പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിയില്‍ സര്‍ജറിയില്ല: രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് വിടുന്നു, സര്‍ക്കാരിന് നഷ്ടം

By Web Team  |  First Published Jul 17, 2022, 7:27 AM IST

സ്വകാര്യ ആശുപതികളും ഇഎസ്ഐ ആശുപത്രി അധികൃതരും തമ്മിലെ ഒത്തുകളിയാണ് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. 


തിരുവനന്തപുരം: അത്യാധുനിക ശസ്ത്രക്രിയാ സൗകര്യങ്ങൾ ഉണ്ടായിട്ടും രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയച്ച് തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രി. അത്യാഹിത വിഭാഗത്തിലെ വാതിലാണ് ശസ്ത്രക്രിയ നടക്കാതിരിക്കാന്‍ കാരണമെന്ന വിചിത്ര വാദമാണ് ആശുപത്രി സൂപ്രണ്ട് നല്‍കുന്നത്. എന്നാൽ സ്വകാര്യ ആശുപതികളും ഇഎസ്ഐ ആശുപത്രി അധികൃതരും തമ്മിലെ ഒത്തുകളിയാണ് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. 

നെയ്യാറ്റിന്‍കര അമരവിള ഷിബുവിന്‍റെ മകന് ദശവളര്‍ച്ചയെത്തുടര്‍ന്ന് ബുദ്ധിമുട്ടുകയായിരുന്നു.  പേരൂര്‍ക്കട സര്‍ക്കാര്‍ ഇഎസ്ഐ ആശുപത്രിയിലെ ‍ഇഎന്‍ടി ഡോക്ടറെയാണ് കാണിച്ചിരുന്നത്. അടിയന്തര ശസ്ത്രക്രിയ വേണ്ടിയിരുന്നു. ഡോക്ടര്‍ ഈ ശസ്ത്രക്രിയക്ക് വേണ്ടി മൂന്ന് തവണ തീയ്യതി നല്‍കി. മൂന്നാമത്തെ തവണയും സര്‍ജറി മുടങ്ങിയപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പോയി ശസ്ത്രക്രിയ ചെയ്തു. അവനിപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. 

Latest Videos

undefined

പേരൂര്‍ക്കട ഇഎസ്ഐ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി വരുന്ന രോഗികൾക്കെല്ലാം ഇപ്പോൾ ഷിബുവിന്‍റെ അവസ്ഥയാണ്. പരിശോധന ഇഎസ്ഐ ആശുപത്രിയിൽ, ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയിലും. ഇഎസ്ഐ വിഭാഗവുമായി ധാരണയുള്ള സ്വകാര്യ  ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ കൊടുക്കും. കോടികള്‍ മുടക്കി എല്ലാ അത്യാധുനിക സംവിധാനവും ഒരുക്കി ഡോക്ടര്‍മാരെയും നേഴ്സുമാരെയും നിയമിച്ച് ശസ്ത്രക്രിയ ചെയ്യാതെ രോഗികളെ ഇങ്ങിനെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടുന്നു. കോടികളാണ് ഇത് വഴി സര്‍ക്കാരിന് നഷ്ടമുണ്ടാകുന്നത്.

ഇഎന്‍ടി അടക്കമുള്ള ഡിപാര്‍ട്ടുമെന്‍റുകള്‍ മേജര്‍ സര്‍ജറി ചെയ്യാന്‍ ഒരുക്കമാണ്. എന്നാലിപ്പോള്‍ ഇവിടെ പ്രസവ ശസ്ത്രക്രിയ പോലും  നടക്കുന്നില്ല. നേഴ്സുമാരുടെ കുറവാണെന്നാണ് സൂപ്രണ്ട് പറയുന്നത്. എന്നാല്‍ നേരത്തെ ഇപ്പോഴുള്ളതില്‍ അഞ്ച് സ്റ്റാഫ് നേഴ്സുമാര്‍ കുറവുള്ളപ്പോഴും ഇവിടെ എല്ലാ ശസ്ത്രക്രിയകളും നടന്നിരുന്നു. പേരൂര്‍ക്കട ആശുപത്രിയിലെക്കാൾ  സ്റ്റാഫ് നേഴ്സ് കുറവുള്ള എറണാകുളം ഫറോഖ്  ഇഎസ്ഐ ആശുപത്രികളിൽ  ഇപ്പോഴും ശസ്ത്രക്രിയകള്‍ ഇഷ്ടം പോലെ നടക്കുന്നുണ്ട്.

click me!