സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു; 2 ദിവസത്തിനകം മൊഴിയെടുക്കും

By Web TeamFirst Published Oct 28, 2024, 6:43 PM IST
Highlights

അസ്വാഭാവിക ലൈംഗിക പീഡനം, ഐടി വകുപ്പിലെ സ്വകാര്യത ഹനിക്കൽ എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് ബെംഗളൂരു പൊലീസിന് കൈമാറിയത്.

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്. പരാതിക്കാരനായ യുവാവിനെയും രഞ്ജിത്തിനെയും ഒരാഴ്ചയ്ക്കകം തന്നെ മൊഴിയെടുക്കാൻ വിളിച്ച് വരുത്തും.

2012ൽ ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പ‌ഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്. കോഴിക്കോട് കസബ പൊലീസാണ് ഇതിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് കർണാടക പൊലീസിന് കൈമാറുകയായിരുന്നു. കേരള പൊലീസിൽ നിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് രജിസ്റ്റർ ചെയ്യാൻ നി‍ർദേശം നൽകിയത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!