വണ്ടിപ്പെരിയാർ പോക്സോ കേസ്;അപ്പീലില്‍ കക്ഷി ചേരാന്‍ പെണ്‍കുട്ടിയുടെ കുടുംബം, സ്വകാര്യ ഹര്‍ജിയും നല്‍കും

By Web TeamFirst Published Dec 20, 2023, 5:53 AM IST
Highlights

ഇതോടൊപ്പം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ പി സി സി യുടെ നിര്‍ദ്ദേശപ്രകാരം അഭിഭാഷക കോണ്‍ഗ്രസും അടുത്ത ദിവസം ഹൈക്കോടതിയില്‍ ഹർജി നല്‍കും

ഇടുക്കി:വണ്ടിപ്പെരിയാർ പോക്സോ കേസില്‍ സര്‍ക്കാര്‍ നല്‍കുന്ന അപ്പീലില്‍ പെണ്‍കുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നും പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജ്ജിയും നല്‍കും. ഇതിനായി കുടുംബാംഗങ്ങൾ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടികാഴ്ച നടത്തും. വണ്ടിപ്പെരിയാരിലെ ആറു വവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അര്‍ജ്ജുനെ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വെറുതേ വിട്ടതിനെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് അപ്പീല്‍ നല്‍കേണ്ടത്.സാക്ഷിമൊഴികളും വിധിപ്പകർപ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകും.

കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് കോടതി കണ്ടെത്തിയിട്ടും വിധിയിൽ തുടർ നടപടി സംബന്ധിച്ച് പരമാർശമില്ലാത്തതായിരിക്കും പ്രധാനമായും ഉന്നയിക്കുക. നിലവിലെ വിധി റദ്ദ് ചെയ്യുന്നതിനും കേസില്‍ അർജുനെതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളഉം ഉൾപ്പെടുത്തണമെന്ന ആവശ്യം കുടുംബം ഡി ജി പിയെ അറിയിക്കും. പ്രതി അർജുൻ തന്നെയാണെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്. ഇതോടൊപ്പം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ പി സി സി യുടെ നിര്‍ദ്ദേശപ്രകാരം അഭിഭാഷക കോണ്‍ഗ്രസും അടുത്ത ദിവസം ഹൈക്കോടതിയില്‍ ഹർജി നല്‍കും. സംസ്ഥാന ബാലാവകാശ കമ്മിഷനും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വെറുതെ വിട്ട വിധിയുടെ ആഘാതത്തിൽ കഴിയുന്ന കുടുംബത്തിന് ആശ്വാസം പകരാൻ വിവിധ സംഘടനകളിൽ നിന്നുള്ളവർ വീട്ടിലെത്തുന്നുണ്ട്. നാളെ യൂത്ത് കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
 

Latest Videos

click me!