തൃശ്ശൂർ പൂരം കലങ്ങിയില്ലെങ്കിൽ എന്തിനാണ് പുതിയ എഫ്ഐആറെന്ന് വി മുരളീധരൻ; 'പ്രതിഷേധവുമായി രംഗത്തിറങ്ങും'

By Web TeamFirst Published Oct 28, 2024, 4:49 PM IST
Highlights

തൃശ്ശൂർ പൂരം കലക്കലിൽ ദേവസ്വം ഭാരവാഹികളുടെ പേരിൽ കേസ് എടുത്താൽ ഹൈന്ദവ വിശ്വാസികൾ പ്രതിഷേധവുമായി ഇറങ്ങുന്നതിൻ്റെ ഉത്തരവാദി പിണറായി മാത്രമാകുമെന്ന് മുരളീധരൻ

പാലക്കാട്: തൃശ്ശൂർ പൂരം കലങ്ങിയില്ലെങ്കിൽ പിന്നെ എന്തിനാണ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് മുഖ്യമന്ത്രിയോട് മുൻ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായി വി.മുരളീധരൻ. മറ്റ് മതവികാരങ്ങളുടെ പിന്തുണ നേടാൻ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയാണ് മുഖ്യമന്ത്രിയെന്നും ഇതിനേക്കാൾ ഭയങ്കരമായി ഭാവിയിൽ പൂരം കലക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്ന് മനസിലാകുന്നതെന്നും മുരളീധരൻ വിമർശിച്ചു. പുതിയ എഫ്.ഐ.ആറിലൂടെ ദേവസ്വം ഭാരവാഹികളുടെ പേരിൽ കേസ് എടുക്കാനാണ് നീക്കമെങ്കിൽ ഹൈന്ദവ വിശ്വാസികൾ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നാൽ ഉത്തരവാദി പിണറായി മാത്രമാകുമെന്നും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്‌ കോൺഗ്രസിന്റെ രണ്ട് സ്ഥാനാർഥികൾക്കെതിരെയാണ് ബിജെപി മത്സരിക്കുന്നതെന്നും കോൺഗ്രസിന് വോട്ട് മറിക്കാനാണോ ചിഹ്നം നൽകാതെ സിപിഎം സ്ഥാനാർഥിയെ നിർത്തിയതെന്നും അദ്ദേഹം ചോദിച്ചു.

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിക്കാത്തത് കഴിവുകേട് കൊണ്ടല്ലെന്നും സിപിഎമ്മിൻ്റെ രാഷ്ട്രീയ തീരുമാനമാണ് കാരണമെന്നും മുരളീധരൻ വിമർശിച്ചു. നവീൻ ബാബുവിന്റെ മരണം കണ്ണൂരിൽ മാത്രം ഒതുങ്ങുന്നതല്ല. ഇതിനെല്ലാം ജനം മറുപടി പറയും. കോൺഗ്രസനകത്തെ കത്തും കുത്തുമൊക്കെ അവർ തീർക്കട്ടെ. പാലക്കാട്‌ പിന്തുണ തേടി സിപിഎം ബിജെപിക്ക് അയച്ച കത്ത് വ്യാജമാണെന്ന് തെളിയിക്കാൻ എം.ബി രാജേഷിനെ വെല്ലുവിളിക്കുന്നു. പി.ജയരാജന് മദനിയെ കുറിച്ച് ഉണ്ടായത് പുതിയ വെളിപാടണോ? ഭൂരിപക്ഷ സമുദായത്തെ വിഡ്ഢികളാക്കാനാണ് ഇത്തരം നിലപാടുകൾ. ബിജെപി ഇതിനെ അവജ്ഞയോടെ തള്ളുന്നു. മദനിയെ ഗാന്ധിയോട് തുലനം ചെയ്ത ആളാണ് ഇ.എം.എസെന്നും മുരളീധരൻ വിമർശിച്ചു.

Latest Videos

മോദി സർക്കാർ 300കോടി രൂപയാണ് പാലക്കാടിനു നൽകിയതെന്ന് പിന്നീട് തെരഞ്ഞെടുപ്പ് കൺവൻഷനിൽ വി മുരളീധരൻ പറഞ്ഞു. കോൺഗ്രസ്‌ സ്ഥാനാർഥിയും, കോൺഗ്രസ്‌ കടം കൊടുത്ത സ്ഥാനാർഥിയും തമ്മിലാണ് മത്സരം. കോൺഗ്രസിലെ ചെളി വാരി ഏറ് ബിജെപിക്ക് ഗുണമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം കോൺഗ്രസ്‌ ഡീൽ പുറത്തു വന്നു.പാലക്കാട്‌ ജനത ഇനി വഞ്ചിക്കപ്പെടരുത്. പിണറായി നടത്തുന്ന അധോലോക മാഫിയ പ്രവർത്തനത്തിന് സതീശൻ കുഴലൂത്ത് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദു ആചാര അനുഷ്‌ഠാനങ്ങളോട് ഇത്ര അവഹേളനം നടത്തുന്ന ഭരണം മുമ്പ് ഉണ്ടായിട്ടില്ല. തൃശ്ശൂർ പൂരം കലക്കിയിട്ട് ഇപ്പോൾ കലക്കിയില്ലെന്ന് പറയുന്നു. ശബരിമലയിൽ പോകുന്ന ഭക്തന്റെ വികാരം മനസിലാക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. ശബരിമല തീർത്ഥാടനവും അട്ടിമറിക്കാൻ ശ്രമിക്കുന്നു. ഹിന്ദുക്കൾ വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഇത്ര ബുദ്ധിമുട്ടുന്നത് കേരളത്തിൽ മാത്രമാണ്. ഹിന്ദു സമൂഹത്തെ ശത്രുക്കളായി സർക്കാർ കാണുകയാണ്. മുസ്ലിം തീവ്രവാദത്തെ സിപിഎം പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്‌ കോൺഗ്രസ്‌ സ്ഥാനാർഥി ഇപ്പോൾ കുറിതൊട്ടാണ് നടക്കുന്നത്. നെഹ്‌റുവിയൻ ആണെന്ന് പറയുന്ന സ്ഥാനാർഥി ജനങ്ങളെ പറ്റിക്കാൻ ക്ഷേത്രം കയറി ഇറങ്ങുന്ന പരിപാടി നിർത്തണം. നെഹ്‌റു വിശ്വാസി ആയിരുന്നില്ലെന്നു ഓർക്കണം. മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച സിപിഎം നേതാക്കളാണ് മോദിക് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ക്ലാസ്സെടുക്കുന്നത്. നവീൻ ബാബുവിനെ നാവുകൊണ്ട് അരിഞ്ഞു വീഴ്ത്തിയ ദിവ്യയെ എവിടെ ഒളിപ്പിച്ചു എന്നത് പുറത്തു വരുമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

click me!