തൂണേരി ഷിബിൻ കൊലക്കേസ്: ലീഗ് പ്രവർത്തകരായ 6 പ്രതികളും വിദേശത്ത് നിന്നെത്തി, പൊലീസ് കസ്റ്റഡിയിലെടുത്തു

By Web TeamFirst Published Oct 14, 2024, 8:41 PM IST
Highlights

നാദാപുരം തൂണേരിയിൽ 2015 ൽ ഷിബിൻ കൊല്ലപ്പെട്ട സംഭവത്തിൽ ലീഗ് പ്രവർത്തകരായ ആറ് പ്രതികൾ കീഴടങ്ങി

കൊച്ചി: നാദാപുരം തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരായ ഏഴ് പ്രതികള്‍ക്കുള്ള ശിക്ഷ ഹൈക്കോടതി നാളെ വിധിക്കാനിരിക്കെ ലീഗ് പ്രവർത്തകരായ ആറ് പ്രതികളും കീഴടങ്ങി. വിദേശത്ത് നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് നാളെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ഇവരെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളെ നാളെ ഹൈക്കോടതിയിൽ ഹാജരാക്കും. അതേസമയം കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായിൽ കീഴടങ്ങിയിട്ടില്ല. 

വിദേശത്തായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പ്രതികള്‍ക്കായി നാദാപുരം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. 2015 ജനുവരി 15 നായിരുന്നു നാദാപുരം തൂണേരിയില്‍ ഷിബിന്‍ കൊല്ലപ്പെട്ടത്. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ ഷിബിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

Latest Videos

click me!