സർക്കാരല്ല ഇത് കൊള്ളക്കാർ, അഴിമതിക്കാരുടെ കൂടാരം മുഖ്യമന്ത്രിയുടെ ഓഫീസ്: വിഡി സതീശൻ

By Web Team  |  First Published Sep 3, 2024, 11:23 AM IST

എംഎൽഎ ഉന്നയിച്ച ആരോപണം ശരിയാണെങ്കിൽ ആരോപണ വിധേയരെ നിലനിർത്തി കൊണ്ടാണോ അന്വേഷണം നടത്തേണ്ടതെന്ന് പ്രതിപക്ഷ നേതാവിൻ്റെ ചോദ്യം

VD Satheesan calls Kerala LDF Govt robbers

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊള്ളസംഘമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതിക്കാരുടെ കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊലീസ് ഇതുപോലെ ചരിത്രത്തിൽ ഇതുവരെ നാണംകെട്ടിട്ടില്ല. സ്കോട്‌ലൻ്റ് യാർഡിനെ വെല്ലുന്ന പൊലീസ് സംഘത്തെ തകർത്ത് തരിപ്പണമാക്കിയെന്നും അദ്ദേഹം വിമ‍ർശിച്ചു.

ആരോപണ വിധേയരായ എഡിജിപിയെയും പൊളിറ്റിക്കൽ സെക്രട്ടറിയെയും നിലനിർത്തിക്കൊണ്ടുള്ള അന്വേഷണം കേട്ടുകേൾവിയില്ലാത്തതാണ്. ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എഡിജിപിക്കെതിരെ അന്വേഷിക്കുന്ന മറ്റുള്ളവരെല്ലാം ജൂനിയർ ഉദ്യോഗസ്ഥരാണ്. മുഖ്യമന്ത്രിക്ക് ഇവരെ ഭയമാണ്. അവ‍ർ എന്തെങ്കിലും ഭയപ്പെടുത്തുമെന്ന ഭീതിയാണ് മുഖ്യമന്ത്രിക്ക്. പത്തനംതിട്ട എസ്പി മൂന്ന് എസ്പിമാരെ കുറിച്ച് അസംബന്ധം പറഞ്ഞു. എഡിജിപിയെ കുറിച്ചും അദ്ദേഹം ആരോപണം ഉന്നയിച്ചു. എന്നിട്ടും അയാളും സർവീസിലിരിക്കുകയാണ്. ഏതെങ്കിലും കാലത്ത് പൊലീസിലെ ഉന്നതരെ കുറിച്ച് സ്വർണ കള്ളക്കടത്തും അധോലോകവും ആരോപണമുണ്ടായിട്ടുണ്ടോ?

Latest Videos

മുഖ്യമന്ത്രിക്കും ഓഫീസിനും സ്വർണത്തോട് എന്താണിത്ര ഭ്രമം? സ്വർണം പൊട്ടിക്കൽ സംഘത്തിനും ഗുണ്ടാ സംഘത്തിനും എഡിജിപി പിന്തുണ കൊടുക്കുന്നു. എംഎൽഎ ഉന്നയിച്ച ആരോപണം ശരിയാണെങ്കിൽ ആരോപണ വിധേയരെ നിലനിർത്തി കൊണ്ടാണോ അന്വേഷണം നടത്തേണ്ടത്? ജനങ്ങളെ പറ്റിക്കുകയാണ് സർക്കാർ. കേരളത്തിലെ സിപിഎമ്മിനെ പിണറായി വിജയൻ കുഴിച്ചുമൂടുകയാണ്. സിപിഎം ബംഗാളിലേത് പോലെ കേരളത്തിൽ തകർന്ന് പോകുന്നത് കോൺഗ്രസിന് ഇഷ്ടമില്ല. തൃശ്ശൂർ പൂരം കലക്കിയത് ഗൂഢാലോചനയാണ്. ഹിന്ദു വികാരം ആളിക്കത്തിച്ച് ബിജെപിക്ക് സഹായം ചെയ്യാനായിരുന്നു അത്. ഒരു രാത്രി മുഴുവൻ പൊലീസ് കമ്മീഷണ‍ർ അഴിഞ്ഞാടിയിട്ട് പൊലീസിലെ ഉന്നതരോ ആഭ്യന്തര മന്ത്രിയോ അനങ്ങിയോ എന്നും അദ്ദേഹം ചോദിച്ചു.

എല്ലാ ആരോപണവും മുഖ്യമന്ത്രിക്ക് നേരെയാണെന്ന് അദ്ദേഹം പറഞ്ഞു. ദുർബലനാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമെങ്കിൽ ആരോപണ വിധേയരെ മാറ്റി നിർത്തുകയെങ്കിലും വേണം. സർക്കാർ നടപടി എടുക്കുന്നില്ലെങ്കിൽ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

vuukle one pixel image
click me!
vuukle one pixel image vuukle one pixel image