നിര്‍ണായക ചുവടുവെപ്പ്: 'അപൂര്‍വ രോഗങ്ങളെ നേരത്തെ കണ്ടെത്താം, ചികിത്സിക്കാം'; കെയര്‍ പദ്ധതി ഉദ്ഘാടനം ആറിന്

By Web TeamFirst Published Feb 4, 2024, 5:46 PM IST
Highlights

അപൂര്‍വരോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: അപൂര്‍വ രോഗ പരിചരണത്തിനായി കെയര്‍ (KARe: Kerala Against Rare Diseases) എന്ന പേരില്‍ സമഗ്ര പദ്ധതി കേരളം ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ്. രോഗങ്ങള്‍ പ്രതിരോധിക്കാനും, നേരത്തെ കണ്ടെത്താനും, ചികിത്സകള്‍ ലഭ്യമായ സാഹചര്യങ്ങളില്‍ അവ ലഭ്യമാക്കാനും, മരുന്നുകള്‍ കൂടാതെ സാധ്യമായ തെറാപ്പികള്‍, സാങ്കേതിക സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുക, ഗൃഹ കേന്ദ്രീകൃത സേവനങ്ങള്‍ ഉറപ്പ് വരുത്തുക, മാതാപിതാക്കള്‍ക്കുള്ള മാനസിക, സാമൂഹിക പിന്തുണ ഉറപ്പ് വരുത്തുക തുടങ്ങിയ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര പരിചരണ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കെയര്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 61 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 31 ഐസൊലേഷന്‍ വാര്‍ഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും ഫെബ്രുവരി ആറിന് വൈകുന്നേരം 3.30ന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ മുഖ്യാതിഥികളാകും.

Latest Videos

അപൂര്‍വരോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി ആദ്യമായി എസ്.എ.ടി. ആശുപത്രിയില്‍ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ അപൂര്‍വ രോഗങ്ങള്‍ക്ക് വിലപിടിപ്പുള്ള മരുന്നുകള്‍ നല്‍കാനുള്ള പദ്ധതിയും ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയും നടപ്പിലാക്കി. രണ്ട് പദ്ധതികളിലുമായി 61 കുട്ടികള്‍ക്ക് മരുന്ന് നല്‍കി. എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തിരുന്നു. ഈ പദ്ധതിയിലൂടെ ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് നല്‍കാന്‍ കഴിയുന്നത്. എന്നാല്‍ പല രോഗങ്ങളുടെയും നിലവിലെ ചികിത്സകള്‍ക്ക് ഈ തുക മതിയാകില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത് കൂടി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ അപൂര്‍വ രോഗങ്ങള്‍ക്കുള്ള സമഗ്ര പരിചരണ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മദ്യലഹരിയില്‍ അധ്യാപകന്‍ സ്‌കൂളില്‍, വീഡിയോ പകര്‍ത്തി വിദ്യാര്‍ഥികള്‍; സസ്‌പെന്‍ഷന്‍ 
 

click me!