CITU : കടയ്ക്ക് മുന്നിൽ തൊഴിലാളി സംഘടനകളുടെ കുടിൽകെട്ടി സമരം, പൊറുതിമുട്ടി പേരാമ്പ്രയിലെ വ്യാപാരി

By Web TeamFirst Published Feb 16, 2022, 9:25 PM IST
Highlights

തൊഴിൽ കാർഡ് ഉണ്ടായിട്ടും സ്ഥാപനത്തിലെ തൊഴിലാളികളെ പ്രദേശത്തെ ചുമട്ടുതൊഴിലാളികൾ  ജോലിയെടുക്കാൻ അനുവദിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.

കോഴിക്കോട്: മാതമംഗലം മോഡൽ തൊഴിലാളി സംഘടനകളുടെ (Trade Unions) സമരത്തിൽ പൊറുതിമുട്ടി കോഴിക്കോട് പേരാമ്പ്രയിലെ വ്യാപാരിയും. കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന പ്രവാസിയുടെ കടയ്ക്ക് മുന്നിലാണ് സിഐടിയുവിന്റെ (CITU) നേതൃത്വത്തിൽ കുടിൽകെട്ടി സമരം നടക്കുന്നത്. തൊഴിൽ കാർഡ് ഉണ്ടായിട്ടും സ്ഥാപനത്തിലെ തൊഴിലാളികളെ പ്രദേശത്തെ ചുമട്ടുതൊഴിലാളികൾ  ജോലിയെടുക്കാൻ അനുവദിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.

2019 ലാണ് പ്രവാസിയായ ബിജു പേരാമ്പ്ര ചേനോളി റോഡിൽ സികെ മെറ്റീരിയൽസ് എന്ന കട തുടങ്ങുന്നത്. അന്ന് മുതൽ സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുമായി തർക്കമുണ്ട്. ഒരു മാസം മുൻപ് സ്ഥാപനത്തിലെ 6 പേർക്ക് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തൊഴിൽ കാർഡ് കിട്ടി. എന്നാൽ ഇവരെകൊണ്ട്  കയറ്റിറക്ക് ജോലി ചെയ്യിക്കാൻ അനുവദിക്കില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. കഴിഞ്ഞ ദിവസം പോലും കടയിലേക്ക് വന്ന ലോറി സമരക്കാർ തടഞ്ഞു. സാധനങ്ങൾ വാങ്ങാൻ വരുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും മൂന്ന് കോടി മുടക്കി തുടങ്ങിയ സ്ഥാപനം നഷ്ടത്തിലേക്ക് പോകുകയാണെന്നും  കടയുടമയുടെ പറയുന്നു. പൊലീസ് സുരക്ഷയിലാണ് ഇപ്പോൾ കട പ്രവർത്തിക്കുന്നത്. 

Latest Videos

മാതമംഗലത്ത് കട പൂട്ടിച്ച സിഐടിയു സമരത്തിൽ ഇടപെട്ട് തൊഴിൽവകുപ്പ്

എന്നാൽ കാലങ്ങളായി ചെയ്തുവരുന്ന തൊഴിൽ നഷ്ടപ്പെടുന്നത് അനുവദിക്കില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. സിഐടിയു, എസ് ടി യു , എച്ച് എം എസ് എന്നീ സംഘടനകളാണ് സമരമിരിക്കുന്നത്. വർഷങ്ങളായി തങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലി പെട്ടെന്ന് നഷ്ടപ്പെടുന്നത് അനുവദിക്കില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. 

 

വ്യവസായങ്ങൾ അടച്ചുപൂട്ടിക്കൽ സർക്കാർ നയമല്ലെന്ന് ശിവന്‍കുട്ടി; മാതമംഗലം വിഷയത്തിൽ 21 ന് ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും വ്യവസായങ്ങൾ അടപ്പിക്കുക സർക്കാർ നയമല്ലെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി (V Sivankutty). മാതമംഗലം (Mathamangalam) വിഷയം പരിഹരിക്കാനുള്ള ഉഭയകക്ഷി ചർച്ച ഈ മാസം 21 ന് നടക്കും. ലേബർ കമ്മീഷണർ എസ്. ചിത്ര ഐ എ എസിന്‍റെ നേതൃത്വത്തിലാണ് ചർച്ച. സ്ഥാപനമുടമയുമായും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തും.

വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടിയാണ് പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയത്. വാണിജ്യ - വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു. തൊഴിൽ പ്രശ്നങ്ങളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടുകയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിലാളി - തൊഴിലുടമ ബന്ധം ശക്തമാക്കാനുള്ള നടപടികളാണ് തൊഴിൽ വകുപ്പ് സ്വീകരിച്ചുവരുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്തെ തൊഴിലന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും മന്ത്രി വിശദീകരിച്ചു. 

click me!