'കാലിന്റെ ഉപ്പൂറ്റി രണ്ടുമില്ല, പുറത്തെ തൊലിയെല്ലാം പോയി, ടാറിലൂടെ വലിച്ചിഴച്ചോണ്ട് പോയതല്ലേ?' നൊമ്പരമായി മാതൻ

By Web Team  |  First Published Dec 16, 2024, 11:58 AM IST

തനിക്കെതിരെയുണ്ടായ ആക്രമണം മനപൂർവമെന്ന് മാനന്തവാടിയിൽ അതിക്രമത്തിനിരയായ മാതൻ ഏഷ്യാനെറ്റ് ന്യൂസിനോട്. 


കൽപറ്റ: തനിക്കെതിരെയുണ്ടായ ആക്രമണം മനപൂർവമെന്ന്  മാനന്തവാടിയിൽ അതിക്രമത്തിനിരയായ മാതൻ ഏഷ്യാനെറ്റ് ന്യൂസിനോട്. മാനന്തവാടിയിൽ വിനോദസഞ്ചാരത്തിനെത്തിയവർ തമ്മിലുണ്ടായ തർക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് മാതനെ കാറിന്‍ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അരക്കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തിൽ ​ഗുരുതരമായി പരിക്കേറ്റ മാതൻ മാനന്തവാടി ആശുപത്രിയിൽ ചികിത്സയിലാണ്. കൈയ്ക്കും കാലിനും പുറത്തും സാരമായി പരിക്കേറ്റെന്ന് മാതൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അരക്കിലോമീറ്ററോളം റോഡിൽ വലിച്ചിഴച്ചു. സംഘർഷം തടയാൻ പോയപ്പോഴാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്നും വാഹനം നിർത്താൻ പറഞ്ഞിട്ടും കാറിൽ ഉണ്ടായിരുന്നവർ തയ്യാറായില്ലെന്നും മാതൻ വെളിപ്പെടുത്തി. 

'കാലിന്‍റെ ഉപ്പൂറ്റി രണ്ടുമില്ല, പുറത്തെ തൊലിയെല്ലാം പോയി. കാറിന്‍റെ ഡോറിന്‍റെ ഇടയില്‍പെട്ട് കൈയും പോയി. ടാറിലൂടെ വലിച്ചോണ്ട് പോയതല്ലേ? നിര്‍ത്താന്‍ പറഞ്ഞിട്ടും അവര്‍ നിര്‍ത്തിയില്ല, അവര് ചൊറയൊണ്ടാക്കീട്ട് ഇങ്ങോട്ട് വന്നതാ. എന്താ പറ്റിയതെന്ന് ചോദിക്കാന്‍ വേണ്ടി പോയതാ, എന്നിട്ട് ചോദിച്ചുമില്ല. അപ്പോഴത്തേക്കും ഡോറ് കൂട്ടി അടച്ചു. എന്നിട്ടെന്നെ വലിച്ചോണ്ട് പോയി. അവര് മനപൂര്‍വം ചെയ്തേച്ച് പോയതാ.' ശരീരത്തെ തൊലിയടര്‍ന്ന ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാതന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

Latest Videos

മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിൽ ആണ് വാക്കുതർക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനോരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്. വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് .കെ എൽ 52 എച്ച് 8733 എന്ന കാറിൽ സഞ്ചരിച്ച 4 യുവാക്കളാണ് അക്രമം കാണിച്ചത്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ്  എന്ന ആളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

പട്ടികവർഗക്കാരനായ യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി  ഒ ആർ കേളു പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ  പൊലിസിന്  നിർദേശം നൽകിയിട്ടുണ്ട്. മാതന് ആവശ്യമായ ചികിൽസ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. 

undefined

മാനന്തവാടിയിൽ ആദിവാസി യുവാവിനെ ആക്രമിച്ച സംഭവം ശക്തമായി അപലപിച്ച് കെ രാധാകൃഷ്ണൻ എംപിയും രം​ഗത്തെത്തി. സമൂഹത്തിന്റെ മനോനിലയിൽ മാറ്റം വരേണ്ടതുണ്ടെന്നും നാട്ടിൽ നടക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും എംപി പറഞ്ഞു. അവശരെ ദ്രോഹിക്കുന്ന മനസ്സല്ല വേണ്ടത്, പൈസയുണ്ടെന്ന് കരുതി  എന്തും കാണിക്കാമെന്ന ധാരണ പാടില്ല. നടപടികൾ എടുക്കുമ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്.  കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും എംപി ആവശ്യപ്പെട്ടു.  

click me!