ജസ്റ്റിസ് ഹേമയടക്കം ഇക്കാര്യത്തേക്കുറിച്ച് അറിവുള്ള മുഴുവൻ ആളുകളും സാക്ഷികളായോ പ്രതികളായോ അന്വേഷണത്തിന്റെ പരിധിയിൽ വരണം
പാലക്കാട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാൻ ശുപാർശയില്ലെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് വി ടി ബൽറാം രംഗത്ത്. പോക്സോ നിയമത്തിന് കീഴിൽ വരാവുന്ന കുറ്റകൃത്യങ്ങളടക്കം സിനിമാ മേഖലയിൽ നടന്നിട്ടുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന വാർത്തകളുണ്ടായിട്ടും 'കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാർശ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല' എന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിൽ അത് അങ്ങേയറ്റം നിന്ദ്യമാണെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണ് ആ പ്രസ്താവനെയെന്നും ബൽറാം ചൂണ്ടികാട്ടി. പ്രതികളെ സംരക്ഷിക്കലാണ്. സത്യപ്രതിജ്ഞാ ലംഘനമാണ്. പക്കാ ക്രൈമാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും ബൽറാം വിമർശിച്ചു.
ബൽറാമിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
പോക്സോ നിയമത്തിന് കീഴിൽ വരാവുന്ന കുറ്റകൃത്യങ്ങൾ സിനിമാ മേഖലയിൽ നടന്നിട്ടുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് വാർത്തകളിൽ കാണുന്നു. അങ്ങനെയെങ്കിൽ അത് അതീവ ഗുരുതരമാണ്. സർക്കാരിന്റെ കൈവശമുള്ള റിപ്പോർട്ടിന്റെ പുറത്തുവരാത്ത ഭാഗങ്ങളിൽ ഇതിനേക്കുറിച്ച് കൂടുതൽ വിവരങ്ങളും മൊഴികളും തെളിവുകളും ഉണ്ടായിരിക്കണം. സർക്കാരിനെ സംബന്ധിച്ച് ആക്ഷനബിളായിട്ടുള്ള ഏറ്റവും ആദ്യത്തെ കാര്യം ഇതാണ്. പ്രായപൂർത്തിയായ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നുവെന്ന് റിപ്പോർട്ടിൽ പറയപ്പെടുന്ന സെക്ഷ്വൽ അബ്യൂസുകളും മാനസിക പീഢനങ്ങളുമടക്കമുള്ള മറ്റ് വിഷയങ്ങളേക്കാൾ കൂടുതൽ ഗൗരവത്തോടെ, കൂടുതൽ ഉത്തരവാദിത്തത്തോടെ, കൂടുതൽ അടിയന്തര സ്വഭാവത്തോടെ, മൈനർ ആയിട്ടുള്ളവർക്ക് നേരെയുള്ള ഈ പീഢനവാർത്തയെ സർക്കാർ സമീപിക്കേണ്ടതുണ്ട്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ അടിയന്തരമായി FIR ഇട്ട് കേസെടുക്കാനാണ് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകേണ്ടത്. പോക്സോ നിയമം ബാധകമായ ഒരു കുറ്റകൃത്യത്തേക്കുറിച്ച് അറിവ് ലഭിച്ചിട്ടും അതിൽ നിയമനടപടികൾ ആരംഭിക്കാത്തതും അത് മൂടിവയ്ക്കാൻ ശ്രമിക്കുന്നതും പ്രസ്തുത നിയമപ്രകാരം കുറ്റകരമാണ്. അതിനാൽ ജസ്റ്റിസ് ഹേമയടക്കം ഇക്കാര്യത്തേക്കുറിച്ച് അറിവുള്ള മുഴുവൻ ആളുകളും സാക്ഷികളായോ പ്രതികളായോ അന്വേഷണത്തിന്റെ പരിധിയിൽ വരണം. എന്നിട്ടും "കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാർശ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല" എന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിൽ അത് അങ്ങേയറ്റം നിന്ദ്യമാണ്. ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണ്. പ്രതികളെ സംരക്ഷിക്കലാണ്. സത്യപ്രതിജ്ഞാ ലംഘനമാണ്. പക്കാ ക്രൈമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം