കുട്ടിയെ കാണാതായിട്ട് എട്ട് മണിക്കൂർ പിന്നിട്ടു. മഞ്ഞ സ്‌കൂട്ടറിൽ എത്തിയവർ കുട്ടിയെ എടുത്തുകൊണ്ടുപോയി എന്നാണ് കുട്ടിയുടെ സഹോദരന്‍റെ മൊഴി.
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോകൽ. തിരുവനന്തപുരം പേട്ട ഓള്‍ സെയിന്‍റ്സ് കോളേജിന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടു വയസുകാരി മകള്‍ മേരിയെ ആണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. മൂന്ന് സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ആണ് കാണാതായത്. മഞ്ഞ സ്‌കൂട്ടറിൽ എത്തിയവർ എടുത്തുകൊണ്ടുപോയി എന്നാണ് കുട്ടിയുടെ സഹോദരന്‍റെ മൊഴി.
അതീവ സുരക്ഷയുള്ള മേഖലയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകല്‍. തൊട്ടടുത്ത് വിമാനത്താവളവും ബ്രഹ്മോസുമുണ്ട്. പ്രധാന പാതയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് കുഞ്ഞിനെ കാണാതായത്. ചാക്കയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ സിസിടിവികളുണ്ട്. എന്നാല്‍ റോഡ് പണി നടക്കുന്നതിനാല്‍ പലതും പ്രവർത്തനക്ഷമം അല്ല.
തിരുവനന്തപുരത്ത് ഏറ്റവുമധികം അതിഥി തൊഴിലാളികളുള്ള സ്ഥലമാണിത്. മറ്റ് ജില്ലകളിലെ റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുകയാണ്. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതിർത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവിനാണ് അന്വേഷണ ചുമതല.
ഹൈദരാബാദ് സ്വദേശികളായ അമർദ്വീപ് - റമീനദേവി ദമ്പതികളുടെ മകളാണ് മേരി. തേനെടുക്കുന്ന ജോലി ചെയ്യുന്നവരാണ് ഇവർ. ഇവർക്ക് നാലു കുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. അതിനിടെയാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ കാണാതിരുന്നതോടെ മാതാപിതാക്കള്‍ പരിഭ്രാന്തരായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
ജനങ്ങളുടെ സഹകരണത്തോടെ ഊർജിത അന്വേഷണം നടക്കുന്നു എന്നാണ് സംഭവത്തെക്കുറിച്ച് ആന്റണി രാജു എംഎൽഎയുടെ പ്രതികരണം. മണിക്കൂറുകൾ പിന്നിട്ടിട്ടും ആശ്വാസകരമായ വാർത്തയൊന്നും തന്നെ കുഞ്ഞിന്റെ തിരോധാനം സംബന്ധിച്ച് ലഭിച്ചിട്ടില്ല. കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0471- 2743195 എന്ന നമ്പറില്‍ അറിയിക്കണം. കൺട്രോൾ റൂം നമ്പറായ 112ലും വിവരമറിയിക്കാം.
വിവരമറിയിക്കേണ്ട മറ്റ് നമ്പറുകള്‍
9497947107
9497960113
9497 980015