യുക്രൈനിൽ നിന്ന് ദില്ലിയിലെത്തി, നാട്ടിലേക്ക് വിമാനം കിട്ടാൻ മലയാളികൾ കാത്തത് 11 മണിക്കൂർ!

By Web Team  |  First Published Mar 5, 2022, 8:55 PM IST

11 മണിക്കൂറായി വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ് കുട്ടികൾ. വിദ്യാർത്ഥികളുടെ പേര് പട്ടികയിലില്ലെന്ന കാരണം പറഞ്ഞാണ് പിആർഡി ഇവരെ നാട്ടിലേക്കുള്ള ചാർട്ടേഡ് വിമാനത്തിൽ നിന്ന് മാറ്റിനിർത്തിയത്.


ദില്ലി: യുക്രൈനിൽ നിന്ന് മടങ്ങിയെത്തി നാട്ടിലേക്കുള്ള വിമാനത്തിനായി ദില്ലി വിമാനത്താവളത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് കാത്തു കെട്ടിക്കിടക്കേണ്ടി വന്നത് 11 മണിക്കൂർ. പട്ടികയിൽ പേരില്ലെന്ന കാരണം പറഞ്ഞ് നാൽപ്പത് വിദ്യാർത്ഥികളെയാണ് പിആർഡി മാറ്റി നിർത്തിയത്. അവശരായി യുക്രൈനിൽ നിന്ന് എത്തിയ കുട്ടികൾക്ക് കേരളാ ഹൗസിലേക്കും പ്രവേശനം കിട്ടിയില്ല. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവിട്ടതിനെത്തുടർന്ന് ഇവരെ അടുത്ത ചാർട്ടേഡ് വിമാനത്തിൽ തന്നെ കയറ്റി അയക്കാൻ ശ്രമിക്കുകയാണെന്ന് കേരളാ ഹൗസ് റസിഡന്‍റ് കമ്മീഷണർ പ്രതികരിച്ചു. 

ഇന്ന് രാത്രി ഇനി രണ്ട് ചാർട്ടേഡ് വിമാനങ്ങളാണുള്ളതെന്നും, അതിലേക്ക് വിദ്യാർത്ഥികളെ ഉൾക്കൊള്ളിക്കാനാണ് ശ്രമമെന്നും റസിഡന്‍റ് കമ്മീഷണർ വ്യക്തമാക്കി. അതല്ലെങ്കിൽ അവരെ കേരളാ ഹൗസിൽ താമസിപ്പിക്കും - റസിഡന്‍റ് കമ്മീഷണർ അറിയിച്ചു.

Latest Videos

undefined

രാവിലെ ദില്ലിയിലെത്തിയ മലയാളി കുട്ടികൾക്കൊപ്പമുണ്ടായിരുന്ന മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളെ അതാത് സർക്കാരുകൾ വിമാനത്തിൽ കയറ്റി നാട്ടിലെത്തിച്ചിരുന്നു. ഇവർക്കും പ്രവേശനം കിട്ടുമെന്ന് കരുതി മലയാളി വിദ്യാർത്ഥികൾ കാത്തുനിന്നു. മിക്കവരും അവശരായിരുന്നു. പട്ടികയിൽ പേരില്ലെന്ന് പറഞ്ഞ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്‍റ് മാറ്റി നിർത്തിയത് 40 പേരെ. കേരളത്തിലേക്ക് സംസ്ഥാനസർക്കാർ ഏർപ്പാടാക്കിയ ചാർട്ടേഡ് വിമാനത്തിൽ ഇവരെ പ്രവേശിപ്പിച്ചില്ല. അവശരായി എത്തിയ കുട്ടികൾക്ക് താൽക്കാലിക താമസം ഒരുക്കാൻ കേരളാ ഹൗസിലേക്കും സൗകര്യമൊരുക്കിയില്ല. 

ഇതേത്തുടർന്നാണ് വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനെ സമീപിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് കേരളാ ഹൗസിനെയും റസിഡന്‍റ് കമ്മീഷണറെയും സമീപിച്ചപ്പോഴാണ് ഇവർക്ക് നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്. രക്ഷാദൗത്യത്തിന്‍റെ ഏഴാം ദിവസമാണെന്നും, പരമാവധിപ്പേരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണെന്നും കേരളാ ഹൗസ് അധിക‍ൃതർ വ്യക്തമാക്കി. ഹെൽപ് ഡസ്ക് പ്രവർത്തനം ഊർജിതമാണ്. കേരളാ ഹൗസിൽ എല്ലാവർക്കും താമസസൗകര്യമുണ്ട്. എല്ലാവരെയും സ്വീകരിക്കാൻ നടപടികളെടുത്തു. 

 ഏഴ് ദിവസം കൊണ്ട് 1650 വിദ്യാ‍ർത്ഥികളെയാണ് ചാർട്ടേഡ് വിമാനങ്ങളിൽ കയറ്റി നാട്ടിലെത്തിച്ചത്. ഇവരെ സഹായിക്കാൻ വോളണ്ടിയർമാരെ തയ്യാറാക്കിയിട്ടുണ്ട്. വളർത്തുമൃഗങ്ങളെ കൊണ്ട് എത്തുന്നവർ സ്വന്തം നിലയ്ക്ക് നാട്ടിലെത്തണം. അതിനുള്ള സൗകര്യമൊരുക്കുമെന്നും കേരളാ ഹൗസ് പിആർഒ സിനി കെ തോമസ് അറിയിച്ചു. 

വിദ്യാർത്ഥികൾ കുടുങ്ങിയതിനെതിരെ യൂത്ത് കോൺഗ്രസും മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നൽകിയിരുന്നു. 

click me!