എല്ലാ കെഎസ്ആര്‍ടിസി ബസും എസിയാക്കും, എല്ലാ ബസിലും കാമറ, ഒന്നാം തീയതി തന്നെ ശമ്പളം, വമ്പൻ പദ്ധതികളെന്ന് മന്ത്രി

By Web Team  |  First Published Dec 14, 2024, 4:58 PM IST

മികച്ച സൗകര്യങ്ങൾ ശുചിത്വം, ഭക്ഷണം എന്നിവ പ്രധാനമാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം എല്ലാ വാഹനങ്ങളിലും ക്യാമറകൾ ഘടിപ്പിക്കും. 


പാലക്കാട്: കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി  കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിനായി കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

പുതുതായി ആരംഭിക്കുന്ന മൂന്ന് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം  സർവീസുകളിൽ ഒന്ന് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് കോഴിക്കോട് സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് ആരംഭിക്കും. പുതിയ ട്രാവൽ കൾച്ചർ രൂപീകരിക്കുന്നതിന് ഭാഗമായി കേരളത്തിലെ മുഴുവൻ ബസുകളും എസി ആക്കും. പാലക്കാട് നിന്നും ബാംഗ്ലൂർ മൈസൂർ ബസുകൾ ഉടൻ ഓടിത്തുടങ്ങും. ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കാട് നിന്ന് മൂന്നാർ കുമളി സർവീസ് ആരംഭിക്കും. 

Latest Videos

പാലക്കാട് നിന്നും മൂകാംബികയിലേക്ക് ആരംഭിച്ച മിന്നൽ സർവീസ് വലിയ ലാഭത്തിലാണ്. 'പുതിയ 35 എസി, സെമി സ്ലീപ്പർ ബസുകൾ പുറത്തിറക്കും. അതിൽനിന്ന് ഒരു വണ്ടി മൈസൂരിലേക്കും ഒരു വണ്ടി മദ്രാസിലേക്കും സർവീസ് നടത്തും. പാലക്കാട് നിന്ന് പഴനിയിലേക്ക് ഓടിയിരുന്ന സർവീസ് നിർത്തില്ല പകരം ലാഭകരമാകുന്ന പുതിയ സമയം ക്രമീകരിച്ച് സർവീസ് പുനരാരംഭിക്കും. സ്ത്രീകളും കുട്ടികളും കെഎസ്ആർടിസിയിൽ കയറാതെ കെഎസ്ആർടിസി രക്ഷപ്പെടില്ല. അതിന് മികച്ച സൗകര്യങ്ങൾ ശുചിത്വം, ഭക്ഷണം എന്നിവ പ്രധാനമാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം എല്ലാ വാഹനങ്ങളിലും ക്യാമറകൾ ഘടിപ്പിക്കും. 

ക്യാമറ കൺട്രോളുകൾ നേരിട്ട് കെഎസ്ആർടിസി ഹെഡ് കോർട്ടേഴ്സുകളിൽ ആയിരിക്കും. ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക ക്യാമറകൾ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിലാണ് 'പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് പുറകുവശത്തെ ഒഴിഞ്ഞ സ്ഥലത്ത് പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന പെട്രോൾ പമ്പ് സ്ഥാപിക്കും. ജീവനക്കാർക്ക് മികച്ച വിശ്രമ സൗകര്യം അനുവദിക്കാനാണ് തീരുമാനം. നല്ല വിശ്രമം ലഭിക്കുന്നത് അപകടങ്ങൾ കുറയ്ക്കും. കെഎസ്ആർടിസിയിലെ ടോയ്ലറ്റ് ഉടൻ ഉപയോഗയോഗ്യമാക്കും. 

undefined

കെഎസ്ആർടിസിയിലെ സിവിൽ വർക്കുകൾ ജീവനക്കാർ തന്നെ ചെയ്യുന്ന രീതിയിലാക്കും. ഇത് ടെൻഡർ നടപടികളേക്കാൾ കെഎസ്ആർടിസിക്ക് ലാഭകരമാണ്. സ്ഥലം എംഎൽഎ ആവശ്യപ്പെട്ടത് പരിഗണിച്ച് പാലക്കാട് മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. രോഗികൾക്ക് കൃത്യസമയത്ത് ആശുപത്രിയിൽ എത്തുന്ന രീതിയിൽ സമയം ക്രമീകരിച്ചാവും ഇവ നടപ്പിലാക്കുക. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്താനും ആലോചനയുണ്ട്. അടുത്ത രണ്ടുമൂന്നു മാസത്തിനകം എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകാനുള്ള ഏർപ്പാടുകൾ തുടങ്ങും. 

എല്ലാ പഠനങ്ങളും പറയുന്നത് കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം കൂട്ടണം എന്നാണ് ' കെഎസ്ആർടിസിയുടെ കടമുറികൾ വാടകയ്ക്ക് നൽകുന്നതിലൂടെ വരുമാനം ഉറപ്പാക്കും. പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡിലെ അനധികൃത വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. കെഎസ്ആർടിസിയിലെ വ്യാപാരസ്ഥാപനങ്ങൾക്ക് എല്ലാം ഏകീകൃത കരാർ വ്യവസ്ഥ നടപ്പാക്കും. കെഎസ്ആർടിസിയുടെ ബസുകളുടെ തകരാറുകൾ യഥാസമയം പരിഹരിച്ച് നൽകിയില്ലെങ്കിൽ മെക്കാനിക് വിഭാഗത്തിലെ ബന്ധപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാകും. 

കെഎസ്ആർടിസി ബസുകൾ കഴുകി വൃത്തിയാക്കുന്നത് പരിശോധിക്കാൻ സ്ഥിരം സംവിധാനം ഒരുക്കും. കെഎസ്ആർടിസിയിൽ ജീവനക്കാരുടെ  മദ്യപാന പരിശോധന ആരംഭിച്ചത് മുതൽ അപകട നിരക്ക് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.  പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബിനു മോൾ, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ പി എസ് പ്രമോദ് ശങ്കർ ഐ ഒ എഫ് എസ്, കെഎസ്ആർടിസി നോർത്ത് സോൺ സി ടി ഒ മനോജ് കുമാർ, അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ കെ സന്തോഷ്, രതീഷ് കുട്ടത്ത് എന്നിവർ സംസാരിച്ചു.

പാലക്കാട് മന്ത്രി കെബി ഗണേഷ്‍കുമാറിനുനേരെ മുൻ ജീവനക്കാരന്‍റെ പ്രതിഷേധം; വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്ന് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!