പി.പി.ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും, എതിർത്ത് കക്ഷി ചേരാൻ നവീൻ ബാബുവിന്റെ കുടുംബം

By Web TeamFirst Published Oct 30, 2024, 6:21 AM IST
Highlights

രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിലായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും അപേക്ഷ നൽകുക. നവീൻ ബാബുവിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരും. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ദിവ്യക്കെതിരെ സംഘടന നടപടി ഉണ്ടാകുമോ എന്ന് ഇന്ന് വ്യക്തമായേക്കും. 

വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം നാടകീയമായി ദിവ്യ പൊലീസിന് മുന്നിലെത്തിയത്. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.

Latest Videos

ദിവ്യക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ ശരിവെച്ചാണ് കോടതി ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ തളളിയത്. ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളഞ്ഞു. പൊതുപ്രവർത്തകയായ താൻ അഴിമതിക്ക് എതിരെ കർശന നിലപാട് എടുക്കുന്നയാളാണ്, തീർത്തും സദുദ്ദേശപരമായിരുന്നു അന്നത്തെ പ്രസംഗം, സമൂഹത്തിനു മുന്നിൽ ആ സന്ദേശം എത്തിക്കാനായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്, എന്ന വാദങ്ങൾ ഓരോന്നും കോടതി തള്ളിക്കളയുന്നുണ്ട്. ക്ഷണിക്കാത്ത സ്വകാര്യ ചടങ്ങിൽ വീഡിയോഗ്രാഫറുമായി എത്തുന്നതിന്റെ ലക്ഷ്യമെന്തെന്ന് മനസിലാവുന്നില്ലെന്ന് നിരീക്ഷിച്ച തലശ്ശേരി സെഷൻസ് കോടതി ജഡ്ജ് കെ ടി നിസാർ അഹമ്മദ് വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കണ്ടെത്തി. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ്. അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്.

ദിവ്യ അഴിക്കുള്ളില്‍; പുള്ളിക്കുന്ന് വനിതാ ജയിലിലെത്തിച്ചു, ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്‍റെ കുടുംബം

പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ ടി വി പ്രശാന്ത് എ ഡി എമ്മിനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന് ഒരു തെളിവും ഹാജരാക്കാൻ പ്രതിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഗംഗാധരൻ എന്ന മറ്റൊരു പരാതിക്കാരനെപ്പറ്റി ദിവ്യ പറയുന്നുണ്ട്. എന്നാൽ, ആ പരാതിയിൽ നവീൻ ബാബു അഴിമതി കാട്ടിയെന്ന ആരോപണമേ ഇല്ലെന്ന കുടുംബത്തിന്റെ വാദമാണ് കോടതി അംഗീകരിച്ചത്.

പ്രസംഗം ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചതല്ലെന്നും അതിനാൽ പ്രേരണാ കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു ദിവ്യയുടെ മറ്റൊരു വാദം. എന്നാൽ പ്രസംഗവും അതെ തുടർന്നുണ്ടായ സംഭവങ്ങളുമാണ് മണിക്കൂറുകൾക്കുള്ളിൽ നവീന്റെ ആത്മഹത്യക്ക് ഇടയാക്കിയതെന്ന വസ്തുത ചൂണ്ടിക്കാട്ടി ആ വാദവും കോടതി തള്ളിക്കളഞ്ഞു. 

 

 
 

click me!