റോഡിലെ ഓട്ടോ സ്റ്റാൻഡ് മറുവശത്തേക്ക് മാറ്റും. മരിച്ചകുട്ടികളുടെ കുടുംബത്തിന് ധനസഹായം നൽകുന്നത് മുഖ്യമന്ത്രിയോട് ആലോചിച്ച് തീരുമാനിക്കും. റോഡ് വീണ്ടും ഉടൻ പരുക്കൻ ആക്കും. താത്കാലിക ഡിവൈഡർ ഉടൻ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട്: 4 വിദ്യാർത്ഥികളുടെ ജീവൻ എടുത്ത പനയമ്പാടത്തെ അപകടയിടത്ത് അടിയന്തര പരിഷ്കരണം നിർദേശിച്ചു ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. നിലവിലെ ഓട്ടോ സ്റ്റാൻഡ് മറുവശത്തേക്ക് മാറ്റിയും റോഡിൽ ഡിവൈഡർ ഒരുക്കിയും സുരക്ഷകൂട്ടുമെന്ന് മന്ത്രി പറഞ്ഞു. റോഡ് നവീകരണം നടത്താൻ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും നിരസിച്ചാൽ, സംസ്ഥാനം തന്നെ ചെയ്യുമെന്നും കെബി ഗണേഷ് കുമാർ കരിമ്പയിൽ പറഞ്ഞു.
പനയമ്പാടത്തു എത്തിയ ഗതാഗത മന്ത്രി നാട്ടുകാരുടെ പരിഭവം കേട്ടു. റോഡിലെ അപകടക്കെണി മനസ്സിലാക്കാൻ ഔദ്യോഗിക വാഹനം സ്വന്തം നിലക്ക് ഓടിച്ചു നോക്കി. അപകടത്തിൽ മരിച്ച കുട്ടികളുടെ വീടും മന്ത്രി സന്ദർശിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ചു ധനസഹായം നൽകുന്നതിൽ തീരുമാനം ഉണ്ടാകുമെന്നും ഗതാഗത മന്ത്രി കരിമ്പയിൽ പറഞ്ഞു. സമീപത്തെ കോൺഗ്രസ് സമരപന്തലിലും ഗണേഷ് കുമാർ പോയി. അപകടം ഒഴിവാക്കാൻ റോഡിന്റെ പ്രതലം പരുക്കൻ ആക്കുന്നത് ഉൾപ്പെടെ അടിയന്തര ഇടപെടൽ ഉറപ്പ് നൽകി. മന്ത്രിയുടെ ഉറപ്പിൽ കോൺഗ്രസ് സമരം അവസാനിപ്പിച്ചു. രാവിലെ യൂത്ത് ലീഗ് കോഴിക്കോട് - പാലക്കാട് ദേശീയ പാത ഉപരോധിച്ചിരുന്നു. പൊലീസ് സമരക്കാരെ അറസറ്റ് ചെയ്താണ് നീക്കിയത്. ജില്ല ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ സംയുക്ത സുരക്ഷ പരിശോധന പൂർത്തിയാക്കി.
അതിനിടെ, നാലു കുട്ടികളുടെ ജീവനെടുത്ത അപകടത്തിൽ രണ്ട് ലോറികളുടെയും ഡ്രൈവർമാർക്കെതിരെ കല്ലടിക്കോട് പോലീസ് കേസ് എടുത്തു. കുട്ടികളുടെ ശരീരത്തിൽ പതിച്ച സിമൻറ് ലോറിയിൽ വന്നിടിച്ച ലോറിയുടെ ഡ്രൈവർ വഴിക്കടവ് സ്വദേശി പ്രജീഷി നെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് എഫ്ഐആർ. തന്റെ ഭാഗത്ത് പിഴവുണ്ടായതായി പൊലീസിനോട് പ്രജീഷ് സമ്മതിച്ചതായും വിവരമുണ്ട്. സിമൻ്റ് ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെതിരെയും കേസുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8