കേരളത്തിൽ നിന്നുള്ള ട്രെയിൻ പോകവേ മംഗളുരുവിൽ ട്രാക്കിൽ കല്ലുകൾ; രാത്രി 2 പേരെ കണ്ടെന്ന് മൊഴി, അട്ടിമറി ശ്രമം

By Web Team  |  First Published Oct 22, 2024, 2:30 AM IST

ശനിയാഴ്ച രാത്രി ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന പ്രദേശവാസികളായ സ്ത്രീകൾ, സ്ഥലത്ത് രണ്ട് പേർ നിൽക്കുന്നതായി കണ്ടെന്ന് മൊഴി നൽകിയതായാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിൽ തൊക്കോട്ട് മേൽപ്പാലത്തിലേക്ക് വരുന്ന വഴികളിലുള്ള സിസിടിവികൾ അടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 


മംഗലാപുരം: മംഗളുരുവിൽ റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തി വച്ച നിലയിൽ കണ്ടെത്തിയത് തീവണ്ടി അട്ടിമറി ശ്രമമെന്ന് സംശയം. ശനിയാഴ്ചയാണ് മംഗളുരുവിലെ തൊക്കോട്ട് റെയിൽവേ മേൽപാലത്തിന് മുകളിൽ ട്രാക്കിൽ കല്ല് കണ്ടെത്തിയത്. കേരളത്തിൽ നിന്നുള്ളതടക്കം രണ്ട് തീവണ്ടികൾ ഈ വഴി കടന്ന് പോയപ്പോൾ വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതോടെയാണ് പ്രദേശവാസികൾ വിവരം പൊലീസിനെ അറിയിച്ചത്.

ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. കേരളത്തിൽ നിന്നുള്ള തീവണ്ടി രാത്രി പന്ത്രണ്ടരയോടെ ഈ വഴി കടന്ന് പോയപ്പോഴാണ് വലിയ ശബ്ദവും മുഴക്കവും ആദ്യം അനുഭവപ്പെട്ടത്. നാട്ടുകാർ ആദ്യം ഇത് ഗൗനിച്ചില്ലെങ്കിലും പിന്നീട് രണ്ടാമത്തെ തീവണ്ടി കടന്ന് പോയപ്പോഴും സമാനമായ വലിയ ശബ്ദമുണ്ടായി. ഇതോടെയാണ് പരിസരവാസികൾ വിവരം പൊലീസിനെയും റെയിൽവേ അധികൃതരെയും അറിയിച്ചത്. റെയിൽവേ അധികൃതരും ആർപിഎഫുമെത്തി ട്രാക്കും പരിസരവും പരിശോധിച്ചപ്പോഴാണ് വലിയ ഉരുളൻ കല്ലുകൾ ട്രാക്കിന് മുകളിൽ വച്ചത് കണ്ടെത്തിയത്. 

Latest Videos

ട്രെയിനുകൾ ഇതിന് മുകളിലൂടെ കടന്ന് പോയതോടെ കല്ലുകൾ പൊട്ടിച്ചിതറിയ നിലയിലായിരുന്നു. കല്ലുകൾ ഉരഞ്ഞ് ട്രാക്കിന് ചെറിയ കേടുപാടുകളും സംഭവിച്ചു. വാർത്തയറിഞ്ഞതോടെ, ശനിയാഴ്ച രാത്രി ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന പ്രദേശവാസികളായ സ്ത്രീകൾ, സ്ഥലത്ത് രണ്ട് പേർ നിൽക്കുന്നതായി കണ്ടെന്ന് മൊഴി നൽകിയതായാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിൽ തൊക്കോട്ട് മേൽപ്പാലത്തിലേക്ക് വരുന്ന വഴികളിലുള്ള സിസിടിവികൾ അടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

പ്രദേശത്തെ റെയിൽവേ ട്രാക്കുകളിൽ ആർപിഎഫും രാത്രി നിരീക്ഷണം ശക്തമാക്കി. നേരത്തേ തമിഴ്നാട് കവരപ്പേട്ടയിലെ ട്രെയിൻ അപകടം അട്ടിമറിയാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിന് സമാനമായി തീവണ്ടി പാളം തെറ്റിക്കാനുള്ള ഗൂഢാലോചനയുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിക്കുന്നു.

undefined

Read More : ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, പൊക്കിൾ കൊടി മുറിക്കുന്നത് യൂട്യൂബിൽ; പ്രമുഖ യുട്യൂബർ ഇർഫാൻ പുതിയ വിവാദത്തിൽ

വീഡിയോ സ്റ്റോറി കാണാം

tags
click me!