഹൂ ഈസ് ദാറ്റ് ? മേഴ്‌സിക്കുട്ടിയമ്മയെ പരിഹസിച്ച് എൻ പ്രശാന്ത് ഐഎഎസ്; ഐഎഎസ് തലപ്പത്തെ പോര് പാരമ്യത്തിൽ

By Asianet Malayalam  |  First Published Nov 10, 2024, 3:08 PM IST

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു.


തിരുവനന്തപുരം : തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ മുൻ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ പരിഹസിച്ച് എൻ പ്രശാന്ത് ഐഎഎസ്. മേഴ്‌സിക്കുട്ടിയമ്മക്ക് മറുപടി ഉണ്ടോ എന്ന ചോദ്യത്തിന് അത് ആരാണെന്നായിരുന്നു ഫേസ്ബുക്കിലൂടെയുളള മറുചോദ്യം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥൻ പുലർത്തേണ്ട സാമാന്യ മര്യാദയും സർവീസ് ചട്ടങ്ങളും ലംഘിച്ചയാളാണ് പ്രശാന്തെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം. ''മേഴ്സിക്കുട്ടിയമ്മ കടൽ വിറ്റുവെന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ ഒരു കള്ളക്കഥ മെനയാൻ ആസൂത്രണം നടന്നു. രമേശ് ചെന്നിത്തലയും പ്രശാന്തും യുഡിഎഫും ചേർന്ന് നടത്തിയ ആസൂത്രണം മറ്റു ചിലരും പിന്നിലുണ്ട്. ഒരു വില്ലൻ റോളാണ് പ്രശാന്ത് നിർവഹിച്ചത്. സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടായിരുന്നു''. പ്രശാന്ത് യുഡിഎഫിനെ സഹായിക്കാൻ വമ്പൻ തട്ടിപ്പാണ് നടത്തിയതെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിക്കുന്നു. 

Latest Videos

അതേ സമയം, സർക്കാറിനെ വെല്ലുവിളിച്ച് ഐഎഎസ് തലപ്പത്തെ പോര് പാരമ്യത്തിലെത്തി നിൽക്കുകയാണ്. അഡീഷനൽ ചീഫ് സെക്രട്ടറി ജയതിലക് കീഴ് ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിക്കുന്നയാളാണെന്ന് എൻ പ്രശാന്ത് ഐഎഎസ് പുതിയ ആരോപണം ഉന്നയിച്ചു. ജയതിലകിനെയും ഗോപാലകൃഷ്ണനെയും പേരെടുത്ത് ഇനിയും വിമർശിക്കുമെന്നാണ് പ്രശാന്തിൻറെ വെല്ലുവിളി. പ്രശാന്തിനും ഗോപാലകൃഷ്ണനുമെതിരെ അച്ചടക്കനടപടിക്കാണ് സർക്കാർ നീക്കം. 

വിസിൽ ബ്ലോവറെന്ന് എന്‍. പ്രശാന്ത് ഐഎഎസ്, ജയതിലകിനെതിരെ പേരെടുത്ത് പറഞ്ഞ് വിമര്‍ശനം തുടരുമെന്ന് വെല്ലുവിളി

മുമ്പില്ലാത്തവിധം അസാധാരണനിലയിലേക്കാണ് ഐഎഎസ് പോര് മാറുന്നത്. ജയതിലകിനെ മനോരോഗി എന്ന് വിശേഷിപ്പിച്ച എൻ പ്രശാന്തിനെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടിക്കാണ് സർക്കാർ നീക്കം. പക്ഷെ ജയതിലകിനെയും ഗോപാലകൃഷ്ണനെയും വിടാതെ പരസ്യവിമർശനം തുടരുകയാണ് പ്രശാന്ത്. ജയതിലക് കൽപ്പിക്കുന്ന രീതിയിൽ ഫയലും നോട്ടുമെഴുതാത്ത സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് പുതിയ ആരോപണം. സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ് സർവ്വീസ് ചട്ടം, ജയതിലകിനെയോ ഗോപാലകൃഷ്ണനയോ വിമർശിക്കരുതെന്നല്ലെന്ന് പറഞ്ഞാണ് പ്രശാന്തിൻറെ വെല്ലുവിളി. ഒരു ഒത്ത് തീർപ്പിനുമില്ലാതെ വാശിയോടെ വെല്ലുവിളിയുമായി മുന്നോട്ട് പോകുമെന്നാണ് പ്രശാന്തിൻറെ ഭീഷണി. പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ ജയതിലകിൻറെ വ്യക്തിപരമായ കാര്യങ്ങൾ വരെ പറഞ്ഞാണ് പ്രശാന്തിന്റെ വിമർശനം.
 

 

 

click me!