പ്രതിപക്ഷ നേതാവുമായി കഴിഞ്ഞദിവസം സംസാരിച്ച് ചായകുടിച്ചാണ് പിരിഞ്ഞത്. അന്നൊന്നുമില്ലാത്ത നിലപാട് ഇപ്പോള് പ്രകോപിതനായി പറയാൻ കാരണം പാലക്കാട്ടെ പരാജയമാണ്- അൻവർ കുറ്റപ്പെടുത്തി.
പാലക്കാട്: തോൽവി മുൻകൂട്ടി കണ്ടവന്റെ വിഭ്രാന്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണത്തിന് പിന്നിലുള്ളതെന്ന് പിവി അൻവർ എംഎൽഎ. ഇന്നലെ പാലക്കാട് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിന് ശേഷമാണ് വിഡി സതീശന് ഹാലിളകിയത്. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും ഡിസിസിയുടേയും തീരുമാനത്തിന് വിരുദ്ധമായി സതീശന്റെയും ഷാഫിയുടെയും വ്യക്തിപരമായ താല്പര്യത്തിന് വിധേയമായാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് കെട്ടിയിറക്കുന്നതെന്ന് പിവി അൻവർ ആരോപിച്ചു.
നേരത്തേ പാലക്കാട് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത് ഡോക്ടർ സരിനെയായിരുന്നു. ഷാഫി വടകരയിൽ എംപിയായതോടെ പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിനോട് നിശ്ചിച്ചത് കോൺഗ്രസ് നേതാക്കളായിരുന്നു. അവിടെ സ്ഥാനാർഥിയായി സരിനെ തീരുമാനിച്ചതുമായിരുന്നു. അതിൽനിന്നും പിൻവാങ്ങിയതുകൊണ്ടാണ് സരിൻ മറുകണ്ടം ചാടിയത്. ഇതിനെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധാരണ പ്രവർത്തകരടക്കം നൽകുക തങ്ങളുടെ വോട്ട് ബിജെപിക്ക് കൊടുത്തുകൊണ്ടായിരിക്കും. പാലക്കാട് ബിജെപി ജയിക്കാൻ പോവുകയാണ് എന്ന വികാരം പ്രതിപക്ഷ നേതാവിന് ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു.
കോൺഗ്രസിൽനിന്നു മാത്രമല്ല, സിപിഎമ്മിൽനിന്നും വോട്ടുകൾ ബിജെപി സ്ഥാനാർഥിക്ക് പോകും. പ്രതിപക്ഷ നേതാവുമായി കഴിഞ്ഞദിവസം സംസാരിച്ച് ചായകുടിച്ചാണ് പിരിഞ്ഞത്. അന്നൊന്നുമില്ലാത്ത നിലപാട് ഇപ്പോള് പ്രകോപിതനായി പറയാൻ കാരണം പാലക്കാട്ടെ പരാജയമാണ്. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം അൻവറിലേക്കും ഡിഎംകെയിലേക്കും ചാർത്തി സ്വന്തം തടിയൂരാനുള്ള ശ്രമമാണ് സതീശന്റെ പ്രകോപനത്തിന് പിന്നിൽ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാകാൻ തയാറായാൽ പിന്തുണക്കാം എന്നത് രാഷ്ട്രീയ തീരുമാനമാണ്. അത് പറയാൻ ആർക്കും അവകാശമുണ്ട്.
പാലക്കാട് തങ്ങൾ നൽകുന്ന പിന്തുണയ്ക്ക് പകരം ചേലക്കരയിൽ തിരിച്ചും പിന്തുണവേണമെന്നതും ന്യായമായ ആവശ്യമാണ്. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ പുലർത്തേണ്ട മാന്യമായ പ്രതികരണം പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീ അപക്വത കൊണ്ടുമാത്രമാണ്. അതിൽ നമുക്ക് അദ്ദേഹത്തോട് സഹതപിക്കാമെന്നു മാത്രം. കോൺഗ്രസിന്റെ തീരുമാനം പറയേണ്ടത് പ്രതിപക്ഷ നേതാവല്ലല്ലോ. അത് പറയേണ്ടത് കെ.സുധാകരനാണ്. അദ്ദേഹമാണ് പ്രസിഡണ്ട്. സുധാകരൻ പറഞ്ഞത് വാതിലടച്ചിട്ടില്ലെന്നുതന്നെയാണ്. അതാണ് പക്വതയുടെ ശബ്ദം. അതാണ് സതീശന് ഇല്ലാതെപോയതുമെന്ന് അൻവർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
undefined
പ്രിയങ്കാ ഗാന്ധിക്കുള്ള പിന്തുണ എന്നത് ഡിഎംകെയുടെ രാഷ്ട്രീയ തീരുമാനമാണ്. അത് വിശാലനായ പൊതു താൽപര്യത്തെ മുൻനിര്ത്തിയുള്ളതുമാണ്. അത് സതീശന് മനസ്സിലാകണമെന്നില്ല. കേരളത്തിൽ ഉയർന്നുവന്ന നിരവധി ജനകീയ പ്രശ്നങ്ങളിൽ ഈ പ്രതിപക്ഷ നേതാവിന്റെ നിലപാടുകളെന്താണ് ? ജപ്തി നടപടികൾ നിർത്തിവെക്കാൻ ബില്ല് കൊണ്ടുവന്നു.ആരുടെ ജപ്തിയാണ് അത് തടഞ്ഞത് ? ആശപുത്രികളിൽ ഇൻഷുറൻസ് ആനുകൂല്യങ്ങളോ മരുന്നുകളോ ലഭ്യമല്ല, റിദാൻബാസിൽ വിഷയത്തിൽ, അബ്ദുൽ സത്താർ തൂങ്ങിമരിച്ച ദുരന്തത്തിൽ, സിന്ദീപാനന്ദഗിരി ആശ്രമത്തിലെ ഇടപെടൽ, കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പളമുൾപ്പെടെയുള്ള കത്തുന്ന വിഷയങ്ങളിൽ ഈ പ്രതിപക്ഷ നേതാവ് എവിടെയാണ്.
ചേലക്കരയിൽ സുധീറിന്റെ സ്ഥാനാർഥിത്വത്തിൽ മാറ്റമില്ല. പാലക്കാടിന്റെ കാര്യം ഗൗരവമായി ബുധനാഴ് ചേരുന്ന കൺവൻഷനിൽ ആലോചിക്കും. പ്രിയങ്കാ ഗാന്ധിക്ക് കൊടുത്ത പിന്തുണയെന്നത് ഇന്ത്യാമുന്നണിയെ സഹായിക്കേണ്ട വിശാലമായ കടമയുടെ ഭാഗമാണ്. ഇതൊന്നും ആമാശയത്തിന്റെ വിഷയമല്ല, ആശയ വിഷയമാണ്. അത് ഇനിയും സംസാരിച്ചുകൊണ്ടേയിരക്കും. അത് ഏതെങ്കിലും തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല, അത് മനുഷ്യരുമായി ബന്ധപ്പെട്ടതാണ്- പിവി അൻവർ കുറിച്ചു.
Read More : ഷാഫി പറമ്പിൽ ശൈലി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം ഇനി വേണ്ടെന്ന് നിർദേശം