വെടിവെപ്പിനിടെ റോഷൻ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു
കണ്ണൂര്‍: വളപട്ടണത്ത് ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പ് കേസില്‍ വിശദീകരണവുമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസില്‍ പ്രതിയായ റോഷന്‍ റൗഡി ലിസ്റ്റിലുള്ളയാലാണെന്നും ഇയാള്‍ക്കെതിരെ അഞ്ച് കേസുകളുണ്ടെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു. വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് തോക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോക്കിന് ലൈസന്‍സ് ഉണ്ടോയെന്ന കാര്യം ഉള്‍പ്പെടെ വിശദമായി പരിശോധിക്കും. ലൈസന്‍സ് ഇല്ല എന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയത് പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും കമ്മീഷണര്‍ വിശദീകരിച്ചു. വളപട്ടണത്ത് ഇന്നലെ പൊലീസിനുനേരെയുണ്ടായ വെടിവെപ്പില്‍ പ്രതിയായ ബാബു തോമസിനെതിരെ പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. റിവോൾവർ കൊണ്ട് മൂന്ന് റൗണ്ട് വെടിയുതിർത്തെന്നും ഒഴിഞ്ഞുമാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നുമാണ് എസ്ഐ പറയുന്നത്. സാക്ഷികളെയും കൂട്ടിയാണ് പൊലീസ് ബാബു തോമസിന്റെ വീട്ടിലെത്തിയത്. പൊലീസിനെ കണ്ടപ്പോൾ ഇയാൾ മുകളിലെ മുറിയിൽ കയറി വാതിലടച്ചെന്നും പൊലീസ് വ്യക്തമാക്കി.
മയക്കുമരുന്ന് കേസിലെ പ്രതിയായ റോഷന്റെ പിതാവാണ് ബാബു തോമസ്. ചിറക്കൽ ചിറയ്ക്ക് സമീപം വില്ല ലേക് റിട്രീറ്റ് എന്ന വീട്ടിലാണ് ഇവർ താമസിക്കുന്നത്. കഴിഞ്ഞ മാസം 22 ന് അയല്പക്കത്തെ തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസിലും റോഷൻ പ്രതിയാണ്. അന്നേ ദിവസം തന്നെ ഒളിവിൽ പോയ റോഷൻ വീട്ടിൽ തിരികെയെത്തിയ വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് ഇന്നലെ രാത്രി 9.50ന് വളപട്ടണം എസ് ഐയുടെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം വീട്ടിൽ എത്തുകയും ഗേറ്റ് തുറന്നു വീട്ടിൽ കയറുകയും ചെയ്തു.
നാട്ടുകാർ പുറത്തുണ്ടായിരുന്നു. റോഷന്റെ അച്ഛൻ ബാബു തോമസ് പൊലീസിനെ കണ്ടയുടൻ മുകളിലെ മുറിയിൽ കയറി വാതിൽ അടച്ചു. റോഷൻ മുകളിലെ നിലയിൽ ഉണ്ടെന്നു മനസ്സിലാക്കി പൊലീസ് പുറത്തെ കോണി വഴി അങ്ങോട്ട് കയറി. മുകളിലെ മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ച പൊലീസിന് നേരെയാണ് അകത്തുനിന്ന് വെടിവെപ്പ് ഉണ്ടായത്. ബാബു തോമസ് മൂന്ന് റൗണ്ട് വെടിവെച്ചു. കുനിഞ്ഞുമാറിയത് കൊണ്ട് മാത്രമാണ് പോലീസുകാർ രക്ഷപ്പെട്ടത്. വെടിവെപ്പിനിടെ റോഷൻ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും കൂടുതൽ പൊലീസ് എത്തുകയും ചെയ്തു. വാതിൽ തകർത്താണ് 71കാരനായ ബാബു തോമസിനെ കീഴ്പ്പെടുത്തിയത്. ഇവരുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ തകർത്ത നിലയിൽ ആണ്. സിസിടിവിയും തകർത്തു. നാട്ടുകാരുമായി ബന്ധമില്ലാത്ത കുടുംബമാണിവരുടേതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ പൊലീസ് ഗുണ്ടകളെയും കൂട്ടിയാണ് വന്നതെന്നാണ് ബാബുവിന്റെ ഭാര്യ ലിൻറ പറയുന്നത്. പൊലീസ് നോക്കി നിൽക്കെയാണ് വീട് ആക്രമിച്ചതെന്നും റോഷൻ ഒക്ടോബർ 22ന് ശേഷം വീട്ടിൽ വന്നിട്ടില്ലെന്നും ഇവർ പറഞ്ഞു. മാത്രമല്ല, ബാബുവിന്റെ തോക്കിനു ലൈസൻസ് ഉണ്ടെന്നും റൈഫിൾ അസോസിയേഷൻ മെമ്പർ ആണെന്നുമാണ് ഭാര്യയുടെ വിശദീകരണം.