'പ്രതി ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്', വഴിത്തിരിവായി സിസിടിവി ദൃശ്യം;1.21 കോടിയും 267 പവനും കണ്ടെടുത്തു

By Web Team  |  First Published Dec 2, 2024, 11:50 AM IST

കണ്ണൂര്‍ വളപട്ടണം കവര്‍ച്ചയിൽ പ്രതിയുടെ അറസ്റ്റിന് നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. തെളിവ് നശിപ്പിക്കാൻ ക്യാമറ തിരിച്ചുവെച്ചത് മുറിയുടെ ഉള്ളിലേക്ക്. ഇതിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.


കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് വീട്  കുത്തിതുറന്ന് 300 പവനും ഒരു കോടിയും മോഷ്ടിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റിന് നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. സിസിടിവി ദൃശ്യത്തിലൂടെയാണ് മോഷ്ടാവ് കഷണ്ടിയുള്ള ആളാണെന്ന് മനസിലായെന്നതും ഡമ്മി ഉപയോഗിച്ച് ഡെമോ നടത്തിയെന്നും ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ വിരലടയാളങ്ങളും നിര്‍ണായകമായെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍, കണ്ണൂര്‍ റൂറൽ എസ്‍പി എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി തിരിച്ചുവെച്ചിരുന്നു.

എന്നാൽ, മുറിയൂടെ ഉള്ളിലേക്കായിരുന്നു അബദ്ധത്തിൽ തിരിച്ചുവെച്ചത്. മുറിയുടെ ഉള്ളിലേക്ക് തിരിച്ചുവെച്ച ഈ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കേസിൽ മോഷണം നടന്ന വീട്ടുടമസ്ഥൻ അഷ്റഫിന്‍റെ അയല്‍ക്കാരനായ ലിജീഷിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 250 പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. 35 ലോഡ്ജുകളിൽ പരിശോധന നടത്തി. തെളിവുകള്‍ ശേഖരിച്ചശേഷം മിനിഞ്ഞാന്ന് ചോദ്യം ചെയ്യാൻ  ലിജീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

Latest Videos

undefined

തുടര്‍ന്ന് ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ലിജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.വിരലടയാളങ്ങൾ ശേഖരിച്ചപ്പോൾ കീച്ചേരിയിലെ പ്രതിയുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തി. തെളിവുകള്‍ ഒന്നൊന്നായി നിരത്തിയതോടെ ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പ്രതി കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തുമണിയോടെ തന്നെ പ്രതിയുടെ വീട്ടിൽ നിന്ന് മോഷണവസ്തുക്കള്‍ കണ്ടെടുത്തു. 1.21 കോടി രൂപയും 267 പവൻ സ്വർണ്ണവുമാണ് കണ്ടെടുത്തത്. സഞ്ചിയിലാക്കിയാണ് മോഷണ വസ്തുക്കള്‍ വീട്ടിൽ നിന്ന് കൊണ്ടുപോയത്.

ഇതേ സഞ്ചിയിൽ തന്നെയായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കീച്ചേരിയിലെ മോഷണ കേസിലും ലിജീഷ് പ്രതിയാണ്. മറ്റു കേസുകള്‍ ഉണ്ടോയെന്ന് പരിശോധിച്ച് വരുകയാണ്. പണവും സ്വർണ്ണവും ഉണ്ടെന്ന് അറിഞ്ഞാണ് വീട്ടിൽ കയറിയത് വീട്ടുകാരുമായി മോഷ്ടാവിന് വലിയ അടുപ്പം ഇല്ല. ആദ്യ ദിവസം 40 മിനുട്ട് കൊണ്ട് മോഷണം നടത്തി. മാസ്ക് ധരിച്ചാണ് മോഷണത്തിനെത്തിയിരുന്നത്. മോഷണം നടന്നശേഷം വീട്ടിലെത്തി മാസ്കും വസ്ത്രവും കത്തിച്ചുകളഞ്ഞു. നഷ്ടമായ സ്വര്‍ണവും പണവും അതേ അളവിൽ തിരിച്ചുകിട്ടിയോ എന്ന കാര്യം ഉള്‍പ്പെടെ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

മോഷണം കഴിഞ്ഞശേഷം കവര്‍ച്ച നടത്താൻ ഉപയോഗിച്ച ഉളി തിരിച്ചെടുക്കാൻ വന്നിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇത്തരത്തിൽ തിരിച്ചുവരുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ഇത് പിന്നീട് പൊലീസിന് സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു. മോഷണ ശേഷം പ്രതി വീട്ടിലേക്കാണ് പോയത്. അഷ്റഫിന്‍റെ വീടിന് പിന്നിലാണ്  ലിജീഷിന്‍റെ വീട്. ഡോഗ് സ്ക്വാഡ് റെയില്‍വെ ട്രാക്കിലൂടെ പോയി ലിജീഷിന്‍റെ വീടിന് സമീപം എത്തിയിരുന്നു. മോഷണം നടന്ന സമയത്തോ മറ്റോ പ്രതി റെയില്‍വെ ട്രാക്ക് വഴി പോയിരിക്കാമെന്നും പൊലീസ് പറഞ്ഞു. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത 1.21 കോടിയുടെ നോട്ടുകെട്ടുകളും 267 പവന്‍റെ സ്വര്‍ണാഭരണങ്ങളും ചുവന്ന വലിയ സ്യൂട്ട് കേയ്സിലാണ് പൊലീസ് കൊണ്ടുവന്നത്. പ്രതിയെയും മോഷണ മുതലും മാധ്യമങ്ങള്‍ക്ക് മുന്നിൽ പൊലീസ് പ്രദര്‍ശിപ്പിച്ചു.

ലിജീഷ് മുമ്പും കവ‍ർച്ച നടത്തി, നിർണായകമായത് വിരലടയാളം; മോഷണമുതൽ സൂക്ഷിച്ചത് കട്ടിലിനടിയിലെ പ്രത്യേക അറയിൽ

 

click me!