വയനാടിന് പ്രത്യേക ദുരിതാശ്വാസ പാക്കേജാണ് വേണ്ടതെന്നും ഇക്കാര്യത്തിൽ കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല പണം ആവശ്യപ്പെട്ടതെന്നും വി ഡി സതീശൻ
പാലക്കാട്: വയനാട് ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിൻ്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടിയ പോലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിൻ്റെ ആവശ്യം. എന്നാൽ കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
വയനാട് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ഈ തീരുമാനം വന്നതെന്നത് പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്. കേന്ദ്ര അവഗണയ്ക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ല. ഒറ്റയ്ക്ക് സമരം ചെയ്യും. എൽഡിഎഫും ബിജെപിയും എപ്പോഴാണ് ഒന്നിക്കുകയെന്ന് പറയാനാവില്ലെന്നും അതുകൊണ്ടാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാലക്കാട് ഇരട്ട വോട്ട് വിവാദത്തിൽ നിയമനടപടി എന്ന് പറഞ്ഞ് എന്നെ വിരട്ടേണ്ടെന്ന് ഇടത് സ്ഥാനാർത്ഥി ഡോ പി സരിനുള്ള മറുപടി പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞു. മൂന്ന് മാസം മുൻപ് വാടക വീട് എടുത്ത് സരിൻ വോട്ട് ചേർത്തു. പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഒരു പണിയും എടുക്കാത്ത ആളാണ്. അതാണ് ഇപ്പോൾ ബഹളം വയ്ക്കുന്നത്. മന്ത്രി, അളിയൻ, ജില്ല സെക്രട്ടറി എന്നിവർ ചേർന്നുള്ള ലോബിയാണ് പാലക്കാട് സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടിയുടെ അനുമതിയോടെയാണ് സാൻ്റിയാഗോ മാർട്ടിൻ്റെ കയ്യിൽ നിന്നും ബോണ്ട് വാങ്ങിയതെന്നാണ് ആത്മകഥയിൽ ഇ പി പറയുന്നത്. ഇ പി ജയരാജൻ സത്യം മാത്രം പറയുന്നയാളാണ്. ശത്രുക്കളാണോ മിത്രങ്ങളാണോ ഇ പിക്ക് പണി കൊടുത്തത് എന്ന് അന്വേഷിച്ചാൽ മതി. ഇ പി പാലക്കാട് വന്ന് പ്രസംഗിച്ചത് തമാശയാണ്. എന്നാൽ ഇ പി ജയരാജൻ സിപിഎം വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.